മൂന്നര പതിറ്റാണ്ടിെൻറ പ്രവാസം; അബ്ദുല്ല മടങ്ങുന്നു
text_fieldsമസ്കത്ത്: 36 വർഷത്തെ പ്രവാസജീവിതം പൂർത്തിയാക്കി കണ്ണൂർ വളപട്ടണം സ്വദേശി ടി.പി. അബ്ദുല്ല ജന്മനാട്ടിലേക്ക് മടങ്ങുന്നു. ഈ മാസം 15നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് മടക്കം.
സലാലയിലുള്ള ബുക്ക്ഷോപ്പിൽ ജോലിക്കായി 1985 ജൂൺ 26നാണ് അബ്ദുല്ല ഒമാനിൽ എത്തുന്നത്. മത്രയിൽനിന്നുള്ള ബിൻ കാസിം കമ്പനിയുടെ മിനിബസിലെ യാത്ര അബ്ദുല്ല ഇന്നും ഓർക്കുന്നു. സുഹൃത്തിെൻറ ബന്ധുവായ വടകര സ്വദേശി അബ്ദുൽ ഹമീദ് ആണ് ഒമാനിലേക്ക് വിസ നൽകുന്നത്. 1990 ജനുവരിയിൽ സലാലയിൽനിന്ന് റൂവി റെക്സ് റോഡിലുള്ള ഫാമിലി ബുക്ക്ഷോപ്പിലേക്ക് ജോലി മാറി. റൂവിയിൽ ജോലി കഴിഞ്ഞ് ഖാബൂസ് മസ്ജിദിെൻറ പരിസരത്തുള്ള ഒത്തുചേരൽ രസകരമായ ഓർമയാണെന്ന് അബ്ദുല്ല പറയുന്നു. ഫോണോ വാട്സാപ്പോ ഇല്ലാത്തതിനാൽ സുഹൃത്തുക്കളായിരുന്നു അന്ന് എല്ലാം. 1991ൽ വിവാഹിതനായി. അക്കൊല്ലം തന്നെ കുടുംബത്തെ ഒമാനിൽ െകാണ്ടുവന്നു. ഭാര്യ ഷമീമ എഴുത്തുകാരിയാണ്. ഫാമിലി ബുക്ക്സ്റ്റാളിൽ ജോലി ചെയ്തിരുന്ന സമയത്ത് ഒമാനിലെ പല ഉന്നത വ്യക്തിത്വങ്ങളെയും നേരിൽ കാണാൻ അവസരം ലഭിച്ചു. ഇന്നത്തെ ഒമാൻ ഭരണാധികാരിയായ സുൽത്താൻ ഹൈതം, മൈക്കിൾ ജാക്സൺ, സൗദി രാജകുമാരൻ, ജോർഡൻ രാജകുമാരൻ തുടങ്ങിയവരെല്ലാം ബുക്ക്സ്റ്റാൾ സന്ദർശിച്ചിട്ടുണ്ട്. അന്നത്തെ കല-സാംസ്കാരിക പ്രസ്ഥാനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു. നാടകമത്സരത്തിൽ സമ്മാനാർഹനായിട്ടുണ്ട്.
ഒമാനിലെ ഇന്ത്യക്കാരുടെ സാമൂഹിക പ്രശ്നങ്ങളിൽ ഇടപെട്ട് പരിഹാരം കാണുന്നതിൽ ശ്രദ്ധാലുവായിരുന്നു. വാഹനാപകടങ്ങളിൽ മരിച്ചവരുടെ അവകാശികൾക്കും പരിക്കേറ്റവർക്കും നഷ്ടപരിഹാരം ലഭിക്കാൻ ഇടപെടലുകൾ നടത്തിയിട്ടുണ്ട്.
വലിയ സുഹൃദ്ബന്ധമാണ് പ്രവാസത്തിലൂടെ ലഭിച്ച ഒരു അനുഗ്രഹമെന്ന് അബ്ദുല്ല പറയുന്നു. ധാരാളം എഴുത്തുകാരുമായി പരിചയപ്പെടാൻ അവസരം ലഭിച്ചു. അതൊക്കെ ഭാര്യ ഷമീമക്ക് എഴുതാൻ പ്രേരണയായി. ഷമീമയുടെ ആദ്യ കൃതി ഷാർജ പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തിരുന്നു. മകൾ റബീഅ അബ്ദുല്ലയും കലാരംഗത്ത് താൽപര്യമുള്ളയാളാണ്. ഗൾഫിൽ നാം ചെയ്യുന്ന കഠിനാധ്വാനം നാട്ടിൽ ചെയ്യാൻ തയാറുണ്ടെങ്കിൽ അവിടെ നന്നായി ജീവിക്കാമെന്ന പ്രതീക്ഷയോടെയാണ് അബ്ദുല്ല ഒമാനിൽനിന്ന് യാത്രയാവുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.