ടൂറിസം വികസന ഫണ്ട്, ഐ.ടി.സികൾ; വിനോദസഞ്ചാര മേഖല ഊർജിതമാകും
text_fieldsമസ്കത്ത്: കോവിഡ് മഹാമാരിക്കാലത്തുണ്ടായ തിരിച്ചടികളിൽനിന്ന് വിനോദസഞ്ചാര മേഖലയെ പഴയകാല പ്രതാപത്തിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയിരിക്കുകയാണ് ഹെറിറ്റേജ്, ടൂറിസം മന്ത്രാലയം. ടൂറിസം നിയമം, സാംസ്കാരിക-പൈതൃക നിയമം എന്നിവയിലെ ഭേദഗതിയടക്കമുള്ള കാര്യങ്ങളാണ് പരിഗണനയിലുള്ളത്. ടൂറിസം ഡെവലപ്മെന്റ് ഫണ്ട്, ഇന്റഗ്രേറ്റഡ് ടൂറിസം കോംപ്ലക്സുകൾ (ഐ.ടി.സി) എന്നിവയിലൂടെയും വിനോദസഞ്ചാര മേഖലയുടെ കുതിപ്പ് സാധ്യമാക്കുമെന്ന് ഹെറിറ്റേജ്, ടൂറിസം മന്ത്രി സാലിം ബിൻ മുഹമ്മദ് അൽ മഹ്റൂഖി പറഞ്ഞു.
ഒമാൻ വിഷൻ 2040യുടെ ലക്ഷ്യങ്ങൾ നേടുന്നതിനുള്ള വികസന പദ്ധതികളാണ് ടൂറിസം മേഖലയിൽ ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നിലവിലെ പദ്ധതികളുടെ വികസനവും പുതിയ പദ്ധതികളിലേക്കുള്ള നിക്ഷേപവുമാണ് പ്രോത്സാഹിപ്പിക്കുക. മസ്കത്ത്, ദാഖിലിയ, തെക്കൻ ശർഖിയ, ദോഫാർ, മുസന്തം എന്നീ ഗവർണറേറ്റുകൾ കേന്ദ്രീകരിച്ചുള്ള ടൂറിസം വികസന പദ്ധതികളാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതോടൊപ്പം തന്നെ മറ്റ് ഗവർണറേറ്റുകളിലേക്കുള്ള നിക്ഷേപത്തിന് വഴിയൊരുക്കുകയും ചെയ്യും. 2023ഓടെ 300 കോടി റിയാലിന്റെ നിക്ഷേപമാണ് ടൂറിസം മേഖലയിൽ ലക്ഷ്യമിട്ടിരിക്കുന്നതെന്നും 170 കോടിയുടെ നിക്ഷേപം ഇതുവരെ നടന്നെന്നും മന്ത്രി വ്യക്തമാക്കി.
21 ഇന്റഗ്രേറ്റഡ് ടൂറിസം കോംപ്ലക്സുകളാണ് ഇപ്പോൾ പരിഗണനയിലുള്ളത്. ഇതിൽ 11 എണ്ണം സർക്കാർ ഭൂമിയിലാണ്. ഇതിൽ അഞ്ചെണ്ണത്തിന്റെ കരാർ ഒപ്പിട്ടിട്ടുണ്ട്. സ്വകാര്യ ഭൂമിയിലുള്ള 10 ഐ.ടി.സികളിൽ നാലെണ്ണത്തിന് കരാറായിട്ടുണ്ട്. പ്രധാനമായും ഏഴ് ആശയങ്ങൾ കേന്ദ്രീകരിച്ചുള്ള സമഗ്ര വികസന പദ്ധതിയാണ് ഹെറിറ്റേജ്, ടൂറിസം മേഖലകളിൽ ആസൂത്രണം ചെയ്തിരിക്കുന്നത്. ടൂറിസം നിക്ഷേപവും വികസനവും, പാരിസ്ഥിതിക ഉത്തരവാദിത്തം, വിനോദസഞ്ചാര അനുഭവങ്ങളുടെ വികസനം, മാർക്കറ്റിങ്, മാനവവിഭവ വികസനം, ടൂറിസം മാനേജ്മെന്റ്, കാര്യക്ഷമത വർധന എന്നിവയാണത്.
