ടൂറിസം മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് മുൻഗണന –നിക്ഷേപക അതോറിറ്റി
text_fieldsമസ്കത്ത്: സ്വകാര്യ മേഖലയുമായി രാജ്യത്തെ ടൂറിസം അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിെൻറ ഭാഗമായി വിവിധ ഗവർണറേറ്റുകളിൽ സുപ്രധാന പദ്ധതികൾ മുൻഗണനാടിസ്ഥാനത്തിൽ നടപ്പിലാക്കുമെന്ന് പുതുതായി രൂപവത്കരിച്ച ഒമാൻ നിക്ഷേപക അതോറിറ്റി അറിയിച്ചു. മത്രയിലെ മിന സുൽത്താൻ ഖാബൂസ് വാട്ടർഫ്രണ്ട് പ്രോജക്ട്, യിത്തിയിലെ രണ്ട് നക്ഷത്ര ഹോട്ടൽ, ദോഫാറിലെ ആലിയ സലാല പഞ്ചനക്ഷത്ര ഹോട്ടൽ, ജബൽ അഖ്ദറിലെ ചതുർനക്ഷത്ര ഹോട്ടലും ചേർന്നുള്ള സാഹസിക ടൂറിസം പദ്ധതിയും, ഖസബിലെ ബസ്സ ബീച്ച് ഹോട്ടൽ തുടങ്ങിയ പദ്ധതികൾ ഇതിൽ ചിലതാണ്. ഇതിൽ ചിലത് പൂർത്തിയായി കഴിഞ്ഞു. ലോകം പ്രയാസമേറിയ സാമ്പത്തിക സാഹചര്യങ്ങളെ അഭിമുഖീകരിക്കുന്ന സാഹചര്യമാണെങ്കിലും ദോഫാറിലെ പഞ്ചനക്ഷത്ര ഹോട്ടലിെൻറ നിർമാണം അടുത്തിടെ പൂർത്തിയായിക്കഴിഞ്ഞു. ഇത് ഒാപറേറ്റിങ് കമ്പനിയായ ആലിയക്ക് കൈമാറുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുകയാണ്. ഇൗ വർഷം അവസാന പാദത്തോടെ ഹോട്ടൽ തുറക്കും.
ജബൽ അഖ്ദറിൽ ചതുർനക്ഷത്ര ഹോട്ടലിെൻറ നിർമാണം പൂർത്തിയായി. ഇതിനോട് ചേർന്ന് സാഹസിക ടൂറിസം പാർക്കിെൻറ ആദ്യഘട്ടവും പൂർത്തിയായി. യൂറോപ്യൻ കമ്പനിയാണ് ഇത് പൂർത്തീകരിച്ചതും ആദ്യ ഘട്ടത്തിൽ പ്രവർത്തിപ്പിക്കുകയും ചെയ്യുക. യിത്തിയിലെ നക്ഷത്ര ഹോട്ടലുകൾ അടങ്ങുന്ന ഇൻറഗ്രേറ്റഡ് ടൂറിസം പദ്ധതിയുടെ ആദ്യ ഘട്ട ജോലികൾ നടക്കുകയാണ്. ചതുർ, പഞ്ചനക്ഷത്ര ഹോട്ടലുകളും ചേർന്നുള്ള സൗകര്യങ്ങളും അടങ്ങിയതാണ് പദ്ധതി. ആദ്യഘട്ടം വിജയിച്ചാൽ മാത്രമേ പിന്നീടുള്ള ഘട്ടങ്ങൾ പൂർത്തീകരിക്കുകയുള്ളൂ. ഒരു ശതകോടി ഡോളർ ചെലവുവരുമെന്ന് പ്രതീക്ഷിക്കുന്ന മത്രയിലെ മിന സുൽത്താൻ ഖാബൂസ് പുനരവലോകനം ചെയ്യുമെന്നും നിക്ഷേപക അതോറിറ്റി അറിയിച്ചു.
2017ലാണ് ഒമാൻ ടൂറിസം കമ്പനിയും യു.എ.ഇ ആസ്ഥാനമായ ഡമാക്കും ഇത് സംബന്ധിച്ച കരാറിൽ ഒപ്പുവെച്ചത്. തുറമുഖത്തിെൻറ സ്വകാര്യതയെ ബാധിക്കാത്ത നിലയിലും സമീപ പ്രദേശങ്ങളിലെ ചരിത്രപരവും പൗരാണികവുമായ പൈതൃകത്തിന് കോട്ടം തട്ടാത്ത വിധത്തിലും പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച സാധ്യതകളാണ് അവലോകനം ചെയ്യുക. പ്രാദേശിക ജനവിഭാഗങ്ങളുടെ ജീവിതശൈലിക്ക് അനുയോജ്യമായ ടൂറിസം പ്രവർത്തനങ്ങളാകും ഇവിടെ ലഭ്യമാക്കുകയെന്നും ഒമാൻ നിക്ഷേപക അതോറിറ്റി അറിയിച്ചു. മുസന്ദം ബസ്സാ ബീച്ചിൽ ചതുർനക്ഷത്ര ഹോട്ടലിന് പുറമെ പൊതുപാർക്ക് അടക്കം സൗകര്യങ്ങളും നിർമിക്കും. രാജ്യത്തിെൻറ നിക്ഷേപങ്ങൾക്ക് പരമാവധി ലാഭം തിരികെ ലഭിക്കുന്ന രീതിയിലാകും പദ്ധതികൾ ആസൂത്രണം ചെയ്യുകയെന്ന് നിക്ഷേപക അതോറിറ്റി അറിയിച്ചു. സാമ്പത്തിക വൈവിധ്യവത്കരണത്തിന് തുണയാകുന്നതിനൊപ്പം ആഭ്യന്തര ഉൽപാദനത്തിൽ ടൂറിസം മേഖലയുടെ വിഹിതം ഉയർത്താനും ഇത് സഹായിക്കുമെന്ന് അതോറിറ്റിയുടെ പ്രസ്താവനയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.