റഷ്യയിൽ നിന്നും ചൈനയിൽ നിന്നും സഞ്ചാരികളെ ആകർഷിക്കാൻ ഒമാൻ
text_fieldsമസ്കത്ത്: റഷ്യ, ചൈന, ഇറാൻ, ഇന്ത്യ എന്നിവിടങ്ങളിൽനിന്ന് കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ ലക്ഷ്യമിട്ട് വിവിധ പരിപാടികൾ ആവിഷ്കരിച്ചുവരുകയാണെന്ന് ഒമാൻ ടൂറിസം മന്ത്രാലയം. റഷ്യ, ചൈന, ഇറാൻ എന്നീ രാഷ്ട്രങ്ങളിൽനിന്ന് സഞ്ചാരികളെ ആകർഷിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് ഗൗരവതരമായി നടക്കുന്നതെന്ന് ടൂറിസം മന്ത്രാലയത്തിലെ ഇവൻറ്സ് ആൻഡ് ടൂറിസം അവയർനെസ് അസി.ഡയറക്ടർ ജനറൽ ഹൈതം അൽ ഗസ്സാനി പറഞ്ഞു. റഷ്യയിൽ ഇതിനകം ഒാഫിസ് പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. സെപ്റ്റംബർ 20ന് റഷ്യയിൽ ഒമാനിലെ ടൂറിസം കേന്ദ്രങ്ങളെ കുറിച്ച് വർക്ക്ഷോപ് സംഘടിപ്പിക്കുന്നുണ്ട്. ഒമാൻ എയർ ഒക്ടോബറിൽ മസ്കത്ത്-മോസ്കോ റൂട്ടിൽ സർവിസ് തുടങ്ങുന്നതും ഗുണംചെയ്യും. റോഡ് ഷോ സംഘടിപ്പിക്കുന്നതും പരിഗണനയിലുണ്ടെന്ന് ഹൈതം അൽ ഗസ്സാനി പറഞ്ഞു.
വിപുലമായ ടൂറിസം സാധ്യതകളാണ് ചൈനയിലുള്ളത്. അടുത്ത വർഷത്തോടെ ചൈനീസ് വിപണിയിൽ പ്രവർത്തനം തുടങ്ങും. ഒമാന് ഏറ്റവും അടുത്ത രാജ്യം എന്ന നിലയിൽ ഇറാനിൽനിന്ന് സഞ്ചാരികളെ ആകർഷിക്കാൻ കഴിയും. ചൈന, റഷ്യ, ഇറാൻ എന്നിവിടങ്ങളിൽനിന്നുള്ള സഞ്ചാരികൾക്ക് സ്പോൺസറില്ലാത്ത ടൂറിസ്റ്റ് വിസ ലഭിക്കുമെന്നതും ഗുണപ്രദമാണ്. ഇന്ത്യൻ വിപണി ഏറെ പ്രധാനപ്പെട്ടതാണെന്നും ഹൈതം അൽ ഗസ്സാനി പറഞ്ഞു. ഇന്ത്യയിൽനിന്ന് നിരവധി സഞ്ചാരികൾ ഒമാനിലേക്ക് എത്തുന്നുണ്ട്. ഇവരുടെ എണ്ണം വർധിപ്പിക്കാനാണ് ശ്രമം. ഒമാൻ ടൂറിസത്തിന് ഇന്ത്യയിൽ ഒാഫിസും ഒമാൻ എയർ ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് സർവിസ് നടത്തുകയും ചെയ്യുന്നുണ്ട്. സെപ്റ്റംബറിൽ ഇന്ത്യയിൽ ഒമാൻ ടൂറിസം റോഡ്ഷോ ഒരുക്കും.
ടൂറിസം മന്ത്രാലയം അണ്ടർ സെക്രട്ടറി മൈത ബിൻ സൈഫ് അൽ മഹ്റൂഖിയ ആകും ഒമാൻ സംഘത്തെ നയിക്കുക. സെപ്റ്റംബർ 23ന് ഡൽഹിയിൽനിന്ന് ആരംഭിക്കുന്ന റോഡ്ഷോ മുംബൈയിലും അഹ്മദാബാദിലും സംഘടിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.