അധികാരമില്ലാതെ ലീഗിന് നിലനിൽപില്ലെന്ന് പറയുന്നവർ ചരിത്രം അറിയാത്തവർ -അഡ്വ. പി.എം.എ. സലാം
text_fieldsമസ്കത്ത്: അധികാരം ഇല്ലാതെ മുസ്ലിം ലീഗിന് നിലനിൽക്കാൻ കഴിയില്ല എന്ന് പറയുന്ന ആളുകൾ ചരിത്രം പഠിക്കാത്തവരാണെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.എം.എ. സലാം. മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മൂന്നു മേഖലകളിലായി നടന്ന ‘അഭിമാന സൗധത്തിനു മസ്കത്ത് കെ.എം.സി.സിയും’ എന്ന പരിപാടിയുടെ സമാപന സമ്മേളനം അൽഖൂദിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പത്തു കൊല്ലം ഉണ്ടായിരുന്ന കേന്ദ്രഭരണം നഷ്ടപ്പെട്ടു. ഓരോ അഞ്ചുകൊല്ലം കൂടുമ്പോഴും തിരിച്ചുകിട്ടുമായിരുന്ന കേരള ഭരണവും ഇത്തവണ കിട്ടിയില്ല. അധികാരം ഇല്ലാത്ത കാലത്താണ് കൂടുതൽ ശക്തമായി നിലനിൽക്കാൻ കഴിയുക എന്നത് ചരിത്രം സാക്ഷിയാക്കുന്ന കാര്യം കൂടിയാണ്. കാമ്പയിനിലൂടെ ഇത്തവണ മെംബർഷിപ് എടുത്തത് 25 ലക്ഷം ആളുകളാണ്. ലീഗിന് അധികാരവും ചെങ്കോലും ഉണ്ടായിരുന്ന കാലത്ത് 21 ലക്ഷം ആയിരുന്നു അംഗത്വം. മുസ്ലിം ലീഗ് നിലനിൽക്കുന്നത് അധികാരത്തിനു വേണ്ടിയല്ല. പാർട്ടി രൂപവത്കൃതമായി ഇരുപതുകൊല്ലക്കാലം അധികാരം ഉണ്ടായിരുന്നില്ല, എന്നുമാത്രമല്ല ഏതെങ്കിലും ഒരു കാലത്തു അധികാരത്തിൽ വരും എന്ന പ്രതീക്ഷ പോലും ഉണ്ടായിരുന്നില്ല. ആത്മാർഥതയുള്ള അണികളാണുള്ളതെന്നും അതുകൊണ്ടുതന്നെ രാഷ്ട്രീയ എതിരാളികൾ പോലും ലീഗിനെ ഇപ്പോഴും പുകഴ്ത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
രണ്ടു ദിവസങ്ങളിലായി ശർക്കിയ, ബാത്തിന, മസ്കത്ത് മേഖലകൾ തിരിച്ചു കൊണ്ടായിരുന്നു മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സംഗമം. ശർക്കിയ മേഖല സംഗമം നിസ്വയിലും ബാത്തിന മേഖല സംഗമം ഖാബൂറയിലും മസ്കത്ത് മേഖല സംഗമം അൽ ഖൂദിലും ആണ് നടന്നത്. സമാപന സമ്മേളനത്തിൽ മസ്കത്ത് കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് എ.കെ.കെ തങ്ങൾ അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ല മുസ്ലിം ലീഗ് സെക്രട്ടറി പി.എം.എ. ഷമീർ, മസ്കത്ത് കെ.എം.സി.സി ജനറൽ സെക്രട്ടറി റഹീം വറ്റല്ലൂർ, ഒമാൻ ചേംബർ ഓഫ് കോമേഴ്സ് അംഗം അബ്ദുൽ ലതീഫ് ഉപ്പള, മുഹമ്മദ് ബദർ അൽസമ, വിവിധ ഏരിയ സംഗമങ്ങളിലായി സംസ്ഥാന മുസ്ലിം ലീഗ് പ്രവർത്തക സമിതിയംഗങ്ങളായ സി.കെ.വി. യൂസഫ്, മുഹമ്മദ് മാസ്റ്റർ കൊടുവള്ളി, മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി ഭാരവാഹികളായ വാഹിദ് ബർക്ക, മുജീബ് കടലുണ്ടി, ഷാനവാസ് മൂവാറ്റുപുഴ, നൗഷാദ് കാക്കേരി, ഷമീർ പാറയിൽ, ഉസ്മാൻ പന്തല്ലൂർ, ഇബ്രാഹിം ഒറ്റപ്പാലം, പി.ടി.പി ഹാരിസ്, ഏരിയ പ്രതിനിധികളായ ഫൈസൽ മുണ്ടൂർ, ഹാരിസ് മേത്തല, അബ്ദുൽ ഹഖ്, റഊഫ് ആയിപ്പുഴ, അലി നാദാപുരം തുടങ്ങിയവർ സംസാരിച്ചു. മസ്കത്ത് കെ.എം.സി.സിക്കു കീഴിലുള്ള 33 ഏരിയ കമ്മിറ്റികളും പി.എം.എ. സലാമിൽ നിന്ന് പ്രശസ്തിപത്രം ഏറ്റുവാങ്ങി. പി.ടി.കെ. ഷമീർ സ്വാഗതവും അശ്റഫ് കിണവക്കൽ നന്ദിയും പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.