തൃക്കാക്കര തെരഞ്ഞെടുപ്പ്: പ്രവാസ ലോകത്തും പ്രചാരണം ഊർജിതം
text_fieldsമസ്കത്ത്: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ പരമാവധി വോട്ടുകൾ നേടുന്നതിെൻറ ഭാഗമായി പ്രവാസ ലോകത്തും പ്രചാരണങ്ങൾ ഊർജിതമാക്കി മുന്നണികൾ. പി.ടി. തോമസിന്റെ ആകസ്മിക നിര്യാണത്തെ തുടർന്ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം നിയമസഭയിലെ കക്ഷിനിലയെ സ്വാധീനിക്കുന്ന കാര്യമല്ല. എന്നാൽ, ഇരുമുന്നണികളുടേയും അഭിമാന പോരാട്ടമായി തൃക്കാക്കര മാറിയിരിക്കുന്നു. യു.ഡി.എഫ് അനുഭാവികളെ സംബന്ധിച്ച് അവരുടെ ഉറച്ച മണ്ഡലമായ തൃക്കാക്കര കൈവിട്ടു പോകുക എന്നത് ആലോചിക്കാൻ പോലുമാവില്ല. ഇടതു മുന്നണി സഹയാത്രികരെ സംബന്ധിച്ച് തൃക്കാക്കര കൂടി തിരിച്ചുപിടിച്ചു സെഞ്ച്വറി തികക്കുക എന്നതാണ് ലക്ഷ്യം.
ഒമാനിൽ വിഘടിച്ചുനിൽക്കുന്ന കോൺഗ്രസ് പോഷക സംഘടനകളിൽ ഒ.ഐ.സി.സി അഡ്‌ഹോക്ക് കമ്മിറ്റിയും പ്രിയദർശിനി കൾച്ചറൽ കോൺഗ്രസും യു.ഡി.എഫിനായി തെരഞ്ഞെടുപ്പ് കൺവെൻഷനുകൾ നടത്തി. നിരവധിപേർ പങ്കെടുത്ത പ്രിയദർശിനി കൾച്ചറൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് കൺവെൻഷൻ പ്രസിഡന്‍റ് റെജി കെ. തോമസ് ഉദ്‌ഘാടനം ചെയ്തു. വോട്ടെടുപ്പിൽ പങ്കെടുക്കാൻ വിമാന ടിക്കറ്റ് ഉൾെപ്പടെയുള്ള സഹായങ്ങൾ ചെയ്തു കൊടുക്കാനും കുടുംബ-വ്യക്തി ബന്ധങ്ങൾ ഉള്ള എല്ലാ എം.പി.സി.സി ഭാരവാഹികളും ആ വോട്ടുകൾ മുഴുവൻ യു.ഡിഎഫ് സ്ഥാനാർഥിയുടെ വിജയത്തിനായി ഉറപ്പാക്കുവാനും വേണ്ട പ്രവർത്തനങ്ങൾ ആരംഭിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ഒ.ഐ.സി.സി അഡ്‌ഹോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന തെരഞ്ഞെടുപ്പ് കൺവെൻഷൻ കെ.എം.സി.സി കേന്ദ്ര കമ്മിറ്റി സെക്രട്ടറി ഷാനവാസ് മൂവാറ്റുപുഴ ഉദ്‌ഘാടനം ചെയ്തു. നിലപാടുകളിൽ ഉറച്ചുനിന്ന് ജീവിതാവസാനംവരെ പോരാടിയ പി.ടി. തോമസിന് ലഭിച്ചതിനേക്കാൾ വലിയ ഭൂരിപക്ഷം ഉമാ തോമസിന് ലഭിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഷാനവാസ് മൂവാറ്റുപുഴ പറഞ്ഞു. അഡ്‌ഹോക്ക് കമ്മിറ്റി ചെയർമാൻ സജി ഔസേപ്പ്, എൻ. ഉമ്മൻ, ബിന്ദു പാലക്കൽ എന്നിവർ സംസാരിച്ചു. ഒ.ഐ.സി.