സേവനപാതയിൽ മനംകവർന്ന് ഒമാനിലെ മലയാളി നഴ്സുമാർ
text_fieldsമസ്കത്ത്: മേയ് 12, അന്തർദേശീയ നഴ്സസ് ദിനമാണിന്ന്. 'നിങ്ങൾ ജീവനോടെ ഇരിക്കാൻ ഞങ്ങൾ ആരോഗ്യത്തോടെയുണ്ടാകണം, അതിന് നിങ്ങളുടെ സഹകരണമാണ് ആവശ്യം'എന്നതാണ് ഇത്തവണത്തെ നഴ്സസ് ദിനത്തിെൻറ സന്ദേശം. സേവനപാതയിൽ എക്കാലവും സ്തുത്യർഹമായ സേവനം കാഴ്ചവെക്കുന്ന'മാലാഖമാർ'കഴിഞ്ഞ ഒരു വർഷത്തിലേറെയായി കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിലാണ്. ഇക്കാലയളവിൽ ലോകത്ത് നിരവധി നഴ്സുമാർക്ക് ജീവൻ നഷ്ടമായി. ഒമാനിൽ കഴിഞ്ഞ ഒരുവർഷത്തിനുള്ളിൽ മലയാളികളായ സിസ്റ്റർ ബ്ലെസിയും, സിസ്റ്റർ രമ്യയും കോവിഡ് മൂലം മരപ്പെട്ടു. സേവന പാതയിൽ ഇക്കാലത്തു സമാനതകളില്ലാത്ത പോരാട്ടമാണ് ഇവർ നടത്തിയത്. എന്നാൽ ലോകത്തെമ്പാടും ഇവർക്ക് വേണ്ടത്ര അംഗീകാരം ലഭിക്കുന്നില്ല എന്നതാണ് സത്യം.
കുടുംബാംഗങ്ങളിൽ നിന്നുപോലും അകന്ന് ഇവർ നിർവഹിക്കുന്ന ദൗത്യം പലരും മാനിക്കാറില്ല. എന്നാൽ കഴിഞ്ഞ വർഷത്തിനുള്ളിൽ ആളുകളുടെ മനോഭാവത്തിൽ ഏറെ മാറ്റം വന്നതായും ആളുകൾ കൂടുതൽ ബഹുമാനിക്കാനും അംഗീകരിക്കാനും തുടങ്ങിയെന്ന് ഇവർ പറയുന്നു. കഴിഞ്ഞ ഒരു വർഷം തികച്ചും മറക്കാനാവാത്ത അനുഭവമാണ് സമ്മാനിച്ചതെന്ന് ആരോഗ്യമന്ത്രാലയത്തിലെ സ്റ്റാഫ് നഴ്സ് ഫൗസിയ ഇസ്മായിൽ പറഞ്ഞു. മറ്റേതു രോഗം പോലെയല്ല കോവിഡ് , സ്വന്തം വീട്ടുകാർക്ക് പോലും നേരിൽ കാണാനോ സംസാരിക്കാനോ കഴിയാത്ത അവസ്ഥ. രോഗിയുടെ മാനസികാവസ്ഥ പറഞ്ഞറിയിക്കാൻ സാധിക്കില്ല .
പലപ്പോഴും ദേഷ്യപ്പെടുകയും പൊട്ടിത്തെറിക്കുകയും ചെയ്യും. എന്നാൽ അസുഖമെല്ലാം മാറി മടങ്ങുേമ്പാൾ അവരുടെ വികാരപ്രകടനം പലപ്പോഴും കണ്ണ് നനയിച്ചിട്ടുണ്ട്. പലപ്പോഴും സ്വന്തം വീട്ടിൽ നിന്നും അകന്നു തന്നെ കഴിയേണ്ടി വന്നു. എന്നാൽ ഈ പോരാട്ടത്തിൽ അണിചേരാൻ സാധിച്ചതിൽ ഏറെ അഭിമാനമുണ്ട് -ഫൗസിയ പറയുന്നു. ഇക്കാലയളവിലെ ആത്മാർഥ പ്രവർത്തനത്തിന് നിരവധി സന്നദ്ധ സംഘടനകൾ അംഗീകാരവുമായി വന്നതായും ഫൗസിയ പറഞ്ഞു.
ഈ നഴ്സസ് ദിനത്തിെൻറ സന്ദേശം ഉൾക്കൊള്ളാൻ ആഹ്വാനം ചെയ്താണ് അബീർ ആശുപത്രിയിലെ നഴ്സുമാരായ സിസ്റ്റർ ഷെറിൻ, ബീന, ഷെയിൻ, മെറിൻ, സുജിത് എന്നിവർ സംസാരിച്ചത്. കോവിഡിനെതിരായ പോരാട്ടത്തിൽ ജീവൻ വെടിഞ്ഞ സിസ്റ്റർ ബ്ലെസി, രമ്യ എന്നിവരെ സ്മരിക്കുന്നതായും ഇവർ പറഞ്ഞു. കോവിഡിനെ ഇല്ലാതാക്കാൻ ആദ്യം ഓരോ വ്യക്തിയും തയാറായി മുന്നോട്ടു വരണമെന്നാണ് അൽ സലാമ പോളി ക്ലിനിക്കിലെ നഴ്സുമാരായ സിസ്റ്റർ ലിൻസി സ്റ്റാലിനും,റിജിന പ്രജീഷും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.