ഇന്ന് ലോക പരിസ്ഥിതിദിനം: പരിസ്ഥിതി സംരക്ഷണത്തിന് ഒമാൻ എന്നും മുന്നിൽ
text_fieldsമസ്കത്ത്: മരവും പച്ചയും വന്യതയും തിരിച്ചു പിടിക്കണമെന്നും പ്രകൃതിയെ കുരുതി കൊടുക്കാതെ വരുംതലമുറക്കായി കാത്തുവെക്കണമെന്നും സന്ദേശം പകർന്ന് ലോകം ഇന്ന് പരിസ്ഥിതി ദിനം ആചരിക്കുകയാണ്.
പരിസ്ഥിതി സംരക്ഷണത്തിന് എന്നും ഒരടി മുന്നിൽ സഞ്ചരിച്ച രാജ്യമാണ് ഒമാൻ. പതിറ്റാണ്ടുകൾക്ക് മുമ്പ് തന്നെ പരിസ്ഥിതി സംരക്ഷണത്തിന് നിയമങ്ങളും വ്യവസ്ഥകളും രൂപപ്പെടുത്തി. മുൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഇൗദ് പരിസ്ഥിതി സംരക്ഷണത്തിൽ ലോകരാജ്യങ്ങൾക്കു തന്നെ മാതൃകയായിരുന്നു. 1974 ൽ പരിസ്ഥിതി സംരക്ഷണത്തിന് ഉപദേഷ്ടാവും ഒാഫിസും രൂപവത്കരിക്കുകയും പരിസ്ഥിതി സംരക്ഷണ-മലനീകരണ നിയന്ത്രണ പൊതു ഏജൻസി ഉണ്ടാക്കുകയും ചെയ്തു. 1984 ൽ പരിസ്ഥിതി കാലാവസ്ഥ മന്ത്രാലയം ഉണ്ടാക്കി. 1989ൽ പരിസ്ഥിതി സംരക്ഷണങ്ങൾക്ക് േപ്രാത്സാഹനം നൽകാൻ സുൽത്താൻ ഖാബൂസ് അവാർഡ് ആരംഭിച്ചു. 15 വിഭാഗങ്ങൾക്കായാണ് അവാർഡ് നൽകുന്നത്. ഇന്ത്യ അടക്കമുള്ള വിവിധ രാജ്യങ്ങളിലെ സംഘടനകൾക്കും പ്രവർത്തകർക്കും സുൽത്താൻ ഖാബൂസ് അവാർഡ് ലഭിച്ചിരുന്നു.
പരിസ്ഥിതി നിയമങ്ങൾ കൾശനമായി പാലിക്കുന്ന രാജ്യമാണ് ഒമാൻ. നീരുറവകളും പച്ചപ്പുകളും സംരക്ഷിക്കുന്നതിനും പ്രകൃതി വിഭവങ്ങൾ കാത്തു സൂക്ഷിക്കുന്നതിനും വലിയ ജാഗ്രതയാണ് കാട്ടുന്നത്. പരിസ്ഥിതി സംരക്ഷിക്കുന്നതിനും വന്യജീവികളെ സംരക്ഷിക്കുന്നതിനും കർശന നിയമങ്ങൾ ഒമാനിലുണ്ട്. മൃഗങ്ങളെ വേട്ടയാടുന്നതും പക്ഷികളെയും മറ്റു ജന്തുക്കളെയും കൊല്ലുന്നതും പിഴയും കഠിന തടവും ലഭിക്കുന്ന കുറ്റമാണ്. കെട്ടിടങ്ങൾ നിർമിക്കുന്നതിനും മലകളും പാറകളും മറ്റും ഇടിക്കുന്നതിനും നിയന്ത്രണമുണ്ട്. പ്രകൃതി സൗന്ദര്യം കാത്തുസൂക്ഷിക്കുന്നതും ഇൗ നിയമങ്ങളും നിയന്ത്രണങ്ങളുമാണ്.
ജനുവരി എട്ടാണ് ഒമാെൻറ ദേശീയ തലത്തിലുള്ള പരിസ്ഥിതി ദിനം. ഒരോ വർഷവും പ്രകൃതി സംരക്ഷണത്തിനുള്ള ബോധവത്കരണ പരിപാടികളാണ് ഇൗ ദിവസം കൊണ്ടാടുന്നത്. മരങ്ങൾ പിടിപ്പിച്ചും പ്രകൃതിക്കനുയോജ്യമായ ജീവിത ശൈലികൾ അനുവർത്തിക്കണമെന്ന സന്ദേശവുമായി സ്കൂളുകളിലും ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിലും സർക്കാർ സ്വകാര്യ സ്ഥാപനങ്ങളിലും പരിസ്ഥിതി ദിനം ആഘോഷിക്കാറുണ്ട്. വെള്ളം അനാവശ്യമായി പാഴാക്കരുതെന്നും വീട്ടിലും മറ്റും അനാവശ്യമായി ഉപയോഗിക്കുന്ന ജലം ചെടികളും സസ്യങ്ങളും വളർത്താൻ ഉപയോഗിക്കണമെന്ന സന്ദേശമായിരുന്നു മുൻ വർഷങ്ങളിൽ നടന്ന പരിസ്ഥിതി ദിനങ്ങളിലെ സന്ദേശം.
പാത്രങ്ങൾ കഴുകുന്ന വെള്ളം, എ.സിയിൽ നിന്നുള്ള വെള്ളം എന്നിവ ചെടി വളർത്താൻ ഉപയോഗിക്കണമെന്ന നിർദേശം ജനങ്ങൾക്ക് നൽകാൻ ഒമാൻ പരിസ്ഥിതി ദിനത്തിന് കഴിഞ്ഞിട്ടുണ്ട്. വരും തലമുറക്കായി ഭൂമി കാത്തുവെക്കാൻ പ്ലാസ്റ്റിക് സഞ്ചികൾ നിരോധിക്കാനുള്ള തീരുമാനമായിരുന്നു ഇൗ വർഷത്തെ ഒമാൻ പരിസ്ഥിതി ദിനത്തിെൻറ ഭാഗമായി നടപ്പാക്കിയത്.
ഇത് ഒരു പരിധിവരെ നടപ്പാക്കാനും കഴിഞ്ഞു. വ്യാപാര സ്ഥാപനങ്ങളിലും ഒറ്റ പ്രാവശ്യ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് സഞ്ചികൾക്കും നിരോധനം ഏർപ്പെടുത്തിയ ഏക ഗൾഫ് രാജ്യമാണ് ഒമാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.