കോവിഡിനുശേഷം ട്രാവൽ ആൻഡ് ടൂറിസം രംഗം അതിന്റെ ട്രാക്കിൽ തിരിച്ചെത്തിയിട്ടുണ്ടെങ്കിലും പഴയകാല പ്രതാപം തിരിച്ചുപിടിക്കാൻ സമയമെടുക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. കഴിഞ്ഞ രണ്ടുവർഷവും മഹാമാരിയുടെ പടിയിലമർന്നതിനാൽ അത്യാവശ്യമുള്ള യാത്രകൾ മാത്രമായിരുന്നു പലരും നടത്തിയിരുന്നത്. ഇതിനുപുറമെ രാജ്യാന്തരതലത്തിൽ ചില രാജ്യങ്ങൾ നടപ്പാക്കിയ നിയന്ത്രണങ്ങൾ യാത്രക്ക് തടസ്സമാവുകയും ചെയ്തു. എന്നാൽ, ഈ വർഷം കോവിഡ് കേസുകൾ കുറയുകയും നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുകയും ചെയ്തതോടെ ട്രാവൽ ആൻഡ് ടൂറിസം രംഗത്ത് പുത്തനുണർവാണ് വന്നിട്ടുള്ളത്. ഈ വർഷം ഒമാനിൽപോലും യാത്രകൾ വർധിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഈ വർഷത്തിന്റെ രണ്ടാം പാദത്തിൽ സംഘടിപ്പിച്ച നിരവധി സുപ്രധാന കോൺഫറൻസുകളിലും എക്സിബിഷനുകളിലും നിരവധി വിദേശ പ്രതിനിധികളാണ് പങ്കെടുത്തത്. തലസ്ഥാനമായ മസ്കത്തിൽ കഴിഞ്ഞ മാസങ്ങളിൽ ആഡംബര ടൂറിസം മീറ്റ്, ഇന്റർനാഷനൽ ഫെഡറേഷൻ ഓഫ് ജേണലിസ്റ്റ് വേൾഡ് കോൺഗ്രസ്, മസ്കത്ത് ബുക്ക് ഫെയർ എന്നിവ ഉൾപ്പെടുന്ന നിരവധി സുപ്രധാന പരിപാടികളാണ് സംഘടിപ്പിച്ചത്. ഖരീഫ് സീസൺ തുടങ്ങിയതോടെ ദോഫാർ ഗവർണറേറ്റിലേക്കും സഞ്ചാരികളുടെ ഒഴുക്കാണ്. വിവിധ ജി.സി.സി രാജ്യങ്ങളിൽനിന്ന് കത്തുന്ന ചൂടിന് ആശ്വാസം തേടി നിരവധി ആളുകളാണ് ഇവിടെ എത്തുന്നത്. ഇത്തവണ റോഡുമാർഗം എത്തുന്നവരുടെ എണ്ണത്തിലും വർധനവാണ് വന്നിട്ടുള്ളത്. ഈ വർഷം സലാലയിലേക്ക് വിവിധ അന്താരാഷ്ട്ര വിമാന കമ്പനികളും കൂടുതൽ സർവിസ് നടത്തുന്നുണ്ട്. വിനോദസഞ്ചാര മേഖലയെ പരിപോഷിപ്പിക്കാൻ ദീർഘകാല പദ്ധതികൾ ആവിഷ്കരിക്കാനുള്ള അനുയോജ്യമായ സമയമാണിതെന്നാണ് വിദഗ്ധർ പറയുന്നത്.
വിദഗ്ധരായ പ്രഫഷനലുകളുടെ അഭാവം മിഡിലീസ്റ്റിലെ ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലയുടെ വളർച്ചയെ തടസ്സപ്പെടുത്താൻ സാധ്യതയുണ്ടെന്നും ചിലർ ചൂണ്ടിക്കാണിക്കുന്നു.
