സഞ്ചാരികളും സ്വദേശികളും ഒഴുകി; തിരക്കിൽ വീര്‍പ്പുമുട്ടി മത്ര സൂഖ്
text_fieldsമത്ര: സഞ്ചാരികൾ കൂട്ടമായി എത്തിയതോടെ മത്ര സൂഖ് തിരക്കിൽ വീര്‍പ്പുമുട്ടി. ഈ വര്‍ഷത്തെ ടൂറിസം സീസണ് ആരംഭിച്ച ശേഷം കൂടുതല്‍ സഞ്ചാരികള്‍ എത്തിയ ദിവസമായിരുന്നു കഴിഞ്ഞ ദിവസം. അത്യാഡംബര കപ്പലായ ‘സൂപ്പര്‍ കോസ്റ്റ’ മത്ര സുല്‍ത്താന്‍ ഖാബൂസ് പോര്‍ട്ടില്‍ നങ്കൂരമിട്ടത് വിവിധ രാജ്യക്കാരായ നൂറുക്കണക്കിനു സഞ്ചാരികളുമായാണ്. സഞ്ചാരികള്‍ ഒന്നടങ്കം സൂഖിലേക്ക് ഒഴുകിയെത്തിയപ്പോള്‍ സൂഖ് വിവിധ ദേശക്കാരുടെ സംഗമ ഭൂമിയായി മാറി. ജര്‍മനി, ഇറ്റലി, റഷ്യ, ഉസ്ബകിസ്താന്‍, തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവാരായിരുന്നു സഞ്ചാരികളിൽ കൂടുതലും.
ഖത്തര്‍, ദുബൈ, തുടങ്ങിയ രാജ്യങ്ങള്‍ സന്ദർശിച്ച ശേഷമാണ് ഒമാനില്‍ എത്തിയത്. വിവിധ മധ്യേഷ്യന്‍ രാജ്യങ്ങളിലേക്കുള്ള പാക്കേജ് പ്രകാരമുള്ള യാത്രയും സന്ദർശനത്തിന്റെയും ഭാഗമാണ് കോസ്റ്റ ട്രിപ്പെന്ന് സഞ്ചാരികള്‍ പറഞ്ഞു. ഒമാന്റെ പരമ്പരാഗത ഉല്പന്നങ്ങള് വാങ്ങിയും നോക്കിക്കണ്ടും സൂഖിലൂടെ സഞ്ചാരികള്‍ നടന്ന് ആസ്വദിച്ചു നീങ്ങി. അതോടൊപ്പം വാരാന്ത്യ അവധി ദിനത്തോടനുബന്ധിച്ച് ഇസ്രാഅ്-മിഅ്റാജ് അവധി ദിനം കൂടി ഒത്തു കിട്ടിയതോടെ സ്വദേശി കുടുംബങ്ങളും കൂട്ടത്താടെ സൂഖിലേക്കെത്തി. ഒമാന്റെ വിദൂര ദിക്കുകളില്നിന്നുകൂടി ജനങ്ങള്‍ എത്തിയപ്പോള്‍ ഒരു മിനി സീസണ് തന്നെയായി സൂഖ് മാറി.
റമദാന്റെയും പെരുന്നാളിന്റെയും ഒരുക്കങ്ങളുടെ ഭാഗമായി സാധനങ്ങൾ വാങ്ങാൻ എത്തിയവരും അവധിക്കാല വിസിറ്റിനായി കുട്ടികളോടൊപ്പം എത്തിയവരും കൂട്ടത്തില്‍ ഉണ്ടായിരുന്നു. പ്രധാനമായും തുണിത്തരങ്ങളുടെ കച്ചവടമാണ് സ്വദേശികളുമായി സൂഖില്‍ നടന്നത്. റമദാനില്‍ യാത്ര പ്രയാസമായവരും പെരുന്നാളിനായി വസ്ത്രങ്ങള്‍ തായ്പിക്കാന് നേരത്തെ ഒരുങ്ങുന്നതിന്റെയും ഭാഗമായുമാണ് സ്വദേശികള്‍ മത്ര സൂഖില്‍ എത്തിച്ചേര്‍ന്നത്.
അനുബന്ധമായി കഫ്റ്റീരിയകളിലും റസ്റ്റാറന്റിലുമൊക്കെ നല്ല തിരക്കായിരുന്നു.മറ്റു മേഖലകളില്‍ കാര്യമായ കച്ചവടം നടന്നില്ലെന്ന് കോസ്മറ്റിക്ക് സുഗന്ധ വ്യാപാരികള്‍ പറയുന്നു. ഏതായാലും അവധിയും കാശും ഒത്തുവന്നാല്‍ പാര്‍ക്കിങ് പ്രയാസങ്ങള്‍ സഹിച്ചായാലും സ്വദേശികള്‍ സൂഖിലേക്ക് എത്തുന്നു എന്നത് സന്തോഷകരമായ കാര്യം തന്നെയാണെന്ന് വ്യാപാരിയായ അഫ്താബ് എടക്കാട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.