ഒന്നിച്ചൊന്നായ്
text_fieldsലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമെന്ന ഖ്യാതി ഇന്ത്യക്ക് സമ്മാനിച്ച മഹത്തായ ഭരണഘടന ഔദ്യോഗികമായി പ്രാബല്യത്തില് വന്ന ദിവസമാണിന്ന്. ഭരണഘടനയുടെ അടിസ്ഥാനത്തിലാണ് ഇന്ത്യ ഒരു പരമാധികാര സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ റിപ്പബ്ലിക്കായി രൂപപ്പെട്ടത്. ആയിരങ്ങൾ ജീവനും ജീവിതവും നൽകി വിജയിപ്പിച്ച ഐതിഹാസികമായ സ്വാതന്ത്ര്യ സമരത്തെ തുടർന്നാണ് പരമാധികാര രാഷ്ട്രം എന്ന സ്വപ്നം പൂവണിഞ്ഞത്. അതിനാൽ ഭരണഘടനക്ക് നമ്മുടെ പൂർവികരുടെ രക്തത്തിന്റെ വിലയുണ്ട്. ഭാഷയിലും വംശത്തിലും മതത്തിലും ജാതിയിലും ഏറെ വൈവിധ്യങ്ങളും വൈജാത്യങ്ങളും പുലർത്തുന്ന മുഴുവൻ ജനതയെയും ഉൾകൊള്ളുന്ന നിലയിലാണ് അത് രൂപപ്പെടുത്തിയത്. ഭരണഘടന മാത്രമല്ല, അത് രൂപപ്പെടുത്തുന്നതിന് ഭരണഘടനാ അസംബ്ലിയിൽ നടന്ന ചർച്ചകളും ചരിത്രത്തിൽ കൃത്യമായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. എത്രത്തോളം പരസ്പര ബഹുമാനവും പരിഗണനയുമാണ് എതിരഭിപ്രായങ്ങളോട് രാഷ്ട്ര ശിൽപികൾ പുലർത്തിയതെന്ന് അതിൽ കാണാനാകും. മതങ്ങളെ സാമൂഹിക ജീവിതത്തിൽ നിന്ന് മാറ്റിനിർത്തുന്ന പാശ്ചാത്യ മതേതരത്വം നമ്മുടെ ഭരണഘടന സ്വീകരിച്ചിട്ടില്ല, പകരം മതങ്ങളെ ഉൾകൊള്ളുകയും എല്ലാ മതങ്ങൾക്കും തുല്യപ്രാധാന്യം നൽകുകയും ചെയ്തു. ജാതി വിവേചനങ്ങൾ ഘട്ടംഘട്ടമായി അവസാനിപ്പിക്കുന്നതിന് സംവരണം അടക്കമുള്ള പ്രതിവിധികൾ രൂപപ്പെടുത്തി. ഏകഭാഷ എന്ന കടുംപിടിത്തത്തിന് അവസരം നൽകിയില്ല. മറിച്ച് എല്ലാ ഭാഷകളെയും പ്രോൽസാഹിപ്പിച്ചു. സ്ത്രീകൾക്കും മറ്റു വിഭാഗങ്ങൾക്കും അധികാരത്തിലും സാമൂഹികരംഗങ്ങളിലും പങ്കാളിത്തം നൽകുകയും മനുഷ്യാവകാശങ്ങൾ എല്ലാവർക്കും ഉറപ്പുവരുത്തുകയും ചെയ്തു.
