2087 പേർക്കുകൂടി കോവിഡ്; മൂന്നു മരണം
text_fieldsമസ്കത്ത്: ആശങ്ക ഉയർത്തി രാജ്യത്ത് കോവിഡ് കേസുകൾ മുകളിലോട്ടുതന്നെ. 72 മണിക്കൂറിനിടെ 2087 ആളുകൾക്ക് മഹാമാരി പിടിപെട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. മൂന്നു മരണവും റിപ്പോർട്ട് ചെയ്തു.
ബുധൻ-755, വെള്ളി-605, ശനി 727 എന്നിങ്ങനെയാണ് രോഗബാധിതരുടെ കണക്ക്. മൂന്നു ദിവസത്തിനിടെ 720 പേർക്ക് അസുഖം ഭേദമാകുകയും ചെയ്തു. ഇതുവരെ രാജ്യത്ത് 3,12,425 ആളുകൾക്കാണ് കോവിഡ് പിടിപെട്ടത്. 3,02,178 ആളുകൾക്ക് രോഗം ഭേദമായി. 96.7 ശതമാനമാണ് രോഗമുക്തി നിരക്ക്. 4122 ആളുകളാണ് ആകെ കോവിഡ് ബാധിച്ച് മരിച്ചത്.
24 മണിക്കൂറിനിടെ 25 പേരെകൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെ രാജ്യത്തിെൻറ വിവിധ ആശുപത്രികളിൽ കഴിയുന്നവരുടെ എണ്ണം 88 ആയി. ഇതിൽ 11 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.
പിടിതരാതെ കോവിഡ് കേസുകൾ ഉയരുന്നത് കാര്യങ്ങളെ സങ്കീർണമാക്കുമെന്നാണ് ആരോഗ്യമേഖലയിലുള്ളവർ കരുതുന്നത്. മരണങ്ങളും ആശുപത്രികളിൽ കഴിയുന്നവരുടെ എണ്ണവും ഉയരുന്നത് കരുതലോടെ അധികൃതർ വീക്ഷിക്കുന്നുണ്ട്. ഈ മാസം 13 വരെ മൂന്നുമരണം മാത്രമാണ് റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ, മൂന്നു ദിവസത്തിനിടെ കോവിഡിെൻറ പിടിയിലമർന്ന് മൂന്നു പേർക്കുകൂടി ജീവൻ നഷ്ടമായി. ഇതോടെ ഈ മാസം മരിച്ചവരുടെ എണ്ണം ആറായി.
ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും ദിനംപ്രതി വർധനയുണ്ട്. ആറുദിവസത്തിനിടെ 70ലധികം രോഗികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ 6125 ആളുകളാണ് അസുഖബാധിതരായി കഴിയുന്നത്. വാക്സിനെടുക്കാത്തവരിലാണ് കൂടുതൽ വൈറസ് ബാധയും അനുബന്ധരോഗങ്ങളും കണ്ടുവരുന്നതെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചിരുന്നു. ശ്വാസകോശസംബന്ധമായ അസുഖങ്ങളിലും വര്‍ധനയുണ്ട്. അസുഖബാധിതരില്‍ കൂടുതലും 5-12 വയസ്സുള്ള കുട്ടികളാണ്. കുട്ടികളുടെയും കുടുംബങ്ങളുടെയും സുരക്ഷ പരിഗണിച്ച് ഞായറാഴ്ച മുതൽ പ്രൈമറി ക്ലാസുകൾ ഓൺലൈൻ സംവിധാനത്തിലേക്കു നീങ്ങി. നാലാഴ്ചത്തേക്കാണ് ഓൺലൈൻ ക്ലാസ്.
കോവിഡിനെതിരെ ഊർജിതമായ പ്രതിരോധ പ്രവർത്തനങ്ങളാണ് നടക്കുന്നത്. മിക്ക ഗവർണറേറ്റുകളിലും സ്വദേശികൾക്കും വിദേശികൾക്കും സൗജന്യ ബൂസ്റ്റർ ഡോസ് നൽകിത്തുടങ്ങിട്ടുണ്ട്. മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും അധികൃതർ നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.