പഴമയുടെ പെരുമയുമായി ഖുറിയാത്തിലെ ഈ ഉപ്പളം
text_fieldsമസ്കത്ത്: പഴക്കം നിർണയിക്കാൻ പോലും കഴിയാത്ത ഒമാനിലെ ആദ്യത്തെ ഉപ്പളമാണ് ഖുറിയാത്ത് വിലായത്തിലെ ഖൗർ അൽ മിൽഹ്. ഇവിടെയുള്ള സംഭരണികളിലേക്ക് കടൽജലം എത്തുകയും അന്തരീക്ഷ താപം കാരണം ജലം ബാഷ്പമായി ഉപ്പ് രൂപപ്പെടുകയുമാണ് ചെയ്യുന്നത്. പുരാതന കാലം മുതൽ പരമ്പരാഗതമായി നിരവധി കുടുംബങ്ങൾ ഉപ്പ് ഉൽപാദനവുമായി ബന്ധപ്പെട്ട് ഇവിടെ ഉപജീവനം തേടുന്നുണ്ട്.
സഹോദരന്മാരായ ഉമർ ജുമാ അൽ ബലൂഷിയും ജാഫർ ജുമാ അൽ ബലൂഷിയും ഖൗർ അൽ മിൽഹിലെ ഉപ്പളങ്ങളുടെ നടത്തിപ്പുകാരായ പരമ്പരാഗത കുടുംബമാണ്.
12 വയസ്സു മുതൽ ഇവർ രണ്ടുപേരും ഇൗ മേഖലയിൽ ജോലി ചെയ്യുന്നുണ്ട്. ഒമാെൻറ വിവിധ ഭാഗങ്ങളിൽ ഉപ്പ് ഉൽപാദിപ്പിക്കുന്നുണ്ടെങ്കിലും ഖുറിയാത്തിലെ ഉപ്പ് പുരാതന കാലം മുതൽ തന്നെ പ്രകൃതിദത്തമായ തനത് ഉപ്പായാണ് അറിയപ്പെടുന്നത്. ഖൗർ അൽ മിൽഹിൽ പരമ്പരാഗത രീതി ഉപയോഗിച്ചാണ് ഇപ്പോഴും ഉപ്പ് ഉൽപാദിപ്പിക്കുന്നത്.
പരമ്പരാഗത രീതിയിലുള്ള മൃഗങ്ങളുടെ എല്ല് കൊണ്ടുണ്ടാക്കിയ ഉപകരണം കൊണ്ടാണ് ഉപ്പ് ശേഖരിക്കുന്നത്. ഉപ്പ് ശേഖരിച്ച ശേഷം ഉപ്പളങ്ങൾക്ക് അടുത്തുള്ള അൽ ബിന്ദ് എന്ന പേരിൽ അറിയപ്പെടുന്ന ഇടനാഴികളിൽ രണ്ട് ദിവസം ഉപ്പ് സൂക്ഷിക്കും. ഉപ്പിൽ ബാക്കിയുളള ജലം ഒഴുകിപ്പോകാൻ വേണ്ടിയാണിത്. ഉണങ്ങിക്കഴിഞ്ഞാൽ ഗവാനി എന്ന പേരിൽ അറിയപ്പെടുന്ന ചാക്കുകളിലാക്കി മാർക്കറ്റിൽ എത്തിക്കും.
മുൻകാലങ്ങളിൽ ഇൗന്തപ്പന ഒാലകൾകൊണ്ടുണ്ടാക്കിയ ഖഫീൽ എന്ന പേരിൽ അറിയപ്പെടുന്ന കുട്ടകളിലാണ് ഉപ്പ് പുറത്തേക്ക് കൊണ്ടുപോയിരുന്നത്. കഴുതപ്പുറത്താണ് അക്കാലത്ത് ഇവ വിവിധ മാർക്കറ്റുകളിൽ എത്തിച്ചിരുന്നത്. മുൻ കാലങ്ങളിൽ ഖുറിയാത്തിന് സമീപമുള്ള അൽ സിറ തുറമുഖത്തുനിന്ന് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലേക്ക് ഉപ്പുകയറ്റി അയച്ചിരുന്നു. ഒമാെൻറ വിവിധ ഭാഗങ്ങളിലുളള പരമ്പരാഗത മാർക്കറ്റുകളിലേക്കും മത്സ്യ മാർക്കറ്റുകളിലേക്കും ഇവിടെനിന്ന് ഉപ്പ് എത്തിച്ചിരുന്നു.
