പച്ചക്കടലാമ വീണ്ടും ഒമാൻ തീരത്ത്
text_fieldsമസ്കത്ത്: ഗ്രീൻ ടർട്ടിൽ വിഭാഗത്തിൽപെടുന്ന കടലാമയെ 21 വർഷത്തെ ഇടവേളക്കുശേഷം ഒമാൻ തീരത്ത് കണ്ടെത്തി. റാസൽ ഹദ്ദ് തീരത്താണ് ആമ മുട്ടയിടാനെത്തിയത്. 1997 ആഗസ്റ്റ് 21നാണ് ആമയെ ടാഗ് ചെയ്തതെന്ന് പരിസ്ഥിതി കാലാവസ്ഥ മന്ത്രാലയം അറിയിച്ചു. ഇക്കഴിഞ്ഞ ജൂലൈ 18നാണ് ഇതിനെ തീരത്ത് വീണ്ടും കണ്ടെത്തിയത്. ഇക്കാലയളവിൽ ആയിരക്കണക്കിന് മൈലുകൾ കടലിൽ നീന്തിയ ശേഷമാണ് ആമ വീണ്ടും റാസൽഹദ്ദ് തീരത്ത് എത്തിയത്. ലോകത്തിലെ വലിയ ആമകളുടെ മുട്ടയിടൽ കേന്ദ്രങ്ങളിൽ ഒന്നാണ് സൂറിനടുത്ത റാസൽഹദ്ദ് തീരം.
തീരത്തെ പ്രത്യേക മണലും അനുകൂല കാലാവസ്ഥയുമാണ് ഇവിടേക്ക് ആമകളെ ആകർഷിക്കുന്നത്.
ഒമാൻ കടലിൽ ഏഴുതരം ആമകളെ കണ്ടുവരാറുണ്ടെങ്കിലും പച്ച ആമ എന്നറിയപ്പെടുന്ന വലിയ ആമകളാണ് ഇവിടെ എത്തുന്നതിൽ അധികവും. റാസൽഹദ്ദ് സംരക്ഷണ കേന്ദ്രത്തിലെ ഇൻസ്പെക്ടർമാർ ആമകളുടെ സഞ്ചാരപഥം പതിവായി നിരീക്ഷിച്ചുവരുന്നുണ്ടെന്ന് നേച്ചർ റിസർവ്സ് വിഭാഗം അസി.ജനറൽ അലി അൽ റസ്ബി പറഞ്ഞു. മുമ്പും സമാന രീതിയിലുള്ള സംഭവങ്ങൾ കണ്ടെത്തിയിട്ടുണ്ട്. 10 വർഷത്തിനുശേഷം അതേ തീയതിയിൽ അതേ സമയത്ത് അന്ന് കണ്ടെത്തിയ സ്ഥലത്തുതന്നെ തിരികെെയത്തിയതാണ് ഇതിൽ ഒന്നെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.