പുകയില ഉപയോഗ നിയന്ത്രണം; അറബ് ലോകത്ത് ഒമാൻ ഒന്നാം സ്ഥാനത്ത്
text_fieldsമസ്കത്ത്: പുകയില ഉപയോഗ നിയന്ത്രണത്തിൽ മുന്നേറ്റവുമായി ഒമാൻ. ആഗോള പുകയില വിരുദ്ധ സൂചികയിൽ അറബ് ലോകത്ത് രാജ്യം ഒന്നാംസ്ഥാനത്താണുള്ളത്. ആഗോളതലത്തിൽ 16ാം സ്ഥാനം. ഗ്ലോബൽ സെന്റർ ഫോർ ഗുഡ് ഗവേണൻസ് ഇൻ ടുബാക്കോ കൺട്രോൾ (ജി.ജി.ടി.സി) പ്രസിദ്ധീകരിച്ച സൂചികയിലാണ് ഇക്കാര്യം.
കഴിഞ്ഞവർഷം പുകയില ഉപയോഗം നിയന്ത്രിക്കുന്നതിനായി 80 രാജ്യങ്ങളിലെ സർക്കാറുകൾ നടത്തിയ ശ്രമങ്ങളെ അടിസ്ഥാനമാക്കിയാണ് സൂചിക തയാറാക്കിയത്. പുകയില ഉപയോഗത്തിലൂടെ ആഗോളതലത്തിൽ ഏഴു ദശലക്ഷത്തോളം ആളുകൾ വർഷംതോറും മരിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്ക്. പരോക്ഷ ഉപയോഗത്തിലൂടെ 1.2 ദശലക്ഷം ആളുകളുടെ ജീവനും എരിഞ്ഞു തീരുന്നു. പുകയിലയുടെ ഉപഭോഗം നിയന്ത്രിക്കാൻ ശക്തമായ നടപടികളാണ് ഒമാന്റേത്. സർക്കാർ ഓഫിസുകളിലും മറ്റും പുകവലിക്കുന്നതിനും 18 വയസ്സിന് താഴെയുള്ളവർ പുകയിലയും പുകയിലയുമായി ബന്ധപ്പെട്ട ഉൽപന്നങ്ങൾ ഉപയോഗിക്കുന്നതിനും നിരോധനമുണ്ട്.
ജി.സി.സിയുടെ സംയുക്ത തീരുമാനത്തിന്റെ ഭാഗമായി സമൂഹമാധ്യമങ്ങളിലും ബിൽ ബോർഡുകളിലും പരസ്യം പ്രചരിപ്പിക്കുന്നതും ശിക്ഷാർഹമാണ്. 2019മുതൽ ഉയർന്ന തോതിലുള്ള എക്സൈസ് നികുതിയാണ് പുകയില ഉൽപന്നങ്ങൾക്ക്. തുച്ഛമായ വിലയിൽ പുകയില ഉൽപന്നങ്ങൾ ലഭ്യമാക്കുന്നത് തടയുകയാണ് ലക്ഷ്യം. രാജ്യത്ത് 23ശതമാനം പുരുഷന്മാരും 1.5ശതമാനം സ്ത്രീകളും പുകവലിക്കുന്നുണ്ടെന്നാണ് കണക്കാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.