ആഘോഷങ്ങളില്ലാതെ ഇന്ന് ബലിപെരുന്നാൾ
text_fieldsമസ്കത്ത്: മറ്റ് ഗൾഫ് രാജ്യങ്ങൾക്കൊപ്പം ഒമാനും ഇന്ന് ബലിപെരുന്നാൾ ആഘോഷിക്കും. കോവിഡ് രോഗപശ്ചാത്തലത്തിലെ നാലാമത്തെയും സമ്പൂർണ ലോക്ഡൗണിെൻറ അന്തരീക്ഷത്തിലുള്ള ആദ്യത്തെയും പെരുന്നാളാണ് ഇന്ന്. ആഘോഷം മനസ്സിൽ മാത്രമാക്കി വീടിെൻറ നാല് ചുവരുകൾക്കിടയിൽ പ്രാർഥനകളോടെയാകും വിശ്വാസികൾ പെരുന്നാളിനെ വരവേൽക്കുക.
പള്ളികളിലെ പെരുന്നാൾ നമസ്കാരത്തിന് ഇക്കുറിയും അനുമതിയില്ല. കോവിഡെന്ന മഹാമാരിയിൽ നിന്ന് ലോകജനതയെ രക്ഷിക്കണമെന്ന പ്രാർഥനയോടെയാകും വിശ്വാസികൾ വീടുകളിൽ പെരുന്നാൾ മുസല്ലകളിൽ എത്തുക. ബലിപെരുന്നാൾ ദിനത്തിലും അടുത്ത രണ്ട് ദിവസങ്ങളിലുമാണ് നേരത്തേ സമ്പൂർണ ലോക്ഡൗൺ തീരുമാനിച്ചിരുന്നത്. ഇത് പിന്നീട് ഒരുദിവസം കൂടി നീട്ടുകയായിരുന്നു.
കനത്ത മഴയെ തുടർന്നുണ്ടായ നാശനഷ്ടങ്ങളുടെ പശ്ചാത്തലത്തിൽ ചൊവ്വ, ബുധൻ ദിവസങ്ങളിൽ സൂർ വിലായത്തിനെ സമ്പൂർണ ലോക്ഡൗണിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കോവിഡ് സാഹചര്യം ഗുരുതരമായതിനാൽ പെരുന്നാൾ ദിവസങ്ങളിൽ ആളുകൾ ഒത്തുചേരലുകളിൽനിന്ന് ഒഴിഞ്ഞുനിൽക്കണമെന്ന് ഒമാൻ ഗ്രാൻഡ് മുഫ്തി ശൈഖ് അഹമ്മദ് ബിൻ ഹമദ് അൽ ഖലീലി ആവശ്യപ്പെട്ടു. കേസുകൾ, കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടായ വിധത്തിൽ വർധിക്കുകയാണ്. ആരോഗ്യ പ്രവർത്തകരിലും രോഗബാധ വർധിക്കുന്നുണ്ട്. സമ്പൂർണ ലോക്ഡൗണിനെ തുടർന്ന് ബലികർമങ്ങൾ നടത്തുന്നതിനുള്ള പ്രയാസത്തെക്കുറിച്ച് സമൂഹ മാധ്യമങ്ങളിൽ ഉയരുന്ന ചോദ്യങ്ങൾക്ക്, സാഹചര്യം പ്രയാസകരമാണെങ്കിൽ മുസ്ലിംകൾക്ക് ബലിയിൽ നിന്ന് ഒഴിഞ്ഞുനിൽക്കാവുന്നതാണെന്ന് ഗ്രാൻഡ് മുഫ്തി പറഞ്ഞു. തങ്ങളുടെ കഴിവിനും അപ്പുറത്തുമുള്ള സാഹചര്യങ്ങളിൽ വിശ്വാസികളെ കൂടുതൽ പ്രയാസപ്പെടുത്താൻ അല്ലാഹു ആഗ്രഹിക്കുന്നില്ല. ലോക്ഡൗൺ ലംഘിക്കാതെ സാധ്യമെങ്കിൽ വീടുകളിൽ ബലികർമങ്ങൾ നടത്താവുന്നതാണെന്നും ഗ്രാൻഡ് മുഫ്തി പറഞ്ഞു.
സർക്കാർ നിർദേശങ്ങൾ പാലിച്ച് വീടിനുള്ളിൽ ആഘോഷങ്ങൾ ഒതുക്കുമെന്ന് സ്വദേശികളും വിദേശികളും പറയുന്നു. കോവിഡ് മഹാമാരി ആരംഭിച്ച ശേഷം ഏറ്റവും കൂടുതൽ പേർ മരിച്ച മാസമായിരുന്നു ജൂൺ. പലരുടെയും ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. ഈദ്ഗാഹുകളും പെരുന്നാൾ നമസ്കാരങ്ങളും സന്ദർശനങ്ങളുമൊന്നുമില്ലാത്തതിനാൽ പെരുന്നാൾ വസ്ത്ര വിപണി നിർജീവമാണ്. പല കുടുംബങ്ങളും കുട്ടികൾക്ക് മാത്രമാണ് വസ്ത്രങ്ങൾ എടുത്തിട്ടുള്ളത്.
അതിനിടെ സമ്പൂർണ ലോക്ഡൗണിെൻറ തലേ ദിവസമായ തിങ്കളാഴ്ചയും ഹൈപ്പർ മാർക്കറ്റുകളിലും ഭക്ഷ്യോൽപന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളിലും വലിയ തിരക്ക് അനുഭവപ്പെട്ടു. നാല് ദിവസം ഹോട്ടലുകൾ പ്രവർത്തിക്കാനിടയില്ലാത്തതിനാൽ ആളുകൾ വലിയ അളവിലാണ് ഭക്ഷ്യോൽപന്നങ്ങൾ വാങ്ങിക്കൂട്ടിയത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നിശ്ചിത എണ്ണം ആളുകളെ വീതമാണ് അകത്തേക്ക് പ്രവേശിപ്പിച്ചത് എന്നതിനാൽ വാഹനങ്ങളുടെ നിര റോഡിലേക്കും നീണ്ടു. അതേസമയം മസ്കത്തിലെ പെരുന്നാൾ വ്യാപാരത്തിെൻറ കേന്ദ്രം എന്ന് വിശേഷിപ്പിക്കാവുന്ന മത്ര സൂഖ് പൊതുവേ ആളൊഴിഞ്ഞ അവസ്ഥയിലായിരുന്നു.
തുടർച്ചയായി നാല് പെരുന്നാളിെൻറ കച്ചവടം നഷ്ടപ്പെട്ട ദുഃഖത്തിലാണ് ഇവർ. മത്ര ഫിഷ് മാർക്കറ്റും ഏറക്കുറെ ശൂന്യമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.