ഇന്ന് പ്രവാസി ഭാരതീയ ദിവസ്: പുതുതലമുറക്ക് ഗാന്ധിയന്‍ മാര്‍ഗങ്ങൾ പകര്‍ന്നുനൽകണം
text_fieldsമാതൃരാഷ്ട്രത്തോട് ഇഷ്ടം മനസ്സില്‍ ഏറെ സ്നേഹത്തോടെ സൂക്ഷിക്കുന്നവരാണ് പ്രവാസികള്‍. കുടുംബ ക്ഷേമം ലക്ഷ്യം വെച്ച് അന്യനാട്ടില്‍ അധ്വാനിക്കുന്നവര്‍ രാജ്യത്തിന്റെ സാമ്പത്തിക മുന്നേറ്റത്തിനു ശക്തമായ പിന്തുണ നല്കുന്നു. അന്യദേശത്തായിരിക്കുമ്പോഴാണ് സ്വന്തം നാടിനോട് കൂടുതലടുക്കുകയും രാജ്യത്തെ കൂടുതല്‍ ഓര്‍ക്കുകയും ചെയ്യുകയെന്നത് വലിയ യാഥാര്‍ഥ്യമാണ്. അതിനൊത്തിരി ഉദാഹരണങ്ങളുണ്ട്. നമ്മുടെ രാഷ്ട്രപിതാവ് തന്നെ ഇതിനു മഹത്തരമായ മാതൃകയാണ്. ഗാന്ധിയെന്ന അഹിംസാ വാദിയായ സമര നേതാവിനെയും അതുവഴി രാഷ്ട്രപിതാവിനെയും രൂപപ്പെടുത്തിയതില്‍ ദക്ഷിണാഫ്രിക്കയിലെ പ്രവാസത്തിന്റെ പങ്ക് വിസ്മരിക്കാനാവാത്തതാണ്. അതിനു രാഷ്ട്രം നല്കുന്ന അംഗീകാരവും ആ ചരിത്രപരമായ പ്രവാസ ജീവിതത്തിന്റെ സ്മരണകളെയും അടയാളപ്പെടുത്തുന്നതാണ് പ്രവാസി ഭാരതീയ ദിവസ്.
1915 ജനുവരി ഒമ്പതിന് മഹാത്മാഗാന്ധി ദക്ഷിണാഫ്രിക്കയില്‍നിന്ന് തിരികെയെത്തിയതിന്റെ സ്മരണാര്‍ത്ഥമാണ് പ്രവാസി ഭാരതീയ ദിവസ് ആചരിക്കുന്നത്. സ്വന്തം നാട്ടില്‍ തിരിച്ചെത്തി കുടുംബത്തോടൊപ്പം സുഖമായി കഴിയണമെന്ന് ആഗ്രഹിച്ച സാധാരണ പ്രവാസിയായിരുന്നില്ല ഗാന്ധിജി, പകരം തന്റെ രാഷ്ട്രമാകെ സുന്ദരമായ സ്വതന്ത്ര പുലരിയാല്‍ സുഖമായി കഴിയുന്ന നാളുകളെ സ്വപ്നം കണ്ടു തിരികെയെത്തിയ പ്രവാസി യുവാവായിരുന്നു. പ്രവാസികള്‍ക്കുവേണ്ടി ഗാന്ധി ഇടപെട്ടതിലും മാതൃകകളുണ്ട്. 1924ല്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് എന്ന നിലയില്‍ മൗറീഷ്യസിലെ ഇന്ത്യക്കാര്‍ നേരിടുന്ന ചൂഷണങ്ങള്‍ക്കെതിരെ ഗാന്ധി നടത്തിയ ഇടപെടല്‍, ഫിജിയിലെ ഇന്ത്യന്‍ കരാര്‍ തൊഴിലാളികള്‍ നേരിട്ട ചൂഷണം ചോദ്യം ചെയ്തുള്ള ഇടപെടലുകളുമെല്ലാം ഇതില്‍ ശ്രദ്ധേയമാണ്.
ഓരോ പ്രവാസി ഭാരതീയ ദിവസ് കടന്നുവരുമ്പോഴും ഗാന്ധിയെയും പ്രവാസത്തെയും ബന്ധപ്പെടുത്തി പുതിയ തലമുറക്ക് മഹത്തരമായ ഗാന്ധിയന്‍ മാര്‍ഗങ്ങളെ പകര്‍ന്നു നല്‍കേണ്ടതുണ്ട്. ആഗോള തലത്തില്‍ വ്യാപിച്ചു കിടക്കുന്ന പ്രവാസി ഇന്ത്യക്കാരുടെ പൊതുവേദിയായി 2003 മുതല്‍ പ്രവാസി ഭാരതീയ ദിവസ് കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിച്ചുവരുകയാണ്.
അടല്‍ ബിഹാരി വാജ്പേയ് പ്രധാനമന്ത്രിയായിരിക്കെയാണ് ആദ്യ പ്രവാസി ഭാരതീയ ദിവസ്. പിന്നീട് യു.പി.എ സര്‍ക്കാറും ഇതിനെ കൂടുതല്‍ വിപുലമാക്കി സംഘടിപ്പിച്ചുവന്നു. എന്നാല്‍, നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിനു ശേഷം 2015 മുതല്‍ കണ്വെന്ഷന് രണ്ടു വര്ഷത്തിലാക്കിയത്. പ്രവാസികളുടെ വിഷയങ്ങള്‍ അറിയുന്നതിന് പ്രവാസി പ്രതിനിധികള്‍ക്കു വേദി കുറയുകയാണ് ഇതുവഴി സംഭവിച്ചിരിക്കുന്നത്. ഗാന്ധിജിയെയും അവിടുത്തെ സന്ദേശങ്ങളെയും ഓര്‍ത്തെടുക്കുന്നതിനുള്ള ഇടങ്ങളും ഇവിടെ കുറയാനിടയാകുന്നു.
സിദ്ദിക്ക് ഹസ്സന്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.