ഈ റോഡുകൾ ഇനി അറിയപ്പെടുക മുൻ ഭരണാധികാരികളുടെ പേരിൽ
text_fieldsരാജ്യത്തെ റോഡുകളിലൊന്ന്
മസ്കത്ത്: രാജ്യത്തെ ദേശീയ, മെയിൻ റോഡുകൾ ഇനി മുൻഭണാധികാരികളുടെ പേരുകളിൽ അറിയപ്പെടും. ഇത് സംബന്ധിച്ച് സുൽത്താൻ ഹൈതം ബിൻ താരിഖാണ് നിർദേശങ്ങൾ നൽകിയത്. മസ്കത്ത് ഗവർണറേറ്റിലെ ബുർജ് അൽ സഹ്വ റൗണ്ട് എബൗട്ട് മുതൽ ബുറൈമി ഗവർണറേറ്റിലെ ഹഫീത് ബോർഡർ ക്രോസിങ് വരെ നീളുന്ന റോഡ് സുൽത്താൻ തുവൈനി ബിൻ സഈദ് റോഡ് എന്നാണ് അറിയപ്പെടുക. മസ്കത്ത്, ദാഖിലിയ, ദഹിറ, ബുറൈമി എന്നീ ഗവർണറേറ്റുകളെ ബന്ധിപ്പിക്കുന്ന റോഡിന് ഏകദേശം 388 കിലോമീറ്റർ ദൂരമാണുള്ളത്. ശർഖിയ എക്സ്പ്രസ് വേക്ക് സുൽത്താൻ തുർക്കി ബിൻ സഈദ് റോഡ് എന്നാണ് നൽകിയത്.
ദാഖിലിയ ഗവർണറേറ്റിലെ ബിദ്ബിദ് വിലായത്തിന്റെ ഇന്റസെക്ഷൻ മുതൽ തെക്കൻ ശർഖിയ ഗവർണറേറ്റിലെ സൂഖിന്റെ (മാർക്കറ്റ്) ട്രാഫിക് ലൈറ്റുകൾ വരെയാണ് ഈ റോഡുള്ളത്. ഏകദേശം 250 കിലോമീറ്റർ ദൂരംവരും. സുൽത്താൻ ഫൈസൽ ബിൻ തുർക്കി റോഡ് എന്ന പേരിലായിരിക്കും മുസന്ദം ഗവർണറേറ്റിൽ നിർമാണം പുരോഗമിക്കുന്ന ഖസബ്-ലിമ-ദിബ റോഡ് അറിപ്പെടുക. 72 കിലോമീറ്റർദൂരമാണ് ഈ റോഡിനുള്ളത്.
തെക്കൻ ബാത്തിന ഗവർണറേറ്റിലെ ഹൽബാൻ ഇന്റസെക്ഷൻ മുതൽ വടക്കൻ ബാത്തിന ഗവർണറേറ്റിലെ ഖത്മത് മിലാഹ ഇന്റർസെക്ഷൻവരെയുള്ള 244 കിലോമീറ്റർദൂരമുള്ള ബാത്തിന കോസ്റ്റൽ റോഡിന് സുൽത്താൻ തൈമൂർ ബിൻ ഫൈസൽ റോഡ് എന്നുമാണ് പേര് നൽകിയത്.
സുൽത്താൻ സഈദ് ബിൻ തൈമൂർ റോഡ് എന്നപേരിലാണ് ദാഖിലിയ ഗവർണറേറ്റിലെ നിസ്വ ഇന്റർസെക്ഷൻമുതൽ ദോഫാർ ഗവർണറേറ്റിലെ സലാലയിലെ അൽ സാദ റൗണ്ട്എബൗട്ട് വരെ നീളുന്ന നിസ് വ-സലാല റോഡ് അറിയപ്പെടുക. ഏകദേശം 857 കിലോമീറ്റർ ആണ് ഇതിന്റെ ദൂരം. മസ്കത്ത് ഗവർണറേറ്റിലെ അൽ ഖുറം ഇന്റർസെക്ഷൻ മുതൽ വടക്കൻ ബാത്തിന ഗവർണറേറ്റിലെ ഖത്മത് മിലാഹ ബോർഡർ ക്രോസിങ് വരെ നീളുന്ന മസ്കത്ത്- ബത്തിന റോഡിന് (ഏകദേശം 300 കിലോമീറ്റർ) സുൽത്താൻ ഖാബൂസ് റോഡ് എന്നും നാമകരണം ചെയ്യണമെന്ന് സുൽത്താന്റെ നിർദേശത്തിൽ പറയുന്നു.
സുൽത്താനേറ്റിലെ ദേശീയ, മെയിൻ റോഡുകളുടെ പേരുകൾ സംബന്ധിച്ച രാജകീയ നിർദേശങ്ങൾ, ഒമാന്റെ പുരാതന ചരിത്രവുമായി തലമുറകളെ ബന്ധിപ്പിക്കാനും ജനങ്ങളുടെ മനസ്സിൽ ഈ ചരിത്രം പുനരുജ്ജീവിപ്പിക്കാനുമുള്ള സുൽത്താന്റെ താൽപര്യത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രി എൻജിനീയർ സഈദ ഹമൂദ് അൽ മാവാലി പറഞ്ഞു.
പ്രധാന റോഡുകളുടെ ഈ പേരുകൾ സംബന്ധിച്ച രാജാവിന്റെ നിർദേശങ്ങൾക്ക് ദേശീയ, സാംസ്കാരിക, നാഗരിക മാനങ്ങളുണ്ടെന്ന് അദ്ദേഹം ഒമാൻ ന്യൂസ് ഏജൻസിയോട് പറഞ്ഞു. ഭരണത്തിന്റെ തുടക്കംമുതൽ റോഡ് ശൃംഖല നവീകരിക്കുന്നതിലും വികസിപ്പിക്കുന്നതിലും സുൽത്താൻ വളരെയധികം ശ്രദ്ധ ചെലുത്തിയിട്ടുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.