ആവേശക്കാഴ്ചകളുമായി ‘ടൂർ ഓഫ് ഒമാൻ’ ഫെബ്രുവരി 10 മുതൽ
text_fieldsമസ്കത്ത്: ഒമാന്റെ തെരുവുകൾക്ക് ആവേശക്കാഴ്ചകൾ സമ്മാനിച്ച് 13ാമത് ‘ടൂർ ഓഫ് ഒമാൻ’ ദീർഘദൂര സൈക്ലിങ് മത്സരം ഫെബ്രുവരി 10ന് തുടങ്ങുമെന്ന് സാംസ്കാരിക, കായിക, യുവജന മന്ത്രാലയം (എം.സി.എസ്.വൈ) അറിയിച്ചു. പ്രശസ്തരായ അന്തർദേശീയ താരങ്ങൾ മത്സരത്തിന്റെ ഭാഗമാകും. അഞ്ച് വ്യത്യസ്ത ഘട്ടങ്ങളിലൂടെയായിരിക്കും മത്സരങ്ങൾ പുരോഗമിക്കുക.
മത്സരത്തിന്റെ റൂട്ടുകൾ തീരുമാനിക്കുന്നതടക്കമുള്ള കാര്യങ്ങൾക്ക് സംഘാടകർ തുടക്കമിട്ടുണ്ട്. ഘട്ടങ്ങളുടെ റൂട്ടുകളും ദൂരവും വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും. പ്രധാന മത്സരങ്ങൾക്ക് മുന്നോടിയായി നടക്കുന്ന മസ്കത്ത് ക്ലാസിക് ടൂർ ഇത്തവണയും ഉണ്ടാകും. കഴിഞ്ഞ വർഷമാണ് ഇത് ആരംഭിച്ചത്.
യൂറോപ്പ്, ഏഷ്യ, അമേരിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ നിന്നുള്ള 18 പ്രമുഖ അന്താരാഷ്ട്ര ടീമുകൾ പങ്കെടുത്ത മുൻ വർഷത്തെക്കാൾ 2024ൽ കൂടുതൽ ടീമുകൾ പങ്കെടുക്കുമെന്നാണ് കരുതുന്നതെന്ന് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ അറിയിച്ചു.
ഏഴ് റൈഡർമാർ അടങ്ങുന്ന ദേശീയ സൈക്ലിങ് ടീം ടൂർ ഓഫ് ഒമാൻ 2024 ൽ പങ്കെടുക്കും. ഇവർ അന്താരാഷ്ട്ര ടീമുകളുമായും റൈഡർമാരുമായും മത്സരിക്കുകയും ഇതിൽനിന്ന് അനുഭവം ഉൾക്കൊള്ളുമെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. 2010ലാണ് ടൂർ ഓഫ് ഒമാനിന്റെ ആദ്യ പതിപ്പ് നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.