വിവിധ പദ്ധതികൾ ഒരുങ്ങുന്നു; പച്ചപ്പണിയാൻ മസ്കത്ത്
text_fieldsമസ്കത്ത്: ഹരിത ഇടങ്ങൾ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിച്ച് മസ്കത്ത് ഗവർണറേറ്റ്. പരിസ്ഥിതി സുസ്ഥിരതക്കുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമായി 2.73 ദശലക്ഷം ചതുരശ്ര മീറ്റർ സ്ഥലങ്ങളിലാണ് ഹരിതാഭമാക്കിയിട്ടുള്ള്.
ഈ പ്രദേശത്ത് 19,565 ഈത്തപ്പനകളും, 51,831 വൈവിധ്യമാർന്ന മരങ്ങളും, 336,777 ചെടികളും , 84,205 ചതുരശ്ര മീറ്റർ സീസണൽ പൂക്കളും, 426,577 ചതുരശ്ര മീറ്റർ മണ്ണ് കവറുകളും ഉൾപ്പെടുന്നു. ഇത് താമസക്കാരുടെ ജീവിത നിലവാരം വർധിപ്പിക്കുകയും ഹരിത നഗര പരിസ്ഥിതി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
അടുത്തിടെ നടന്ന ഒമാനി കാർഷിക ദിനാഘോഷത്തിന്റെ ഭാഗമായി മസ്കത്ത് ഗവർണറേറ്റിന്റെ മുനിസിപ്പൽ മേഖല സുസ്ഥിരതക്കും ഹരിത ഇടം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സമർപ്പണത്തിന് ഊന്നൽ നൽകി നിരവധി പരിസ്ഥിതി സംരംഭങ്ങൾ ആരംഭിച്ചു. സസ്യങ്ങളെ സംരക്ഷിക്കുന്നതിനും മരുഭൂവൽക്കരണം തടയുന്നതിനും ഹരിത ഇടങ്ങൾ വിപുലീകരിക്കുന്നതിനും സമൂഹത്തെ പങ്കെടുപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ‘ഗ്രീൻ മസ്കത്ത്' സംരംഭത്തിന്റെ ഭാഗമാണിത്.
ഗ്രീൻ മസ്കത്ത് സംരംഭത്തിലൂടെ 10 ദശലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കാൻ പദ്ധതിയിടുകയും അതിന്റെ ആദ്യ ഘട്ടം സൂർ അൽ ഹദീദ് ബീച്ചിൽ മസ്കത്ത് ചാരിറ്റി ടീമിന്റെയും സീബ് ചാരിറ്റി ടീമിന്റെയും സഹകരണത്തോടെ തൈകൾ വിതരണം ചെയ്യുകയും ചെയ്തു. ഇതിന്റെ ഭാഗമായി മസ്കത്ത് ചാരിറ്റി ടീമിന്റെ സഹകരണത്തോടെ 2,000 തൈകൾ നട്ടുപിടിപ്പിച്ചു.
4,000 ത്തിലധികം തൈകൾ വിവിധ പ്രദേശങ്ങളിൽ വിതരണം ചെയ്യുകയും ചെയ്തു. പാരിസ്ഥിതിക അവബോധം വളർത്തുന്നതിനായി രൂപകൽപന ചെയ്ത ഈ കമ്മ്യൂണിറ്റി കേന്ദ്രീകൃത സമീപനത്തിൽ പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ, നഗരത്തിന്റെ ഹരിത ഇടങ്ങൾ പരിപാലിക്കുന്നതിൽ സജീവ പങ്കാളിത്തത്തെ പ്രോത്സാഹിപ്പിക്കുന്നു.
കഴിഞ്ഞ ദിവസം ഖുറിയാത്ത് ക്ലബിൽ ബസ്മത്ന ഗീർ ടീം 2,000 തൈകൾ വിതരണം ചെയ്തു. ഒമാനിലെ സുസ്ഥിര നഗരവികസനത്തിന് മസ്കത്ത് ഗവർണറേറ്റിനെ മാതൃകയാക്കാവുന്ന പദ്ധതിയാണ് ഗ്രീൻ മസ്കത്ത് സംരംഭം.
2.73 ദശലക്ഷത്തിലധികം ചതുരശ്ര മീറ്ററിൽ ഹരിത ഇടങ്ങളുള്ള മസ്കത്ത്, വായുവിന്റെ ഗുണനിലവാരവും ജൈവവൈവിധ്യവും വർധിപ്പിക്കുകയും നിവാസികൾക്ക് പ്രകൃതി ആസ്വദിക്കാനും വിനോദ പ്രവർത്തനങ്ങളിൽ ഏർപ്പെടാനും കഴിയുന്ന ഊർജ്ജസ്വലമായ പ്രദേശങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു.
ഈ ശ്രമങ്ങളിലൂടെ, ഭാവി തലമുറകൾക്കായി ഹരിതവും ആരോഗ്യകരവും സുസ്ഥിരവുമായ നഗരം എന്ന കാഴ്ചപ്പാട് മസ്കത്ത് സാക്ഷാത്കരിക്കുകയാണ്. നടീൽ കാമ്പയനികൾക്കുപുറമേ, ഗവർണറേറ്റിലുടനീളം പരിസ്ഥിതി സൗഹൃദ പാർക്കുകളും നടപ്പാതകളും സൃഷ്ടിക്കുന്നതിനുള്ള ഒന്നിലധികം പദ്ധതികൾ മസ്കത്ത് മുനിസിപ്പാലിറ്റി ആവിഷ്കരിച്ചിട്ടുണ്ട്. ഖുറിയാത്തിലെ ഫിൻസ് ബീച്ച് പാർക്ക് ഉൾപ്പെടെയുള്ള പ്രധാന പുതിയ പദ്ധതികളിലൊന്നാണ്.
പൈതൃക വിനോദസഞ്ചാര മന്ത്രാലയവുമായി സഹകരിച്ച് വികസിപ്പിച്ച ഈ 7,000 ചതുരശ്ര മീറ്റർ പാർക്കിൽ ഹരിത പ്രദേശങ്ങൾ, കുട്ടികളുടെ കളിസ്ഥലം, പാർക്കിങ് സൗകര്യങ്ങളോടുകൂടിയ ക്യാമ്പിങ് വാഹനങ്ങൾക്കുള്ള ഇടങ്ങൾ, സ്മാർട്ട് ലൈറ്റിങ്, ആധുനിക ജലസേചന സംവിധാനം എന്നിവ ഉൾപ്പെടുന്നു.
6,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള അമീറാത്തിലെ അൽ നഹ്ദ സിറ്റി പാർക്കാണ് മറ്റൊന്ന്. ഈ പാർക്കിൽ നടപ്പാതകൾ, ഇരിപ്പിടങ്ങൾ, തണൽ പ്രദേശങ്ങൾ, കുട്ടികളുടെ കളിസ്ഥലം, ഒരു മിനി ഫുട്ബാൾ സ്റ്റേഡിയം എന്നിവ ഉൾപ്പെടുന്നു. സീബിലെ അൽ മാബില സൗത്ത് പാർക്ക് (സ്റ്റേജ് 8) ആണ് മറ്റൊരു പ്രധാന പദ്ധതി.
10,000 ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ഈ പാർക്കിൽ സൈക്കിൾ പാതകൾ, സ്പോർട്സ് ഏരിയകൾ, കുട്ടികളുടെ കളിസ്ഥലങ്ങൾ, ലാൻഡ്സ്കേപ്പ് ചെയ്ത പൂന്തോട്ടങ്ങൾ, വിപുലമായ ലൈറ്റിങ് എന്നിവയുൾപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.