ഒമാൻ തീരത്ത് കടലാമകൾക്ക് മുട്ടയിടൽ കാലം
text_fieldsമസ്കത്ത്: ഒമാൻ തീരങ്ങളിൽ കടലാമകൾ മുട്ടയിടാൻ എത്തിത്തുടങ്ങി. സൂർ വിലായത്തിലെ റാസൽഹദ്ദിലുള്ള റാസൽ ജിൻസ് കടലാമ സംരക്ഷണ കേന്ദ്രത്തിലാണ് പ്രധാനമായും കടലാമകൾ എത്തുന്നത്. ജൂൺ മുതൽ സെപ്റ്റംബർ വരെയാണ് കടലാമകളെ കാണാൻ അനുയോജ്യമായ സമയമെന്ന് വിദഗ്ധർ പറയുന്നു. ആമകൾ കൂടുതലായി എത്തുന്നത് ഇൗ സമയത്താണ്.
റാസൽഹദ്ദിൽ അനുഭവപ്പെടുന്ന കൂടുതൽ ചൂടില്ലാത്ത അനുകൂല കാലാവസ്ഥയാണ് കടലാമകളെ ആകർഷിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ മുട്ടയിടൽ കേന്ദ്രമെന്നു വിശേഷിപ്പിക്കാവുന്ന ഇവിടെ ആമകളുടെ സുരക്ഷ ഉറപ്പാക്കാൻ അധികൃതർ വിവിധ സംരക്ഷണ നടപടികൾ സ്വീകരിച്ചുവരുന്നുണ്ട്. അതിനാൽ, സന്ദർശകർക്ക് നിരവധി നിയന്ത്രണങ്ങളുമുണ്ട്.
റാസൽ ജിൻസ് തീരത്തെ പ്രത്യേക മണലും അനുകൂല കാലാവസ്ഥയും ഏറെ പ്രത്യേകതയുള്ള തീരവുമാണ് കടലാമകളെ ആകർഷിക്കുന്നത്. നാലുതരം ആമകളാണ് ഒമാനിൽ പൊതുവെ കണ്ടുവരുന്നത്. ഗ്രീൻ, ഒലീവ് റിഡ്ലി, ഹാക്ക്സ്ബിൽ, ലോഗർഹെഡ് ഇനത്തിൽ പെടുന്നവയാണിവ. പച്ച ആമ എന്ന പേരിൽ അറിയപ്പെടുന്ന വലിയ ആമകളാണ് റാസൽ ജിൻസിൽ കൂടുതലായി എത്തുന്നത്. ആമകൾ മുട്ടയിടുന്നത് കാണാൻ സാധിക്കുന്ന ഏക പ്രദേശവും ഇവിടമാണ്. ഒമാൻ കടലിലെത്തുന്ന ആമകൾ രാത്രികാലങ്ങളിൽ കരയിൽ പ്രവേശിച്ച് കാലുകൾ ഉപയോഗിച്ച് ഇഴഞ്ഞ് മുട്ടയിടാൻ പറ്റിയ ഇടം കണ്ടെത്തുന്നു.
അനുകൂലമായ ഇടം കണ്ടെത്തിയാൽ കാലുകൾ ഉപയോഗിച്ച് കുഴിയുണ്ടാക്കുന്നു. പിന്നീട് കുഴിയിൽ മുട്ടയിടാൻ തുടങ്ങും. നൂറുകണക്കിന് മുട്ടകളാണ് ഒരു തവണ ഇടുന്നത്. മുട്ടയിടൽ പൂർത്തിയായാൽ ആമ തന്നെ കാലുകൾ ഉപയോഗിച്ച് കുഴി മൂടി കടലിലേക്ക് തിരിച്ചുപോവും. 55 ദിവസത്തിന് ശേഷമാണ് മുട്ട വിരിഞ്ഞ് ആമക്കുഞ്ഞുങ്ങൾ പുറത്തുവരുന്നത്. പിന്നീട് ആമക്കുഞ്ഞുങ്ങളുടെ അപകടങ്ങളുടെ കാലമാണ്.
ചെറിയ കുഞ്ഞുങ്ങളെ റാഞ്ചിയെടുക്കാൻ പക്ഷികളും കുറുക്കന്മാരും ഞെണ്ടുകളുമടക്കമുള്ള ശത്രുക്കൾ കാത്തിരിക്കും. ഇവരിൽനിന്ന് രക്ഷപ്പെടുന്ന ആമക്കുഞ്ഞുങ്ങൾ കടലിൽ പറ്റിയ വാസസ്ഥലം തേടി യാത്രതിരിക്കും. വലുതാവുന്ന ഇത്തരം ആമകളിൽ അധികവും റാസൽ ജിൻസിൽ തന്നെ മുട്ടയിടാനെത്തും. കഴിഞ്ഞവർഷം 41,244 സഞ്ചാരികൾ റാസൽ ജിൻസ് കടലാമ സംരക്ഷണ കേന്ദ്രത്തിൽ എത്തിയതായാണ് കണക്കുകൾ. 31,412 പേരും വിദേശ ടൂറിസ്റ്റുകളാണ്. കഴിഞ്ഞ ഏഴുവർഷ കാലയളവിൽ റാസൽ ജിൻസിലെത്തിയ സഞ്ചാരികളുടെ എണ്ണത്തിൽ 37 ശതമാനത്തിെൻറ വർധന ഉണ്ടായി. സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ് കടലാമ സംരക്ഷണ കേന്ദ്രമെന്ന് ഡയറക്ടർ നാസർ അൽ ഗൈലാനി പറഞ്ഞു. സാധാരണ ദിവസങ്ങളിൽ 300 മുതൽ 500 വരെ പേരും വാരാന്ത്യങ്ങളിലും പൊതു അവധി ദിവസങ്ങളിലും എഴുന്നൂറോളം പേരും എത്താറുണ്ട്. കടലാമകളുടെ ജീവിതചക്രം പ്രതിപാദിക്കുന്ന മ്യൂസിയവും ഇവിടെയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.