പുത്തനുണർവിൽ ടൂറിസം മേഖല
text_fieldsമസ്കത്ത്: രാജ്യത്തെ ടൂറിസം മേഖല വീണ്ടെടുക്കൽ പാതയിലാണെന്ന് പൈതൃക, ടൂറിസം മന്ത്രി സലേം അൽ മഹ്റൂഖി പറഞ്ഞു. നിരവധി പദ്ധതികൾ നടപ്പാക്കുന്നതിന്റെ വിപുലമായ ഘട്ടങ്ങളിലേക്ക് കടന്നിട്ടുണ്ട്. ഈ പദ്ധതികൾ മറ്റ് സാമ്പത്തിക മേഖലകളുമായി സംയോജിപ്പിച്ച് അവസരങ്ങൾ വർധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പൊതു ഉപയോഗദായകമായ പദ്ധതികളുടെ വികസനം നിലവിൽ നിരവധി ഗവർണറേറ്റുകളിൽ നടപ്പിലാക്കുന്നുണ്ട്. ഒമ്രാൻ കമ്പനിയുടെ പിന്തുണയോടെയും പങ്കാളിത്തത്തോടെയുമാണ് ഇത് ഒരുക്കുന്നത്.
ആതിഥ്യമര്യാദ, വിനോദം, വിനോദ സൗകര്യങ്ങൾ എന്നിവ ലഭ്യമാക്കാൻ ലക്ഷ്യമിട്ടുള്ള ബുറൈമി തലാലത്ത് പദ്ധതിയാണ് ഒന്ന്. 700,000 റിയാൽ ചെലവുവരുന്ന അൽ ബുറൈമിയിലെ അൽ-അബൈല പാർക്ക് വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. കൂടാതെ, ഗവർണറേറ്റിന്റെ തനതായ ഭൗതിക സാംസ്കാരിക ചരിത്രം പരിചയപ്പെടുത്തുന്നതിന് ഇന്ററാക്ടിവ് പ്ലാറ്റ്ഫോമുകളും ഡിജിറ്റൽ പാനലുകളും ഉൾപ്പെടുന്ന ദാഖിലിയ ഗവർണറേറ്റിലെ നിസ്വ ഗേറ്റ് വികസന പദ്ധതിയും ഉടൻ യാഥാർഥ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.
നിലവിൽ നടന്നുകൊണ്ടിരിക്കുന്ന അറ്റാലാ ഇബ്രി പദ്ധതി, യാങ്കുൾ റെസ്റ്റ് ഹൗസ് വികസന പദ്ധതി, ധങ്ക് റെസ്റ്റ് ഹൗസ് വികസന പദ്ധതി എന്നിവയെ ഇത് കൂടുതൽ മെച്ചപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. അതേസമയം, അടുത്ത നാലുവർഷത്തിനുള്ളിൽ സുൽത്താനേറ്റ് സന്ദർശിക്കുന്നവരുടെ എണ്ണത്തിൽ 37 ശതമാനത്തിന്റെ വർധനവുണ്ടാകുമെന്നാണ് കരുതുന്നത്. കോവിഡിനെ തുടർന്ന് മാന്ദ്യത്തിലായ ടൂറിസം മേഖല കൂടുതൽ ശക്തമായ തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ്. ഇതിന്റെ തിരയിളക്കങ്ങൾ വിവിധ ഇടങ്ങളിൽ കണ്ടുതുടങ്ങിയിട്ടുണ്ട്.
രാജ്യത്തെ വിനോദസഞ്ചാര, ഹോസ്പിറ്റാലിറ്റി മേഖലകൾ പ്രതിവർഷം 3.6 ശതമാനം വളർച്ച കൈവരിക്കുമെന്ന് ആൽപെൻ ക്യാപിറ്റൽ അതിന്റെ റിപ്പോർട്ടിൽ പറയുന്നു. മസ്കത്തിലെ യിത്തി സുസ്ഥിര പദ്ധതിയും വിവിധ ഗവർണറേറ്റുകളിൽ വിനോദ പാർക്കുകൾ, പ്രകൃതി വിനോദസഞ്ചാരം, വാട്ടർ പാർക്കുകൾ, വിനോദ കേന്ദ്രങ്ങൾ എന്നിവയുൾപ്പെടെയുള്ള വിവിധ പദ്ധതികളുടെ നിർമാണങ്ങളും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ദോഫാർ ഗവർണറേറ്റിലെ ദർബത്ത് ടൂറിസ്റ്റ് ഏരിയയുടെ പ്രവൃത്തി ഉടൻ ആരംഭിക്കുമെന്ന് ദോഫാർ മുനിസിപ്പാലിറ്റി ചെയർമാൻ അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.