ഇന്ന് തുടക്കം; ശുഭപ്രതീക്ഷയിൽ യു.എ.ഇയുടെ മലയാളി നായകൻ
text_fieldsമസ്കത്ത്: ഏഷ്യകപ്പ് ക്രിക്കറ്റ് 2022ന്റെ യോഗ്യത മത്സരങ്ങൾക്ക് ശനിയാഴ്ച ഒമാനിൽ തുടക്കമാകും. 24 വരെ അൽ ആമിറാത്തിലെ ഒമാൻ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടിലാണ് മത്സരങ്ങൾ. യു.എ.ഇ, കുവൈത്ത്, ഹോങ്കോങ്, സിംഗപ്പൂർ ടീമുകളാണ് ഏറ്റുമുട്ടുന്നത്. ആഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 11 വരെ ദുബൈയിലാണ് ഏഷ്യകപ്പ് മത്സരങ്ങൾ.
കണ്ണൂർ തലശ്ശേരി സൈദാർ പള്ളി ചുണ്ടങ്ങപോയിൽ പുതിയപുരയിൽ റിസ്വാൻ റഊഫാണ് യു.എ.ഇ ടീമിന്റെ നായകൻ. 'യോഗ്യത നേടി യു.എ.ഇയുടെ മണ്ണിൽ ഏഷ്യകപ്പിൽ കളിക്കുക എന്നതാണ് പ്രഥമലക്ഷ്യം. ഇതിനായി ഞാനും ടീമും പൂർണമായും അർപ്പിച്ചിരിക്കുകയാണ്. യോഗ്യത നേടുമെന്നാണ് പ്രതീക്ഷ'- റിസ്വാൻ 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. യു.എ.ഇ ടീമിന്റെ ചരിത്രത്തിലാദ്യമായാണ് മലയാളി നായകനാകുന്നത്. 'ഈ പദവി നേടാനായതിൽ സന്തോഷവും അഭിമാനവുമുണ്ട്. ദൈവത്തിന് നന്ദി പറയുന്നു. കൂടുതൽ ഉത്തരവാദിത്തം നൽകുന്ന പദവിയാണിത്. യു.എ.ഇ പോലൊരു രാജ്യത്തിന് വേണ്ടി കളിക്കാൻ കഴിയുന്നത് തന്നെ സന്തോഷകരമാണ്' -റിസ്വാൻ പറയുന്നു.
ക്രിക്കറ്റിന്റെ മണ്ണായ തലശ്ശേരിയിൽനിന്ന് ഉദിച്ചുയർന്ന റിസ്വാൻ റഊഫ് എന്ന വലംകൈ ബാറ്റ്സ്മാൻ പ്രവാസലോകത്തിന്റെ അഭിമാനമായി മാറിയിട്ടുണ്ട്. റിസ്വാൻ മൂന്ന് വർഷം മുമ്പാണ് യു.എ.ഇ ടീമിലിടം നേടുന്നത്. യു.എ.ഇയുടെ കുപ്പായത്തിൽ നേപ്പാളിനെതിരെയാണ് ആദ്യമായി പാഡണിഞ്ഞത്. കഴിഞ്ഞ വർഷം ജനുവരിയിൽ അബൂദബിയിൽ അയർലൻഡിനെതിരെ 109 റൺസെടുത്തത് മലയാളികൾക്കും അഭിമാനനിമിഷമായിരുന്നു. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ കണ്ണൂർ ജില്ല ടീമിലിടം നേടിയ റിസ്വാൻ കേരള രഞ്ജി ടീമിൽ ലെഗ് സ്പിന്നറും ഓപണിങ് ബാറ്റ്സ്മാനുമായിരുന്നു. ഒമാനിൽ നടക്കുന്ന മത്സരത്തിൽ കുവൈത്തിനെയും ഹോങ്കോങ്ങിനെയും സ്വിറ്റ്സർലൻഡിനെയും മറികടന്ന് യോഗ്യത നേടിയാൽ റിസ്വാനെ കാത്തിരിക്കുന്നത് മറ്റൊരു ചരിത്ര നിമിഷമാണ്. ഹോം ഗ്രൗണ്ടായ ദുബൈയിൽ ഇന്ത്യൻ ടീമിനെ നേരിടുന്ന യു.എ.ഇയെ നയിക്കാനുള്ള അവസരം റിസ്വാന് കൈവന്നേക്കും. കോഴിക്കോട് കല്ലായി സ്വദേശി ബാസിൽ ഹമീദ്, കണ്ണൂർ പഴയങ്ങാടി സ്വദേശി അലിഷാൻ ഷറഫു എന്നിവരും യു.എ.ഇ ടീമിലെ മലയാളി സാന്നിധ്യമാണ്.
കുവൈത്ത് ടീമിലും മൂന്ന് മലയാളികളുണ്ട്. കൊല്ലം പള്ളിമുക്ക് സ്വദേശി ഷിറാസ് ഖാൻ, തിരുവനന്തപുരം തുമ്പ സ്വദേശി എഡിസൺ ഡിസിൽവ, മലപ്പുറം തിരൂർ സ്വദേശി മുഹമ്മദ് ഷഫീഖ് എന്നിവരാണ് കുവൈത്തിനുവേണ്ടി കളത്തിലിറങ്ങുക. ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്ഗാനിസ്താൻ എന്നിവരാണ് ഏഷ്യ കപ്പ് മത്സരങ്ങളിൽ പങ്കെടുക്കുന്ന മറ്റ് ടീമുകൾ.
മത്സര ഷെഡ്യൂൾ
(വേദി-ഒമാൻ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ട്. സമയം- വൈകീട്ട് 6.00)
ആഗസ്റ്റ് 20 - സിംഗപ്പൂർ x ഹോങ്കോങ്
ആഗസ്റ്റ് 21 - യു.എ.ഇ x കുവൈത്ത്
ആഗസ്റ്റ് 22 - യു.എ.ഇ x സിംഗപ്പൂർ
ആഗസ്റ്റ് 23 - കുവൈത്ത് x ഹോങ്കോങ്
ആഗസ്റ്റ് 24 - സിംഗപ്പൂർ x കുവൈത്ത്
ആഗസ്റ്റ് 24 - ഹോങ്കോങ് x യു.എ.ഇ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.