നാളെ വിഷു; വരവേൽക്കാനൊരുങ്ങി മലയാളികൾ
text_fieldsമസ്കത്ത്: കേരളീയരുടെ പ്രധാന ഉത്സവമായ വിഷുവിനെ വരവേൽക്കാൻ ഒമാനിലെ മലയാളികൾ ഒരുങ്ങി. വിഷു വിഭവങ്ങൾ വിപണിയിലെത്തിയതോടെ തിരക്കും തുടങ്ങി.
വിഷു ഉൽപന്നങ്ങളെല്ലാം നാട്ടിൽ നിന്നും ഒമാനിൽ നിന്നുമായി വിപണിയിൽ എത്തിയിട്ടുണ്ട്. വിഷുക്കണിയാണ് വിഷുവിന്റെ പ്രധാന ചടങ്ങ്. വിഷുദിനത്തിൽ രാവിലെ ഉണർന്നെഴുന്നേൽക്കുമ്പോൾ ആദ്യമായി കാണുന്ന കാഴ്ചയാണ് വിഷുക്കണി. ഇതിനെ ഒരു വർഷത്തെ മുഴൂവൻ ഐശ്വര്യത്തിന്റെ പ്രതീകമായാണ് കണക്കാക്കുന്നത്. വിഷുക്കൈനീട്ടവും പ്രധാന ആചാരമാണ്.
കുടുംബത്തിലെ മുതിർന്നവർ ഇളം തലമുറക്കാർക്ക് നൽകുന്ന പണമാണിത്. ഒമാനിലെ ക്ഷേത്രങ്ങളിലും ഞായറാഴ്ച സന്ദർശക തിരക്ക് അനുഭവപ്പെടും.
വിഷുക്കണിക്ക് വേണ്ട വിഭവങ്ങൾ നേരത്തെ തന്നെ ഒരുക്കി വെക്കാറുണ്ട്. വെള്ളരി, കണിക്കൊന്ന, പഴങ്ങൾ, തേങ്ങ, നാണയത്തുട്ടുകൾ തുടങ്ങി നിരവധി ഇനങ്ങളാണ് വിഷുക്കണിക്കായി ഒരുക്കുന്നത്. തലേ ദിവസം രാത്രിയിൽ തന്നെ കണി ഒരുക്കിവെക്കാറാണ് പതിവ്.
കണിക്കുള്ള ഉൽപന്നങ്ങൾ കേരളത്തിൽനിന്നും എത്തിക്കഴിഞ്ഞു. കണിക്കൊന്ന, കണി ചക്ക എന്നിവയാണ് ഇവയിൽ പ്രധാനപ്പെട്ടവ. ടൺ കണക്കിന് വിഷു വിഭവങ്ങളാണ് ഓരോ വിഷുവിനും കേരളത്തിൽ നിന്നും ഒമാനിലെത്തുന്നത്. ഇതിൽ കണിക്കൊന്ന അടക്കമുള്ള വിമാനത്തിൽ വരുന്നതിനാൽ ചെലവും കൂടും. വെള്ളരി അടക്കമുള്ള വിഭവങ്ങൾ ഒമാനിൽ തന്നെ കൃഷി ചെയ്യുന്നത് വില കുറയാൻ കാരണമാക്കും. വിഷുവിന്റെ ഭാഗമായി വ്യാപാര സ്ഥാപനങ്ങൾ ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. അവധിക്കാല തിരക്കിനൊപ്പം വിഷുത്തിരക്ക് കൂടി ആയതോടെ വ്യാപാര സ്ഥാപനങ്ങൾ വീർപ്പുമുട്ടുകയാണ്.
പെരുന്നാൾ അവധി അവസാനിക്കുന്നതോടെയാണ് വിഷു ആഘോഷം. ഞായറാഴ്ച ഈദുൽ ഫിത്ർ അവധി കഴിഞ്ഞ് സർക്കാർ പൊതുമേഖല സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും പ്രവർത്തനമാരംഭിക്കും. അതിനാൽ, വിഷു ഒരുക്കങ്ങൾ നടത്തിയാണ് പലരും ജോലി സ്ഥലത്തേക്ക് പോവുക. അവധിയെടുത്ത് വിഷു ആഘോഷിക്കുന്നവരും ഉണ്ട്.
നിറയെ കണിക്കൊന്നകളുള്ള രാജ്യമാണ് ഒമാൻ. കണിക്കൊന്നകൾക്ക് ഏറ്റവും പറ്റിയ കാലാവസ്ഥയാണ് ഒമാനിലുള്ളത്. മസ്കത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി കണിക്കൊന്ന മരങ്ങളും കാണാം. എന്നാൽ, ഇവയൊന്നും ഇത്തവണ പൂത്തിട്ടില്ല. പലതും വിഷു കഴിഞ്ഞാണ് പൂക്കാറുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.