‘ടൂർ ഓഫ് സലാല’ സൈക്ലിങ് ചാമ്പ്യൻഷിപ്പിന് ഇന്ന് തുടക്കം
text_fieldsമസ്കത്ത്: പൊതുജനങ്ങൾക്കും സൈക്ലിങ് പ്രേമികൾക്കും ആവേശക്കാഴ്ചയുമായി ‘ടൂർ ഓഫ് സലാല’ സൈക്ലിങ് ചാമ്പ്യൻഷിപ്പിന്റെ മൂന്നാം പതിപ്പിന് ഞായറാഴ്ച തുടക്കമാകും.
സെപ്റ്റംബർ 10 മുതൽ 13 വരെ നാല് ഘട്ടങ്ങളിലൂടെയാണ് മത്സരങ്ങൾ പുരോഗമിക്കുക. ഖരീഫിൽ പച്ച പിടിച്ചുകിടക്കുന്ന സലാലയുടെ സൗന്ദര്യം നുകരാൻ കഴിയുന്ന തരത്തിൽ ഒരുക്കിയിരിക്കുന്ന ചാമ്പ്യൻഷിപ്പിൽ ഏകദേശം 100 സൈക്ലിസ്റ്റുകൾ മത്സരിക്കും.13 ടീമുകൾ മത്സരിക്കുന്ന ഈ പതിപ്പിൽ മൊത്തം 522 കിലോമീറ്റർ ആണ് മത്സര ദൂരം. 123.7 കിലോമീറ്റർ വരുന്ന ആദ്യഘട്ടം സലാലയിലെ ഖോർ റോറിയി നിന്ന് ആരംഭിച്ച് ഐൻ ഇഷാത്തിൽ അവസാനിക്കും. സദാ ബീച്ച് മുതൽ ഹജീഫ് വരെയുള്ള രണ്ടാംഘട്ടം 148 കിലോമീറ്ററും മൂന്നാംഘട്ടം അൽ ഹഫ സൂഖ് മുതൽ വാദി ദർബത്ത് വരെ 104 കിലോമീറ്ററുമാണുള്ളത്. അവസാന ഘട്ടം ഐൻ റസാത്ത് മുതൽ ഇത്തീൻ പബ്ലിക് പാർക്ക് വരെയാണ്. 147 കിലോമീറ്റർ ആണ് ഇതിന്റെ ദൂരം. വേൾഡ് ടൂർ റാങ്കിങ്ങിൽ ആദ്യ മൂന്നിൽ വരുന്ന റൈഡർമാരായ നെതർലൻഡ്സിന്റെ കെന്നി നിജ്സെൻ, യൂസിബോ പാസ്ക്വൽ (സ്പെയിൻ), അഹമ്മദ് നാസർ (ബഹ്റൈൻ) എന്നിവർ സലാലയിൽ മത്സരത്തിനുണ്ടാകും. ബഹ്റൈൻ സൈക്ലിങ് അക്കാദമി (ബഹ്റൈൻ), യൂനിവേഴ്സ് സൈക്ലിങ് ടീം (നെതർലൻഡ്സ്), സ്റ്റോക്ക്-മെട്രോപോൾ സൈക്ലിങ് (സ്പെയിൻ) മൂന്ന് മികച്ച കോണ്ടിനെന്റൽ ടീമുകൾക്കൊപ്പം അൾജീരിയ, തായ്ലൻഡ്, സൗദി അറേബ്യ, യുനൈറ്റഡ് അറബ് എമിറേറ്റ്സ്, ഇറാൻ, ഒമാൻ, ഇറാഖ് എന്നീ ദേശീയ ടീമുകളും അണിചേരും. ഇന്റർനാഷനൽ സൈക്ലിങ് യൂനിയന്റെ (യു.സി.ഐ) നിയന്ത്രണങ്ങൾ അനുസരിച്ചാണ് ടൂർ ഓഫ് സലാലയുടെ മൂന്നാം പതിപ്പ്.
ഒമാൻ സൈക്ലിങ് അസോസിയേഷൻ ദോഫാർ മുനിസിപ്പാലിറ്റിയുടെ പിന്തുണയോടെയാണ് ടൂർ സംഘടിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.