ഇന്ന് ക്രിസ്മസ്: വരവേൽക്കാനൊരുങ്ങി പ്രവാസികൾ
text_fieldsമസ്കത്ത്: സമാധാനത്തിെൻറയും ഐശ്വര്യത്തിെൻറയും സ്നേഹത്തിെൻറയും സന്ദേശവുമായി ഇന്ന് ലോകം മുഴുവൻ ക്രിസ്മസ് ആഘോഷിക്കുമ്പോൾ പ്രവാസലോകത്തും ആഹ്ലാദ ദിനം. കോവിഡ് മൂലം കഴിഞ്ഞ വർഷത്തെ ക്രിസ്മസ് ആഘോഷം എവിടെയും വിപുലമായി നടന്നിരുന്നില്ല. പ്രാർഥനകൾ ഓൺലൈനിലൂടെ നിർവഹിച്ചു. എന്നാൽ ഈ വർഷം, കോവിഡിന് ഏറക്കുറെ ശമനമായ സാഹചര്യത്തിൽ പള്ളികളിലെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ പ്രാർഥനകൾ നിർവഹിക്കാൻ കഴിയുന്നതിെൻറ ആഹ്ലാദത്തിലാണ് മലയാളികൾ അടക്കമുള്ള പ്രവാസികൾ.
പള്ളികളിൽ ക്രിസ്മസിനോട് അനുബന്ധിച്ചുള്ള പ്രാർഥനകളല്ലാതെ മറ്റു പരിപാടികൾ അനുവദിക്കില്ല. കോവിഡ് വാക്സിെൻറ രണ്ടു ഡോസ് എടുത്തവർക്കു മാത്രമേ പ്രാർഥനക്കു പ്രവേശനം അനുവദിക്കൂ. പള്ളികളിൽ 50 ശതമാനം ആളുകൾക്ക് മാത്രമേ അനുവാദം നൽകിയിട്ടുള്ളൂ. വിവിധ സമയങ്ങളിലായാണ് പള്ളികളിൽ പ്രാർഥനക്ക് സമയം ക്രമീകരിച്ചിരിക്കുന്നത്. എന്നാൽ, വിശ്വാസികൾക്ക് ഏറെ ആഹ്ലാദം നൽകുന്ന കാര്യം വാരാന്ത്യ അവധി ദിനങ്ങളിലാണ് ക്രിസ്മസ് ആഘോഷദിനങ്ങൾ വരുന്നത് എന്നതാണ്. ഹൈപ്പർമാർക്കറ്റുകളിൽ പ്രത്യേക ക്രിസ്മസ് വിഭാഗങ്ങൾ തുറന്നിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ മുതൽതന്നെ നഗരത്തിലെ ഹൈപ്പർ മാർക്കറ്റുകളിൽ വലിയ തിരക്കാണ് അനുഭവപെട്ടത്. എന്നാൽ, ബാച്ലേഴ്സ് പതിവുപോലെ ആശ്രയിക്കുന്നത് നഗരത്തിലെ ഹോട്ടലുകളെയാണ്.
വിഭവസമൃദ്ധമായ സദ്യക്ക് നാലുറിയാൽ മുതലാണ് മിക്ക ഹോട്ടലുകളും ഈടാക്കുന്നത്. മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്കു മാത്രമേ ഹോട്ടലുകളിൽ ഇരുന്നു കഴിക്കാൻ സാധിക്കൂ. കോവിഡ് നിയന്ത്രണങ്ങൾ ചെറിയ ഇടവേളക്കുശേഷം സുപ്രീം കമ്മിറ്റി വീണ്ടും കടുപ്പിച്ചിട്ടുണ്ട്. ഹോട്ടലുകൾ, റസ്റ്റാറന്റുകൾ എന്നിവിടങ്ങളിൽ അധികൃതർ പരിശോധന കർശനമാക്കിയതിനാൽ ഹോട്ടൽ ഉടമകളും ജാഗ്രതയിലാണ്. നഗരത്തിലെ മുൻനിര ഹോട്ടലുകളിൽ ക്രിസ്മസ് ആഘോഷങ്ങൾ നടന്നു. കുട്ടികൾക്കായി നടന്ന ക്രിസ്മസ് പാർട്ടി, ക്രിസ്മസ് ബസാറുകൾ, ഡിന്നറുകൾ എന്നിവക്ക് നിരവധി ആളുകൾ എത്തിയിരുന്നു. കേക്കുകൾ വിൽക്കുന്ന ബേക്കറികളിൽ നല്ല തിരക്കായിരുന്നു. എങ്കിലും നാടൻ പലഹാരങ്ങൾക്ക് ഏറെ വിൽപനയുണ്ടായിരുന്ന ദിവസങ്ങളാണ് കടന്നുപോയത്. പ്രവാസി കുടുംബങ്ങളിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായി ചേർന്ന് ക്രിസ്മസ് ആഘോഷം കേമമാക്കാനുള്ള തയാറെടുപ്പിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.