ഈ സവിശേഷതകളാലാണ് ലോകം നമ്മുടെ ഭരണഘടനയെ പ്രശംസിക്കാനും ഡോ. ഭീം റാവു അംബേദ്കർ എന്ന നമ്മുടെ ഭരണഘടനാ ശിൽപിയെ മഹാനായ നിയമജ്ഞൻ എന്നുവിളിക്കാനും കാരണമായത്. എന്നാലിന്ന് ആ പാരമ്പര്യത്തെ സംരക്ഷിക്കാൻ ഭരണകൂടത്തിനും ഒരു ജനതയെന്ന നിലയിൽ നമുക്കും സാധിക്കുന്നുണ്ടോ? ഭരണഘടനയുടെ തണലിൽ രാജ്യം ഏഴര പതിറ്റാണ്ട് പിന്നിടുമ്പോൾ തീർച്ചയായും അനേകം മേഖലകളിൽ ലോകത്ത് തലയുയർത്തി നിൽക്കാൻ ഇന്ത്യക്ക് ഇന്ന് സാധിക്കുന്നുണ്ട്. ശാസ്ത്ര സാങ്കേതിക രംഗത്തും വൈജ്ഞാനിക വ്യവസായിക മേഖലയിലും സാമൂഹിക പുരോഗതിയിലും മുമ്പത്തെ സാഹചര്യത്തിൽ നിന്ന് നാമേറെ വളർന്നു. സാമൂഹിക സമത്വത്തിന്റെ മഹത്തായ അഭിലാഷങ്ങളെ ഉൾക്കൊള്ളുന്ന ഭരണഘടനയുടെ സംരക്ഷണത്തിലാണ് ഇത്രയെങ്കിലും നേട്ടങ്ങൾ നമുക്ക് കരസ്ഥമാക്കാനായത്. എന്നാൽ കഴിഞ്ഞ പതിറ്റാണ്ടുകളിൽ റിപ്പബ്ലിക്കിന് സംഭവിച്ച പരിണാമങ്ങൾ വിലയിരുത്തുന്നതും ഈയവസരത്തിൽ പ്രധാനമാണ്. രാജ്യത്തിന്റെ ആത്മാവായി നിലകൊണ്ട ജനാധിപത്യത്തിനും മതേതരത്വത്തിനും സംഭവിച്ച/സംഭവിച്ചുകൊണ്ടിരിക്കുന്ന അപചയങ്ങളും തിരിച്ചടികളും വളരെ വ്യക്തമാണിന്ന്.
വർഗീയതയുടെയും വിദ്വേഷത്തിന്റെയും വിജയഭേരി മുഴക്കി ഉയർന്ന മന്ദിരങ്ങൾ ദേശീയ തലത്തിൽ വലിയ ആഘോഷപൂർവം പ്രതിഷ്ടിക്കപ്പെടുന്നത് അതിന്റെ കൃത്യമായ സൂചനയാണ്. തിരിച്ചുപിടിക്കാൻ സാധ്യമാകുമോ എന്ന സംശയമുനയിലാണിന്ന് മതേതരത്വം. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയും ആദ്യ ഭരണത്തലവൻ ജവഹർലാൽ നെഹ്റുവും അടക്കമുള്ളവർ ഭയപ്പെട്ട ഭൂരിപക്ഷ മേധാവിത്വത്തിന്റെ കരാളതയിലേക്ക് രാജ്യം അതിവേഗം സഞ്ചരിക്കുന്നു. ദുർബലരുടെയും ന്യൂനപക്ഷങ്ങളുടെയും ശബ്ദം നേർത്ത് ഇല്ലാകുമ്പോൾ, നവനാസി ആശയങ്ങൾ ഉച്ചത്തിൽ മുഴങ്ങുന്നത് ആശങ്കയേറ്റുന്ന ഘടകമാണ്. 1992ൽ ബാബരി മസ്ജിദ് തകർക്കപ്പെട്ടതിന് തൊട്ടുടനെ ‘ടൈംസ് ഓഫ് ഇന്ത്യ’ എഴുതിയ എഡിറ്റോറിയലിന്റെ തലക്കെട്ട് ‘റിപ്പബ്ലിക് കളങ്കപ്പെട്ടു’ എന്നായിരുന്നു. സംഭവത്തിന് മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം നമ്മുടെ റിപ്പബ്ലിക്കിനെ കുറിച്ച് പുനരാലോചിക്കുമ്പോൾ കളങ്കങ്ങളിൽ നിന്ന് മോചിതമാകാൻ സാധിച്ചോ എന്ന് ചിന്തിക്കുന്നതുതന്നെ അപ്രസക്തമായ സാഹചര്യമാണുള്ളത്. കൂടുതൽ പരിക്കുകൾ റിപ്പബ്ലിക്കിന് ആഘാതം സൃഷ്ടിക്കുന്ന കാലത്ത് നമുക്ക് കളങ്കമുക്തമായ ഭാവിക്കായി സ്വപ്നംകാണുകയും പ്രവർത്തിക്കുകയും ചെയ്യാം. കാലുഷ്യങ്ങളെ അതിജയിച്ച് തുല്യാവകാശവും പൗരാവകാശവും എല്ലാവർക്കും ആസ്വദിക്കാനാവുന്ന നാളെയിലേക്ക് ആത്മാഭിമാനത്തോടെ നമുക്ക് ഒരുമിച്ച് സഞ്ചരിക്കാം. എന്നുമെന്നും നിലനിൽക്കട്ടെ, ഭരണഘടന എന്ന മാർഗദീപം. ഏവർക്കും റിപ്പബ്ലിക് ദിനാശംസകൾ..
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.