സി സിദ്ദിഖ് ഹസ്സൻ വിഭാഗം തെരെഞ്ഞടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചിട്ടില്ല. എന്നാൽ, സിദ്ദിഖ് ഹസ്സൻ തൃക്കാക്കരയിൽ ക്യാമ്പ് ചെയ്തുകൊണ്ട് പ്രവർത്തനത്തിൽ സജീവമാണ്. രണ്ടാം പിണറായി സർക്കാർ ഒന്നാം വർഷം പൂർത്തിയാക്കുന്ന വേളയിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ അട്ടിമറി വിജയം നേടി നൂറു സീറ്റ് തികക്കുക എന്നതാണ് ഇടതുമുന്നണി അനുഭാവികൾ ലക്ഷ്യമിടുന്നത്. കൺവെൻഷനുകൾ നടത്താൻ നിലവിൽ ആലോചന ഇല്ലെങ്കിലും സമൂഹമാധ്യമങ്ങൾ വഴി പ്രവർത്തനം ഊർജിതമാണ്. ഗൾഫ് രാജ്യങ്ങളിലെ അനുഭാവികളെ ഏകോപിപ്പിച്ച് വാട്സ്ആപ് ഗ്രൂപ്പുകൾ രൂപവത്കരിച്ചിട്ടുണ്ട് . മണ്ഡലത്തിൽ വോട്ടുള്ള അനുഭാവികൾ ഇതുവരെ തങ്ങളെ സമീപിച്ചിട്ടില്ല എന്നും,അങ്ങനെ ഉള്ളവർ ഉണ്ടെങ്കിൽ വോട്ടെടുപ്പിൽ പങ്കെടുക്കാൻ പോകാനുള്ള എല്ലാ സഹായവും ചെയ്യുമെന്നും ഇടതു അനുകൂലികൾ പറയുന്നു.
സർക്കാറിന്റെ നേട്ടങ്ങൾ പരമാവധി ജനങ്ങളിൽ എത്തിക്കുക എന്നതും അതോടൊപ്പം മുഖ്യമന്ത്രിക്കെതിരെ കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ നടത്തിയ മോശം പരാമർശങ്ങൾ പരമാവധി മുതലാക്കുക എന്നതാണ് ഇടതുമുന്നണി ലക്ഷ്യമിടുന്നത്. രണ്ടാം പിണറായി സർക്കാറിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങൾ മാത്രം മതി ജോ ജോസെഫിന്റെ വിജയത്തിനെന്നു സജീവ സി.പി.എം അനുഭാവിയായ സന്തോഷ്‌കുമാർ പറഞ്ഞു.
വികസനമാണ് തൃക്കാക്കരയിൽ മുഴങ്ങി കേൾക്കുന്ന മുദ്രാവാക്യം എന്നും കോവിഡ് മൂലം ഇന്ത്യക്കു അകത്തു നിന്നും പുറത്തുനിന്നും പതിനേഴു ലക്ഷത്തോളം ആളുകൾ കേരളത്തിൽ മടങ്ങിയെത്തിയിട്ടുള്ളത്. അവരുടെ പുനരധിവാസത്തിൽ നിർണായക പങ്കുവഹിക്കുന്ന ഒന്നാണ് കെ റെയിൽ. 'കെ റെയിൽ' നിർണായകമാകുന്ന മണ്ഡലങ്ങളിൽ ഒന്നാണ് തൃക്കാക്കര, തീർച്ചയായും അവിടെ വിജയപ്രതീക്ഷ ഉണ്ടെന്നു കൈരളി ജനറൽ സെക്രട്ടറി കെ. ബാലകൃഷ്‌ണൻ പറഞ്ഞു. ഇടതുമുന്നണി ഇറക്കിയ പ്രത്യേക പ്രകടന പത്രിക, തൃക്കാക്കരയിൽ വ്യക്തിബന്ധങ്ങളും കുടുംബ ബന്ധങ്ങളും ഉള്ള പ്രവാസികൾക്കിടയിൽ സിയാദ് ഉണിച്ചിറയുടെ നേതൃത്വത്തിൽ വിതരണം ചെയ്യുന്നുണ്ട്. സാധാരണ പൊതു തെരഞ്ഞെടുപ്പിൽ സമൂഹമാധ്യമങ്ങൾ വഴിയും കുടുംബ കൂട്ടായ്മകൾ വഴിയും സജീവമാകാറുള്ള ബി.ജെ.പി തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ പ്രവാസലോകത്ത് സജീവമല്ല . തൃക്കാക്കര ബി.ജെ.പിയുടെ 'എ' ക്ലാസ് മണ്ഡലം അല്ല എന്നാണ് അനുഭാവികളെ സമീപിച്ചപ്പോൾ പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.