കാൽനടയാത്രയിലൂടെ സ്നേഹം പകർന്ന് മൂന്ന് ഒമാനികൾ
text_fieldsമസ്കത്ത്: സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശങ്ങൾ പകർന്ന് ജി.സി.സി.സി രാജ്യങ്ങളിലൂടെ കാൽനടയാത്ര നടത്തി മൂന്ന് ഒമാനികൾ. വടക്കൻ ശർഖിയയിലെ മുദൈബിയിൽനിന്നുള്ള അബ്ദുൽ റഹീം അബ്ദുല്ല അൽ റവാഹി, അബ്ദുല്ല സലിം അൽ റവാഹി, വടക്കൻ ബാത്തിനയിലെ സഹമിൽനിന്നുള്ള സലിം അബ്ദുല്ല അൽ സൈദി എന്നിവരാണ് തങ്ങളുടെ പൂർവികരുടെ പാരമ്പര്യം പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെ യാത്ര നടത്തിയത്. 2,000 കിലോമീറ്റർ താണ്ടിയാണ് ലക്ഷ്യം പൂർത്തീകരിച്ചത്.
56 ദിവസമെടുത്ത യാത്ര തെക്കൻ ബാത്തിനയിൽനിന്ന് ഒക്ടോബർ 21നാണ് ആരംഭിക്കുന്നതെന്ന് കുവൈത്തിലുള്ള അബ്ദുൽ റഹീം അറിയിച്ചു. പിന്നീട് എട്ട് ദിവസത്തെ യാത്രക്കുശേഷം ബുറൈമിയിലെത്തിയ സംഘത്തിന് ബുറൈമി ട്രാവലേഴ്സ് ടീം ഊഷ്മള വരവേൽപ്പാണ് നൽകിയത്. ഇവിടെനിന്ന് യാത്ര തിരിച്ച സംഘം 13 ദിവസത്തിനുശേഷം യുനൈറ്റഡ് അറബ് എമിറേറ്റ്സിലെത്തി.
അവിടെ അവർ നാട്ടുകാരുമായി ബന്ധപ്പെടുകയും ബാനി യാസിലെ ലെജൻഡ്സ് സ്പോർട്സ് അക്കാദമി പോലുള്ള സൈറ്റുകൾ സന്ദർശിക്കുകയും ചെയ്തു. പിന്നീട് സൗദി അറേബ്യയിലേക്ക് കടന്നു. മൂന്ന് ദിവസം കൊണ്ട് വിശാലമായ മരുഭൂമിയിലൂടെ ഖത്തറിലുമെത്തി. ഇവിടെ ഒമാന്റെ 54 ാമത് ദേശീയ ദിനാഘോഷത്തിൽ പങ്കെടുക്കുകയും പ്രാദേശിക വിപണികളും ലാൻഡ്മാർക്കുകളും പര്യവേക്ഷണം ചെയ്യുകയും ചെയ്തു.
തുടർന്ന് അഞ്ച് ദിവസമെടുത്ത് ബഹ്റൈനിലുമെത്തി. പുരാതന മാർക്കറ്റുകൾ, നാഷനൽ മ്യൂസിയം, മുഹറഖ് മാർക്കറ്റ് എന്നിവ ഉൾപ്പെടെയുള്ള പൈതൃക സ്ഥലങ്ങൾ ബഹറൈനിൽ സന്ദർശിച്ചു. ഡിസംബർ 15ന് കുവൈത്തിലാണ് തെക്കൻ ബാത്തിനയിൽനിന്ന് തുടങ്ങിയ യാത്ര അവസാനിക്കുന്നത്. കുവൈത്തിൽ നടക്കുന്ന ഗൾഫ് കപ്പിന്റെ ഉദ്ഘാടന മത്സരവേദിയായ ജാബർ അൽ അഹമ്മദ് സ്റ്റേഡിയവും സംഘം സന്ദർശിച്ചു.
ഗൾഫ് രാജ്യങ്ങളിൽ ഞങ്ങൾ ആസ്വദിക്കുന്ന സുരക്ഷയും അനുഗ്രഹങ്ങളെ അഭിനന്ദിക്കുകയും സമാധാനവും സ്നേഹവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു യാത്രയുടെ ലക്ഷ്യമെന്ന് അബ്ദുൽ റഹീം പറഞ്ഞു.
ഉൾപ്രദേശങ്ങളിലെ മോശം ഇന്റർനെറ്റ് കണക്റ്റിവിറ്റി, കഠിനമായ കാറ്റ്, തണുത്ത കാലാവസ്ഥ എന്നിവ ഉൾപ്പെടെ നിരവധി വെല്ലുവിളികൾ നേരിട്ടെങ്കിലും അതിനെയെല്ലാം ശാരീരികവും മാനസികവുമായി മറികടന്നുകൊണ്ടാണ് ഒമാനി സംഘം 2000 കിലോമീറ്റർ താണ്ടിയത്. ടിന്നിലടച്ച ഭക്ഷണപാനീയങ്ങളും ക്യാമ്പിങ് ഉപകരണങ്ങളുമായായിരുന്നു യാത്ര.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.