കപ്പലുകള്‍ നങ്കൂരമിടുന്നതും കാത്ത് ഇവർ....
text_fieldsമത്ര: കാലത്തിെൻറ കുത്തൊഴുക്കില്‍ മത്ര സൂഖിലൂടെ ഒത്തിരി വാദികള്‍ ഒഴുകിപ്പരന്നിട്ടുണ്ട്. പ്രളയവും പേമാരിയും അനുബന്ധമായി വാദിയും ഒരുപാട് കണ്ടെങ്കിലും പ്രൗഢി മങ്ങാതെ ഇന്നും മത്ര തലയുയര്‍ത്തി നില്ക്കുന്നു. ഒമാെൻറ പൗരാണിക തുറമുഖ നഗരമായ മത്രയിലെ പോര്‍ട്ട് ലോകത്തിലെ പ്രകൃതിദത്ത തുറമുഖങ്ങളിലൊന്നാണ്. വിദേശ വിനോദ സഞ്ചാരികൾ ധാരാളമായി എത്താറുള്ള ഇവിടെ കോവിഡിനെ തുടർന്നുണ്ടായ അടച്ചിടല്‍ മൂലം സഞ്ചാരികളുമായി കപ്പലുകള്‍ അടുത്തിട്ട് രണ്ടു വര്‍ഷമായി.
പുതിയ തണുപ്പ് സീസൺ ആകുന്നതോടെ മത്ര കോര്‍ണീഷില്‍ കപ്പലുകള്‍ നങ്കൂരമിടുന്നതും കണ്ണുംനട്ടിരിക്കുന്നവര്‍ നിരവധിയാണ്. ടൂറിസ്റ്റുകളെ മാത്രം ആശ്രയിച്ച് കച്ചവടരംഗത്തുള്ള കരകൗശല വ്യാപാരികൾ, ടാക്സിക്കാർ, ടൂര്‍ ഓപറേറ്റർമാർ തുടങ്ങിയവർ കപ്പലിനെ വരവേൽക്കാനുള്ള കാത്തിരിപ്പിലാണ്. സുഖ് ദലാം, പോര്ബമ്പ, ഭാഗങ്ങളിലുള്ള പൗരാണിക പ്രൗഢിയുള്ള സൂഖുകള്‍ അണിഞ്ഞൊരുങ്ങി സഞ്ചാരികളെ മാടിവിളിക്കാൻ സജ്ജമായി. കോവിഡും വാദിയും നീങ്ങിയ പ്രതീക്ഷയിലാണ് എല്ലാവരും.
ടൂറിസ്റ്റുകള്‍ എത്തിത്തുടങ്ങിയാല്‍ സൂഖ് സജീവമാകാന്‍ അധികസമയം വേണ്ട. വിദേശത്ത് നിന്നും ഒമാനിലേക്ക് വരുന്ന സന്ദര്‍ശകര്‍ക്ക് മത്ര കാണാതെയുള്ള മടക്കം അപൂർണമാണ്. സ്വദേശികള്‍ക്ക് ഇഷ്ടമുള്ള സാധനങ്ങള്‍ നോക്കിനടന്ന് വിലപേശി വാങ്ങാന്‍ പ്രഥമ ചോയ്സ് ഇപ്പോഴും മത്ര സൂഖ് തന്നെയാണ്. ഒമാനി പാത്രങ്ങള്‍, മസാലക്കൂട്ടുകള്‍, പാചകവസ്തുക്കള്‍, ഗൃഹോപകരണങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍, ഹുക്ക വലിക്കുന്ന പൈപ്പുകള്‍, ഷീഷക്ക് വേണ്ടുന്ന ചേരുവകള്‍ തുടങ്ങി ഒമാനികളുടെ നിത്യ ജീവിതത്തിനു വേണ്ടത് ഈ പൗരാണിക സൂഖില്‍ ലഭ്യമാണ്.
വസ്ത്രങ്ങൾ, കളിക്കോപ്പുകള്‍, പെര്‍ഫ്യൂമുകള്‍ തുടങ്ങിയ പലതിെൻറയും മൊത്ത വിതരണകേന്ദ്രവും മത്രയിലാണ്. സ്വര്‍ണം, വെള്ളി ആഭരണങ്ങളുടെ ഗോള്‍ഡ് സൂഖും മത്രയുടെ പ്രത്യേകതയാണ്. പഴയ മ്യൂസിയങ്ങൾ, മത്സ്യച്ചന്ത, വിശാലവും മനോഹരവുമായ കോര്‍ണീഷ്, നടപ്പാത, റിയാം പാര്‍ക്കുമാണ് ഇവിടേക്ക് ആളുകളെ മാടിവിളിക്കുന്നത്. നവംബര്‍ മുതൽ മേയ് വരെയാണ് മത്രയിലേക്ക് ടൂറിസ്റ്റുകളുമായി ക്രൂയിസുകള്‍ എത്താറുള്ളത്. ഇപ്പോള്‍ വിമാന മാര്‍ഗമുള്ള സഞ്ചാരികള്‍ എത്തിയത് ആശാവഹമാണെങ്കിലും കപ്പലുകളുടെ വരവിന് കാത്തിരിക്കുകയാണ് മത്രക്കാര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.