പാരമ്പര്യത്തിന്റെ ഓര്‍മകളുമായി ഖറൻഖശു രാവ് ഇന്ന്
text_fieldsമത്ര: റമദാനിലെ പരമ്പരാഗത ആഘോഷമായ ഖറന്‍ഖശു തിങ്കളാഴ്ച രാത്രി നടക്കും. റമദാന് മാസത്തിലെ രണ്ടാമത്തെ പത്ത് പാതിയോടടുക്കുമ്പോഴുള്ള ആഘോഷരാവാണ് ഖറന്‍ഖശു. അറബ് ബാല്യകൗമാരങ്ങളുടെ പാരമ്പര്യത്തിന്റെ ഓര്‍മപ്പെടുത്തലാണീ ആഘോഷം. ഏതാണ്ടെല്ലാ അറബ് രാജ്യങ്ങളിലും ഏറ്റക്കുറച്ചിലുകളോടെ പണ്ടുതൊട്ടേ ഈ ആചാരങ്ങള്‍ ഉള്ളതായി പഴമക്കാര്‍ പറയുന്നു. പ്രധാനമായും ഈ ആഘോഷദിനം കുട്ടികള്‍ക്കുള്ളതാണ്. മതനിയമങ്ങള്‍ പരതിയാല്‍ ഇതുപോലുള്ള ആചാരങ്ങള്‍ കണ്ടെത്താന്‍ സാധിക്കില്ലെങ്കിലും പൈതൃകങ്ങളില്‍ ഉൾച്ചേര്‍ന്ന മിത്തുകളാണ് ഖറന്‍ഖശു പോലുള്ള ആഘോഷങ്ങളുടെ പിറകില്‍. അതുകൊണ്ട് തന്നെ മലയാളികള്‍ക്ക് പുതുമ തോന്നുന്നൊരു ആഘോഷം കൂടിയാണിത്. കാരണം കേരളീയര്‍ക്ക് റമദാന് ദിനങ്ങള്‍ ആത്മീയമായ ഉണര്‍വിനുള്ള ദിനരാത്രങ്ങള്‍ മാത്രമാണല്ലോ. എന്നാല്‍ ഒമാനില്‍ ഖറന്‍ഖശു എന്ന പേരിലുള്ള ആഘോഷരാവ് ഏറെ പ്രധാന്യത്തോടെ തലമുറ ആഘോഷിച്ചു വരുന്നു. മുതിര്‍ന്നവരും കുട്ടികള്‍ക്കൊപ്പം പ്രോത്സാഹനമായി കൂടുന്നു എന്നതും സവിശേഷമാണ്. വിവിധ ഗള്‍ഫ് രാജ്യങ്ങളിലും സമാന ആഘോഷരാവുകള്‍ വ്യത്യസ്ത പേരുകളില്‍ നടക്കുന്നുണ്ട്.
ഭംഗിയുള്ള ഉടയാടകളും അലങ്കാരങ്ങളുമൊക്കെ അണിഞ്ഞ് കൊട്ടിപ്പാടി വീടുകള്‍ കയറിയിറങ്ങി മധുരപലഹാരങളും സമ്മാനങ്ങളും സ്വീകരിക്കുന്നതാണ് ആഘോഷങ്ങളിലെ പ്രധാന ഇനം. റമദാന്റെ തുടക്കത്തില്‍ തന്നെ അറബ് സമൂഹം ഖറന്ഖശുവിനുള്ള ഒരുക്കങ്ങളാരംഭിക്കും. പാട്ടുകള്‍ പാടി വീടുകളില്‍ വരുന്ന കുട്ടിക്കൂട്ടങ്ങളെ വരവേല്‍ക്കാനായി സമ്മാന സഞ്ചികളുമായി തയാറായി നില്ക്കും.
അതിനായി വീടുകളില്‍ അലങ്കാര വിളക്കുകളും സ്ഥാപിക്കും. ഖറന്‍ഖശു ഒരുക്കങ്ങളിടെ ഭാഗമായി വിപണികളില്‍ ഇടംപിടിച്ചിട്ടുള്ള മധുര പലഹാരങ്ങളും മിഠായികളും സമ്മാനപ്പൊതികളും, ഖറന്‍ഖശു ചിഹ്നങ്ങള്‍ ആലേഖനം ചെയ്ത കവറുകളില്‍ തയാറാക്കിയാണ് കുട്ടികള്‍ക്ക് സമ്മാനിക്കുക. പുതിയ ട്രൻഡ് എന്നോണം കുട്ടികളും മുതിര്‍ന്ന സ്ത്രീകളും ഖറന്‍ഖശു വേഷങ്ങള്‍ അണിഞ്ഞ് ഒരുങ്ങുന്നതും ഇപ്പോള്‍ ദൃശ്യമാണ്. അതിനായുള്ള റെഡിമെയ്ഡ് വസ്ത്രങ്ങൾ വരെ വിപണി കൈയടക്കിയിരിക്കുന്നു. ഖറന്‍ഖശു സംഘം വന്ന് പാട്ടുപാടി സമ്മാനങ്ങള്‍ സ്വീകരിച്ച് പോകുന്നതോടെ റമാദാന് പാതി പിന്നിട്ടെന്ന സന്ദേശവും പരക്കും. പെരുന്നാൾ ഒരുക്കങ്ങള്‍ക്കുള്ള പരക്കം പാച്ചിലിലാകും ഗൃഹനാഥന്മാര്. ഒമാനിലെ വിവിധ വിലായത്തുകളില്‍ ഔദ്യോഗികമായി തന്നെ കുട്ടികള്‍ക്കായി ഖറന്‍ഖശു ആഘോഷ പരിപാടികൾ നടക്കാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.