ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താൻ 40 കരാറുകൾ
text_fieldsമസ്കത്ത്: ഗോതമ്പ് ഉൽപാദനം വർധിപ്പിക്കുന്നതിനും ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്തുന്നതിനുമായി ഒമാൻ ഭവന, നഗരാസൂത്രണ മന്ത്രാലയം ബുധനാഴ്ച ദോഫാറിൽ 40 കരാറുകളിൽ ഒപ്പുവെച്ചു. കാർഷിക മേഖലയെ സഹായിക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായാണ് കരാറുകൾ രൂപപ്പെടുത്തിയത്.
ദോഫാർ ഗവർണർ സയ്യിദ് മർവാൻ ബിൻ തുർക്കി അൽ സെയ്ദിന്റെയും കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രി ഡോ. സൗദ് ബിൻ ഹമൂദ് അൽ ഹബ്സിയുടെയും സാന്നിധ്യത്തിൽ ഭവന, നഗരാസൂത്രണ മന്ത്രി ഡോ. ഖൽഫാൻ ബിൻ സഈദ് അൽ ഷുവൈലിയാണ് കരാറുകളിൽ ഒപ്പുവെച്ചത്. 40ൽ 37 കരാറുകളും ദോഫാറിലെ നജ്ദ് പ്രദേശത്ത് 2.8 കോടി ചതുരശ്ര മീറ്ററിൽ 55 ലക്ഷം റിയാൽ മുതൽമുടക്കിൽ ഗോതമ്പ് കൃഷി ചെയ്യുന്നതിനുള്ളതാണ്. ബാക്കിയുള്ള മൂന്ന് കരാറുകൾ സലാലയിലെയും ബർകയിലെയും കാർഷിക-ടെക്സ്റ്റൈൽ പ്രോജക്ടുകൾക്കും നഴ്സറികൾക്കുമായുള്ളതാണ്. നേരത്തെ സുനൈന വിലായത്തിൽ 20 ലക്ഷം ചതുരശ്ര മീറ്റർ സ്ഥലത്ത് 50,000 ഈന്തപ്പനകൾ (അൽ ഫർദ്, അൽ മജ്ദാൽ, അൽ ഖലാസ്) നട്ടുപിടിപ്പിക്കുന്നതിന് 30 ലക്ഷം റിയാലിന്റെ കരാർ ഒപ്പുവെച്ചിരുന്നു. പ്രാദേശിക ഉൽപാദനം വർധിപ്പിക്കാനും ഭക്ഷ്യസുരക്ഷ വർധിപ്പിക്കാനുമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. ദഖ്ലിയയിലെ ജബൽ അഖ്ദർ വിലായത്തിൽ, 1,21,000 ചതുരശ്ര മീറ്റർ സ്ഥലത്ത് മാതളനാരങ്ങ കൃഷി ചെയ്യുന്നതിനുള്ള പദ്ധതിക്കായി 2,94,000 റിയാൽ മൂല്യമുള്ള കരാറിലും ഒപ്പിട്ടിട്ടുണ്ട്. വടക്കൻ ബാത്തിനയിൽ സുവൈഖിലെ വിലായത്തിൽ ഒരു വാഴത്തോട്ടവും വിപണന പദ്ധതിയും സ്ഥാപിക്കുന്നതിനും കരാറിലെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.