ടിക്കറ്റ് കിട്ടാനില്ല, ഒമാനിലേക്കുള്ള മടക്കയാത്രക്കാർ നെട്ടാേട്ടത്തിൽ
text_fieldsമസ്കത്ത്: അടുത്ത മാസം ഒന്നുമുതൽ ഒമാനിലേക്ക് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പ്രവേശനാനുമതി ലഭിച്ചെങ്കിലും കേരളത്തിൽ നിന്നുള്ളവർക്ക് വിമാന ടിക്കറ്റുകൾ കിട്ടാനില്ല. കിട്ടാനുള്ള ടിക്കറ്റുകൾക്ക് ഉയർന്ന നിരക്കാണ് വിമാന കമ്പനികൾ ഇൗടാക്കുന്നത്.
താരതമ്യേന നിരക്ക് കുറഞ്ഞ എയർ ഇന്ത്യ എക്സ്പ്രസിനുപോലും അടുത്ത മാസം വൺവേക്ക് 120 റിയാലിന് മുകളിലാണ് കുറഞ്ഞ നിരക്ക്. അതോടൊപ്പം സെപ്റ്റംബർ 13 വരെ എയർ ഇന്ത്യ എക്സ്പ്രസിൽ സീറ്റ് കിട്ടാനുമില്ല. കൊച്ചിയിൽനിന്ന് ആഴ്ചയിൽ മൂന്ന് സർവിസുകൾ നടത്തുന്ന ഒമാൻ എയറും കോഴിക്കോടുനിന്നും തിരുവനന്തപുരത്തുനിന്നും സർവിസ് നടത്തുന്ന സലാം എയറും ഉയർന്ന നിരക്കുകളാണ് ഇൗടാക്കുന്നത്. ഇവയിലൊന്നും ആദ്യ ആഴ്ചകളിൽ സീറ്റുമില്ല.
ഒമാൻ എയർ കൊച്ചിയിലേക്ക് സീറ്റുകൾ വർധിപ്പിക്കുകയാണെങ്കിൽ മാസാദ്യം മുതൽ സീറ്റുകൾ ലഭ്യമാവും. എന്നാലും ടിക്കറ്റ് നിരക്കുകൾ കുറയാൻ ഇടയില്ല.
ഇന്ത്യയിൽനിന്നുള്ള എല്ലാ സെക്ടറുകളിലെയും നിരക്കുകൾ കുത്തനെ വർധിപ്പിച്ചിട്ടുണ്ട്. ഡൽഹി അടക്കമുള്ള സെക്ടറിലേക്ക് ഇതുവരെ കേട്ടിട്ടില്ലാത്ത ഉയർന്ന നിരക്കാണ് വിമാന കമ്പനികൾ ഇൗടാക്കുന്നത്. മാസങ്ങളോളം ജോലിയും കൂലിയും വരുമാനവുമില്ലാതെ നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്ക് ഇൗ ഉയർന്ന നിരക്ക് വലിയ തിരിച്ചടിയാവുകയാണ്.
അത്യാവശ്യമില്ലാത്തവർ ഇൗ മാസം യാത്ര നീട്ടിവെക്കുകയാണ്. എന്നാൽ, വിസ കാലാവധി കഴിഞ്ഞവർക്കും ജോലിസംബന്ധമായ അത്യാവശ്യമുള്ളവർക്കും എന്ത് വിലകൊടുത്തും യാത്ര െചയ്തേ മതിയാവൂ. ഇൗ അത്യാവശ്യമാണ് വിമാന കമ്പനികൾ ഉപയോഗപ്പെടുത്തുന്നത്.
തിങ്കളാഴ്ച വൈകീട്ട് സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ അറിയിപ്പ് പുറത്തുവന്ന് വൈകാതെ തന്നെ വിമാന നിരക്കുകൾ കുത്തനെ ഉയർന്നു. എന്നാൽ, ക്വാറൻറീൻ ഒഴിവാക്കിയത് ഒമാനിലെത്തുന്നവർക്ക് വലിയ ആശ്വാസമായിട്ടുണ്ട്. ഹോട്ടൽ ക്വാറൻറീന് ചെലവാകുന്ന സംഖ്യ വിമാന കമ്പനികൾക്ക് നൽകേണ്ട അവസ്ഥയാണ് നിലവിലുള്ളത്.
കേരളത്തിൽനിന്ന് താരതമ്യേന കുറഞ്ഞ നിരക്കുകൾ ഇൗടാക്കുന്നത് എയർ ഇന്ത്യ എക്സ്പ്രസാണ്. എന്നാൽ, അടുത്ത മാസം 13ന് കണ്ണൂരിൽനിന്ന് മാത്രമാണ് സീറ്റൊഴിവുള്ളത്. 146 റിയാലാണ് നിരക്ക്. എയർ ഇന്ത്യ എക്സ്പ്രസിന് കോഴിക്കാേട്ടുനിന്ന് അടുത്ത മാസം 15 വരെയും തിരുവനന്തപുരത്തുനിന്ന് അടുത്ത മാസം 22 വരെയും കൊച്ചിയിൽനിന്ന് 17 വരെയും ടിക്കറ്റ് കിട്ടാനില്ല. കോഴിക്കോട്ടുനിന്ന് അടുത്ത മാസം 15ന് 152 റിയാലാണ് നിരക്ക്. തുടർന്നുളള ദിവസങ്ങളിൽ നിരക്കുകൾ ചെറുതായി കുറയുന്നുണ്ട്. സെപ്റ്റംബർ 22ന് തിരുവനന്തപുരം സെക്ടറിൽനിന്ന് 117 റിയാലാണ് നിരക്ക്. അടുത്ത മാസം 17ന് കൊച്ചിയിൽനിന്ന് 161 റിയാലാണ് നിരക്ക്. അടുത്ത മാസം അവസാനത്തോടെ എയർ ഇന്ത്യ എക്സ്പ്രസിൻെറ കേരളത്തിലെ എല്ലാ െസക്ടറുകളിൽ നിന്നുമുള്ള നിരക്കുകൾ താരതമ്യേന കുറയുന്നുണ്ട്. എന്നാൽ, ബുക്കിങ് വർധിക്കുന്നതിന് അനുസരിച്ച് നിരക്കുകൾ വർധിക്കുകയും ചെയ്യും.
കോഴിക്കോടുനിന്ന് എക്സ്പ്രസിന് പുറമെ സലാം എയറും സർവിസ് നടത്തുന്നുണ്ട്. ഇവരുടെ നിരക്കുകൾ പല ദിവസങ്ങളിൽ 280 റിയാലാണ്. എയർ ഇന്ത്യ കഴിഞ്ഞാൽ താരതമ്യേന കുറഞ്ഞ നിരക്കാണ് സലാം എയർ ഇൗടാക്കുന്നത്.
കൊച്ചിയിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസിന് പുറമെ സർവിസ് നടത്തുന്ന ഒമാൻ എയർ ഉയർന്ന നിരക്കാണ് ഇൗടാക്കുന്നത്. കൊച്ചിയിൽനിന്ന് വൺവേക്ക് 360 റിയാലാണ് നിരക്ക്. ഇൗ മാസം മുഴുവൻ ഉയർന്ന നിരക്കുകൾ തുടരും. അടുത്ത മാസം മാത്രമാണ് നിരക്കിൽ കുറവ് പ്രതീക്ഷിക്കാൻ കഴിയുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.