ഇേപ്പാൾ സാമൂഹിക മാധ്യമം ഉപയോഗപ്പെടുത്തിയാണ് ഉപ്പ് വിപണനം നടത്തുന്നത്. പ്രകൃതിദത്തമായ ഉപ്പ് ആയതിനാൽ ഇപ്പോൾ ആവശ്യക്കാൻ വർധിച്ചതായും ഉൽപാദകർ പറയുന്നു. ആരോഗ്യപരവും പ്രകൃതിദത്തവും രാസ വസ്തുക്കളോ മറ്റുള്ളവയോ ഉപയോഗിക്കാത്ത ഉപ്പ് ആയതുകൊണ്ടാണ് ഇപ്പോൾ ആവശ്യക്കാർ വർധിക്കുന്നത്.
നിലവിൽ പ്രകൃതിക്ഷോഭം അടക്കം നിരവധി വെല്ലുവിളികൾ പരമ്പരാഗത ഉപ്പ് നിർമാണ മേഖല നേരിടുന്നുണ്ട്. കടുത്ത ചൂട് മറ്റൊരു വെല്ലുവിളിയാണ്. കടുത്ത ചൂടിൽ ഇവിടെ കഴിച്ചുകൂട്ടുന്നത് വലിയ പ്രശ്നമാണ്. പ്രകൃതി ക്ഷോഭങ്ങളിൽ ഉപ്പളങ്ങളിൽ വെള്ളം കയറുന്നതും മറ്റൊരു വെല്ലുവിളിയാണ്.
ഇത്തരം വെള്ളം വറ്റിവരാൻ ചിലേപ്പാൾ മാസങ്ങൾ എടുക്കും. ചൂടു കാലത്ത് ബാഷ്പീകരണം പെെട്ടന്ന് നടക്കുമെങ്കിൽ സൂര്യാതപം നേരിട്ട് ശരീരത്തിൽ പതിക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും. ചൂടു കാലത്ത് ഉപ്പ് ഉൽപാദനം വർധിക്കും. ഒരു സംഭരണിയിൽനിന്ന് പത്തു മുതൽ 15 വരെ ദിവസംകൊണ്ട് 120 കിലോ വരെ ഉപ്പ് ഉൽപാദിപ്പിക്കാനാവും. ഒരു സഞ്ചി ഉപ്പിന് 1.200 റിയാൽ മുതൽ 1.600 വരെയാണ് വില. തണുപ്പുകാലത്ത് ഉൽപാദനം കുറയുന്നതിനാൽ വിലയും വർധിക്കും.
ഇത്രയും ഉപ്പ് ഉൽപാദിപ്പിക്കാൻ തണുപ്പ് കാലത്ത് 20 മുതൽ 25വരെ ദിവസം വേണ്ടിവരും. ഖൗർ അൽ മിൽഹ് നാല് ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ്. ഉപ്പ് ലഭിക്കുന്നത് രണ്ട് ചതുരശ്രകിലോമീറ്റർ വിസ്തൃതിയിലാണ്. ഇവയെല്ലാം പല കുടുംബങ്ങൾക്കും പരമ്പരാഗതമായി ലഭിച്ചവയാണ്.
ചെറിയ തളങ്ങളിലാണ് ഉപ്പ് ഉൽപാദിപ്പിക്കുന്നത്. ഇവയുടെ ഏകദേശ വിസ്തൃതി ഒന്നര മീറ്റർ നീളവും ഒന്നര മീറ്റർ വീതിയുമാണ്. ഒരു വ്യക്തിക്ക് ഇത്തരം 200 തളങ്ങളെങ്കിലും ഉണ്ടാവും. ഖുറിയാത്തിലെ ഉപ്പളം സന്ദർശിക്കാൻ നിരവധി സന്ദർശകരും ദിവസവും എത്താറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.