ചാർട്ടർ വിമാനങ്ങൾ വരവായി; ദോഫാറിൽ ഇനി ടൂറിസത്തിന്റെ ചിറകടികൾ
text_fieldsമസ്കത്ത്: ശൈത്യകാല ടൂറിസത്തിന്റെ ഭാഗമായി 189 വിനോദസഞ്ചാരികളുമായി ഹംഗറിയിൽ നിന്നുള്ള ആദ്യ ചാർട്ടർ വിമാനം സലാലയിലെത്തി. സഞ്ചാരികൾക്ക് ഊഷ്മളമായ സ്വീകരണമാണ് ഒരുക്കിയിരുന്നത്. ഒമാനി കഹ്വയും മറ്റും നൽകി.
ഈ ശൈത്യകാലത്ത് ഏകദേശം 400 ചാർട്ടർ വിമാനങ്ങൾ ദോഫാറിൽ എത്തും. ഗവർണറേറ്റിൽ വർഷം മുഴുവനും ശക്തമായ ടൂറിസം കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് ശൈത്യകാലത്ത് യൂറോപ്യൻ രാജ്യങ്ങളിൽനിന്നും റഷ്യയിൽ നിന്നുമുള്ള ചാർട്ടർ വിമാനങ്ങൾ വഴി സഞ്ചാരികളെ എത്തിക്കുന്നത്. ഒമാന്റെ ടൂറിസം സ്പോട്ടുകളെ ആഗോള ശ്രദ്ധയാകർഷിക്കാനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ തെളിവാണ് ചാർട്ടർ വിമാനങ്ങളെന്ന് പൈതൃക, ടൂറിസം മന്ത്രി സലിം മുഹമ്മദ് അൽ മഹ്റൂഖി വ്യക്തമാക്കിയിരുന്നു. മാസങ്ങൾക്കുമുമ്പ് ചെക് റിപ്പബ്ലിക്കിൽ നിന്നുള്ള ആദ്യ നേരിട്ടുള്ള വിമാനം 200 വിനോദ സഞ്ചാരികളുമായി സലാല വിമാനത്താവളത്തിൽ എത്തിയിരുന്നു.
യൂറോപ്പിൽനിന്ന് കൂടുതൽ ചാർട്ടർ ഫ്ലൈറ്റുകളും ക്രൂസ് കപ്പലുകളും ആകർഷിക്കുന്നതിനായി നിരവധി പ്രവർത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇത്തരം ശ്രമങ്ങൾ ഈ സീസണിൽ സലാല വിമാനത്താവളത്തിലേക്കുള്ള സഞ്ചാരികളുടെ വരവ് വർധിപ്പിക്കുകയും പ്രാദേശിക സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും ചെയ്യും. പ്രാദേശികവും അന്തർദേശീയവും ആകർഷകമായ പരിപാടികളുമായി ദോഫാറിലെ ടൂറിസം പ്രോത്സാഹനത്തിന് മന്ത്രാലയം ബഹുമുഖ സമീപനമാണ് എടുത്തുകൊണ്ടിരിക്കുന്നത്. ദോഫാറിന്റെ സമ്പന്നമായ പൈതൃകവും ലോക പൈതൃക പട്ടികയിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന അൽ ബലീദ്, സംഹാര, അൽ ഷാസർ തുടങ്ങിയ പുരാവസ്തു സൈറ്റുകൾ, പരമ്പരാഗത വിപണികൾ, പ്രകൃതി സംരക്ഷണ കേന്ദ്രങ്ങൾ, ജലസ്രോതസ്സുകൾ, താഴ്വരകൾ, ഗുഹകൾ എന്നിവയെല്ലാം ഇവിടെ എത്തുന്ന സഞ്ചാരികളുടെ മനം കവരുന്നതാണ്.
ഈ വർഷത്തെ ഖരീഫ് സീസണിൽ ദോഫാർ ഗവർണറേറ്റിലെ വിവിധ വിനോദ സഞ്ചാരകേന്ദ്രങ്ങളിലെത്തിയത് 9,62,000 ആളുകൾ. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 18.4 ശതമാനത്തിന്റെ വർധനവാണ് സഞ്ചാരികളുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത്. 2022ൽ 813,000 സന്ദർശകരായിരുന്നു ഉണ്ടായിരുന്നത്. ദേശീയ സ്ഥിതിവിവര കേന്ദ്രത്തിന്റെ കണക്കിലാണ് ഇക്കാര്യം പറയുന്നത്. ഈ സീസണിൽ ആകെ 103 ദശലക്ഷം റിയാലാണ് സഞ്ചാരികൾ ചെലവഴിച്ചത്. 2022ൽ ഇത് 86 ദശലക്ഷം റിയാൽ ആയിരുന്നു. രാത്രി തങ്ങുന്ന സഞ്ചാരികളുടെ എണ്ണത്തിലും വർധനവുണ്ടായിട്ടുണ്ട്. ആകെ സന്ദർശകരുടെ എണ്ണത്തിൽ സ്വദേശി പൗരന്മാരാണ് മുന്നിൽ. 6,66,307 ഒമാനികളാണ് ഇക്കഴിഞ്ഞ ഖരീഫ് സീസണിൽ ദോഫാറിൽ എത്തിയത്. ഇത് മൊത്തം സന്ദർശകരുടെ എണ്ണത്തിന്റെ 69.2 ശതമാനം വരും. ജി.സി.സി രാജ്യങ്ങളിൽനിന്ന് 190,853 ആളുകളും ദോഫാറിലെ സൗന്ദര്യം നുകരാനെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.