ഉപ്പയുടെ അതിജീവന കഥകൾ കാണാൻ ടിക്കറ്റെടുത്തു;സഫീർ ശുകൂറിനെ തേടിയെത്തിയത് മകളുടെ മരണവാർത്ത
text_fieldsമസ്കത്ത്: മരുഭൂമിയിൽ ‘ആടു ജീവിതം’ നയിച്ച ഉപ്പ നജീബിന്റെ അതിജീവന കഥകൾ അഭ്രപാളികളിൽ കാണാൻ നാട്ടിലേക്ക് പോകാനായി ടിക്കറ്റെടുത്ത് നിൽക്കവേ മകൻ സഫീർ ശുകൂറിനെ തേടിയെത്തിയത് മകളുടെ മരണവാർത്ത. ആടു ജീവിതത്തിലെ യഥാർഥ കഥാപാത്രമായ നജീബിന്റെ ഒമാനിലുള്ള മകനെ കുറിച്ച വിശേഷങ്ങൾ മാധ്യമങ്ങളിൽ കഴിഞ്ഞ ദിവസം വന്നിരുന്നു.
സിനിമ കുടുംബത്തോടൊപ്പം കാണാനായി ഞായറാഴ്ച നാട്ടിലേക്ക് പോകാൻ നിൽക്കേയാണ് ഒന്നര വയസ്സുകാരി സഫ മറിയത്തിന്റെ വിയോഗവാർത്ത എത്തുന്നത്. ന്യുമോണിയ ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്നു മകൾ.
മസ്കത്ത് വാദി കബീറിലെ നെസ്റ്റോ ഹൈപ്പർ മാർക്കറ്റിൽ ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾ സെക്ഷനിൽ സൂപ്പർവൈസറായി ജോലി ചെയ്യുകയാണ് സഫീർ ശുകൂർ. ബിരുദപഠനം കഴിഞ്ഞ് എട്ട് വർഷം മുമ്പാണ് ഉപ്പാന്റെ വഴിയിൽ ഇദ്ദേഹവും പ്രവാസജീവിതം തിരഞ്ഞെടുക്കുന്നത്. ഗൾഫിലേക്ക് സഫീറിനെ പറഞ്ഞയക്കാൻ പിതാവിന് തീതെ താൽപര്യമുണ്ടായിരുന്നില്ല. മകന്റെ നിർബന്ധവും കുടുംബത്തിലെ സാഹചര്യവും കാരണം ഒടുവിൽ സമ്മതിക്കുകയായിരുന്നു. ആലപ്പുഴ ഹരിപ്പാട് ആറാട്ടുകുളം സ്വദേശിയാണ്. മകളെ അവസാനമായി ഒരുനോക്ക് കാണാൻ ഇദ്ദേഹം ശനിയാഴ്ച നാട്ടിലേക്ക് തിരിച്ചു. മകളുടെ വിയോഗ വാർത്തയറിഞ്ഞ് നിരവധി പ്രവാസികളാണ് ഇദ്ദേഹത്തിന് ആശ്വാസവചനങ്ങളുമായെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.