റൂവിയിൽ രണ്ട് ഷോപ്പിങ് മാളുകൾകൂടി വരുന്നു
text_fieldsമസ്കത്ത്: ഒരുകാലത്ത് ഒമാനിലെ തിരക്കേറിയ നഗരമായിരുന്ന റൂവി വീണ്ടും പഴയ പ്രതാപം വീണ്ടെടുക്കാനൊരുങ്ങുന്നു. റൂവിയിൽ രണ്ട് ഷോപ്പിങ് മാളുകൾ കൂടി തുറക്കാൻ ഒരുങ്ങുകയാണ്. നിരവധി മറ്റു കെട്ടിട സമുച്ചയങ്ങളും പൂർത്തിയായി വരുന്നുണ്ട്.
ഇതോടെ നഗരത്തിന് കൂടുതൽ ഉണർവ് വെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒമാെൻറ വാണിജ്യ തലസ്ഥാനമായ റൂവിയിൽ ഒരു കാലത്ത് നിന്നുതിരിയാൻ ഇടമില്ലാത്തവിധം തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. പിന്നീട് ഒമാെൻറ മറ്റു ഭാഗങ്ങളിലേക്ക് നഗരങ്ങൾ വ്യാപിക്കാൻ തുടങ്ങിയതോടെയാണ് റൂവിയുടെ പ്രതാപത്തിന് മങ്ങലേറ്റത്. റൂവി നഗരത്തിലെ ഗതാഗതക്കുരുക്കും പാർക്കിങ് പ്രയാസങ്ങളും ജനത്തിരക്ക് കുറയാൻ കാരണമായി. മുൻകാലങ്ങളിൽ എല്ലാ വാണിജ്യ ആവശ്യങ്ങൾക്കും റൂവിയെ ആശ്രയിക്കേണ്ടതുണ്ടായിരുന്നു. ഇപ്പോൾ പുറത്തുനിന്ന് റൂവിയിലേക്കെത്തുന്നവർ പലരും സ്വർണം വാങ്ങാനെത്തുന്നവരാണ്.
റൂവിയുടെ ഹൃദയഭാഗത്തുതന്നെയാണ് രണ്ട് മാളുകളും ഉയരുന്നത്. നഗര മധ്യത്തിൽ മുസന്തം എക്സ്ചേഞ്ചിന് മുൻഭാഗത്തായി വൻ കെട്ടിട സമുച്ചയമാണ് പണി പൂർത്തിയായി വരുന്നത്. അവസാനവട്ട മിനുക്കുപണികൾ നടക്കുന്ന കെട്ടിട സമുച്ചയം അടുത്ത മാർച്ചോടെ പ്രവർത്തനമാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റൂവിയിലെ ഏറ്റവും വലിയ വാണിജ്യ കേന്ദ്രമായി മാറുന്ന ഇൗ കെട്ടിടം ഉദ്ഘാടനം പൂർത്തിയാവുന്നതോടെ വൻ തിരക്കാണ് പ്രതീക്ഷിക്കുന്നത്. റൂവി ടാക്സി സ്റ്റാൻഡിനോടനുബന്ധിച്ച് മറ്റൊരു ഷോപ്പിങ് മാൾ സമുച്ചയവും ഉയർന്നുവരുന്നുണ്ട്. അടുത്ത വർഷംതന്നെ ഇതും പ്രവർത്തനമാരംഭിക്കും.
റൂവിയിലെ ഏതാണ്ടെല്ലാ പഴയ കെട്ടിടങ്ങളും പൊളിച്ചുമാറ്റി നിരവധി പുതിയ കെട്ടിട സമുച്ചയങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. പഴയ കെട്ടിടങ്ങൾ പലതും ഒാർമയായി മാറിയിട്ടുണ്ട്. ഇനി ഏതാനും ചില പഴയ കെട്ടിടങ്ങൾ മാത്രമാണ് റൂവിയിലുള്ളത്. സുരക്ഷ കാരണങ്ങളാൽ കാലപ്പഴക്കം ചെന്ന പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റാൻ നഗരസഭ നിർദേശം നൽകുന്നുണ്ട്. ഇരു നില കെട്ടിടങ്ങൾക്ക് പകരം ഉയർന്നുവരുന്നത് എല്ലാ സൗകര്യങ്ങളോടും കൂടിയ ബഹുനില കെട്ടിടങ്ങളാണ്. മുൻകാലങ്ങളിൽ നിരവധി ഗല്ലികളും ആസ്ബസ്റ്റോസ് മേൽക്കൂരകളുള്ള കെട്ടിടങ്ങളും റൂവിയിലുണ്ടായിരുന്നു. ഇവയിൽ ബഹുഭൂരിപക്ഷവും പൊളിച്ചുമാറ്റുകയും പുതിയ ബഹുനില കെട്ടിടങ്ങൾ ഉയർന്നുവരുകയും ചെയ്തതോടെ റുവിയുടെ മുഖം പൂർണമായി മാറിക്കഴിഞ്ഞു.
പുതിയ കെട്ടിടങ്ങൾ ഉയർന്നുവരുന്നതോടെ റൂവിയിൽ തിരക്ക് വർധിക്കുമെങ്കിലും ഗതാഗതക്കുരുക്കും പാർക്കിങ് പ്രശ്നവും റൂവിക്ക് ശാപമാവുമെന്നാണ് വ്യാപാരികൾ പറയുന്നത്. അതിനാൽ, നിലവിലെ റൂവി നഗര റോഡിൽ കൂടുതൽ സൗകര്യങ്ങളുണ്ടാക്കി ഗതാഗാതക്കുരുക്ക് ഇല്ലാതാക്കണമെന്നാണ് ഇവരുടെ അഭിപ്രായം. പുതിയ പാർക്കിങ് സൗകര്യം ഉണ്ടാക്കുകയും റോഡിെൻറ വശങ്ങളിലെ പാർക്കിങ്ങുകൾ ഒഴിവാക്കുകയും ചെയ്താൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കഴിയുമെന്നും അവർ അഭിപ്രായപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.