ഇത് 'മൈന'സ് മാർക്ക്; നാടൻ പക്ഷികളെ 'കാക്ക'ണം
text_fieldsമസ്കത്ത്: നാട്ടിൽ അൽപം 'ചട്ടമ്പിത്തര'മൊക്കെ കാണിക്കുന്ന ആളുകളൊക്കെ ഗൾഫിലെത്തുമ്പോൾ മര്യാദക്കാരാകും. പക്ഷേ, കാക്കകളും മൈനകളുമൊന്നും അങ്ങനെയല്ല കേട്ടോ. ഒമാനിൽ അവരുണ്ടാക്കുന്ന പുകിൽ അത്ര ചെറുതല്ല.
ഇവിടത്തെ പ്രാദേശിക/ദേശാടനപ്പക്ഷികൾക്കും പരിസ്ഥിതിക്കും ഇവർ വരുത്തുന്ന തലവേദന ചില്ലറയല്ലെന്നാണ് പരിസ്ഥിതി അതോറിറ്റി പറയുന്നത്. ദോഫാർ ഗവർണറേറ്റിലെ ഖോർ സലാല നേച്വർ റിസർവിൽ അതോറിറ്റി നടത്തിയ പഠനത്തിൽ അധിനിവേശകരായ കാക്കയും മൈനയും വർധിച്ചതോടെ പ്രാദേശിക/ദേശാടനപ്പക്ഷികളുടെ എണ്ണത്തിൽ കുറവ് വന്നു. അതോറിറ്റിക്കു കീഴിലുള്ള എൻവയൺമെന്‍റൽ കൺസർവേഷൻ ഓഫിസിന്‍റെ ആഭിമുഖ്യത്തിലാണ് പഠനം നടന്നത്. രാജ്യത്തെ ചതുപ്പുനില ജീവികളെ സംരക്ഷിക്കുന്നതിനുള്ള ഖോർ സലാല നേച്വർ റിസർവിലെ ജീവികൾ നേരിടുന്ന ഭീഷണികൾ കണ്ടെത്താനായിരുന്നു പഠനം. മറ്റു പക്ഷികളുടെ മുട്ടകളും മറ്റും മൈന നശിപ്പിക്കുന്നത് ഭീഷണിയാകുന്നുണ്ട്. ഒമാനിൽ ഏകദേശം 1,60,000 മൈനകളുണ്ടെന്നാണ് കണക്കാക്കുന്നത്.
കാർഷിക മേഖലയിലും ഇവ വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടാക്കുന്നത്. ധാന്യങ്ങളും മുന്തിരി, ആപ്രിക്കോട്ട്, പിയേഴ്സ് തുടങ്ങിയ പഴവർഗങ്ങളുമാണ് ഇവ നശിപ്പിക്കുന്നത്. സലാലയിലെ ചില വിലായത്തുകളിൽ ഇവ വല്ലാതെ വർധിച്ചിട്ടുണ്ട്.
ഗവർണറേറ്റിൽ താഖ, മിർബാത്ത് വിലായത്തുകളെ അപേക്ഷിച്ച് സലാലയിലെ തോട്ടങ്ങളിലും പൊതുപാർക്കുകളിലും 80 ശതമാനം കൂടുതലാണ് മൈനകൾ. താഖയിൽ 12 ശതമാനവും മിർബാത്തിലും മറ്റു ഭാഗങ്ങളിലും എട്ടു ശതമാനവുമാണ് മൈനകൾ. മൈനകളും കാക്കകളുമുണ്ടാക്കുന്ന ശല്യം വർധിച്ചതോടെ പ്രശ്നങ്ങൾക്ക് പരിഹാരം തേടി പരിസ്ഥിതി അതോറിറ്റി ഇടക്കിടെ യോഗം ചേരാറുണ്ട്. ഇവയുടെ വ്യാപനം നിയന്ത്രിക്കുന്നതിനായി ഏപ്രിലിൽ അതോറിറ്റി ടീമിനെ രൂപവത്കരിച്ചിരുന്നു. പക്ഷികളുടെ വ്യാപനം തടയുന്നതിനുള്ള അന്താരാഷ്ട്ര വിദഗ്ധയായ സൂസന സാവേദ്രയുമായി അധികൃതർ ഇതുസംബന്ധിച്ച് കരാർ ഉണ്ടാക്കിയിട്ടുണ്ട്. അവരുടെ നേതൃത്വത്തിൽ മൈനകളെയും കാക്കകളെയും നിരീക്ഷിക്കാനുള്ള പരിപാടികൾ പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.