ആഭ്യന്തര ടൂറിസം മേഖലക്കും നേട്ടം
മസ്കത്ത്: കോവിഡ് നിയന്ത്രണങ്ങളാൽ നിശ്ചലമായ ആഭ്യന്തര ടൂറിസം രംഗം ഉണരുന്നതായി കണക്കുകൾ. ഈവർഷത്തിന്റെ ആദ്യപാദത്തിൽ അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ വരവ് 182 ശതമാനം വർധിച്ച് 117 ദശലക്ഷമായതായി യു.എൻ വേൾഡ് ടൂറിസം ഓർഗനൈസേഷന്റെ കണക്കുകൾ പറയുന്നു. കഴിഞ്ഞവർഷം ഇതേ കാലയളവിൽ ഏകദേശം 41 ദശലക്ഷമായിരുന്നു ഇത്.
ഈവർഷം മേയ് അവസാനംവരെ ഹോട്ടലുകളുടെ വരുമാനത്തിൽ 205 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ദേശീയ സ്ഥിതിവിവര കേന്ദ്രത്തിന്റെ ടൂറിസം സൂചകങ്ങളുടെ പ്രതിമാസ സ്റ്റാറ്റിസ്റ്റിക്കൽ ബുള്ളറ്റിനിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. ഈ വർഷം ആദ്യത്തെ അഞ്ചുമാസത്തിൽ 13 ദശലക്ഷം റിയാലാണ് ഹോട്ടലുകളുടെ വരുമാനം. കഴിഞ്ഞവർഷം ഇക്കാലയളവിൽ ഇത് നാലു ദശലക്ഷം റിയാലായിരുന്നു. ഹോട്ടലുകളുടെ താമസനിരക്കിലും 42.8 ശതമാനത്തിന്റെ ഉയർച്ചയാണ് കാണിക്കുന്നത്.
മധ്യവേനലവധിയിൽ നിരവധി ആളുകൾ വിദേശരാജ്യങ്ങളിലേക്ക് യാത്രചെയ്തപ്പോൾ ഉയർന്ന വിമാന ടിക്കറ്റ് നിരക്ക് മൂലം പോവാൻ കഴിയാത്തവർക്ക് രാജ്യത്ത് ആസ്വാദ്യകരമാകുന്ന തരത്തിലുള്ള പരിപാടികൾ ഒരുക്കേണ്ടതുണ്ടെന്ന് ടൂർ ഓപറേറ്റർമാർ ചൂണ്ടിക്കാട്ടുന്നു. 2023ഓടെ മസ്കത്തിലെ ഹോട്ടൽ വിപണി പതിയെ വീണ്ടെടുക്കുമെന്നാണ് കരുതുന്നത്. 2024ൽ സ്ഥിരത കൈവരിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഒമാനിലേക്ക് ഏഷ്യൻ, യൂറോപ്യൻ രാജ്യങ്ങളിൽനിന്നുള്ള സന്ദർശകരുടെ എണ്ണത്തിലും അടുത്തിടെ വർധന വന്നിട്ടുണ്ട്. ഈ രാജ്യങ്ങളിൽ നടത്തിയ മാർക്കറ്റിങ് തന്ത്രങ്ങളുടെ കൂടി ഫലമായിരുന്നു അത്. ഈവർഷം മേയ് അവസാനത്തോടെ ഒമാനിൽ എത്തിയത് 7,94,000 സന്ദർശകരായിരുന്നു. 1.5 ദശലക്ഷം ആളുകൾ ഇവിടെനിന്ന് പുറത്തേക്കും യാത്രചെയ്തു.
സർക്കാർ നടത്തുന്ന ഏജൻസി നൽകിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം 1,84,000 ഒമാനികളാണ് ഈ വർഷം മേയ് അവസാനംവരെ പുറത്തേക്കു പോയത്. ഇത് പുറത്തേക്ക് യാത്ര ചെയ്ത ആകെ ആളുകളുടെ (2,17,250) 65 ശതമാനം വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.