ഇടവിട്ട മഴ; വേവലാതിയിൽ വ്യാപാരികൾ
text_fieldsമസ്കത്ത്: കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി ഒമാനിൽ ഇടക്കിടെ മഴ പെയ്യുന്നത് കച്ചവടത്തെ ബാധിക്കുന്നതായി വ്യാപാരികൾ. വാരാന്ത്യങ്ങളിൽ മഴ പെയ്യുന്നതാണ് വ്യാപാരികളെ ഏറെ വേവലാതിപ്പെടുത്തുന്നത്. സാധാരണ ഗതിയിൽ ജനങ്ങൾ പുറത്തിറങ്ങുന്നതും ഷോപ്പിങ് നടത്തുന്നതും വാരാന്ത്യ അവധി ദിവസങ്ങളിലാണ്. ഹൈപ്പർമാർക്കറ്റുകൾക്കൊപ്പം ചെറുകിട വ്യാപാര സ്ഥാപനങ്ങളിലും ഹോട്ടലുകളിലും കഫ്തീരിയകളിലുമൊക്കെ വാരാന്ത്യ അവധി ദിവസങ്ങളിൽ തിരക്ക് അനുഭവപ്പെടുകയും വ്യാപാരം നടക്കുകയും ചെയ്യാറുണ്ട്. ഈ ദിനങ്ങളിലെ വ്യാപാരം കൊണ്ട് മാത്രം പിടിച്ചുനിൽക്കുന്നവരും നിരവധിയാണ്.
മഴ പെയ്യാൻ തുടങ്ങിയാൽ പൊതുജനങ്ങൾ പുറത്തിറങ്ങില്ല. കുടുംബങ്ങളും മറ്റും വീട്ടിൽതന്നെ കഴിയും. ഇതുകാരണം വാരാന്ത്യ വ്യാപാരം നഷ്ടപ്പെടുന്ന സ്ഥിതിയാണുള്ളതെന്ന് വ്യാപാരികൾ പറയുന്നു.
ഇടക്കിടെ മഴ പെയ്യുന്നത് മത്ര അടക്കമുള്ള വ്യാപാര കേന്ദ്രങ്ങളെയും ഏറെ പ്രതികൂലമായി ബാധിക്കാറുണ്ട്. ഇത്തരം സൂഖുകളിലെ പല കടകളിലും മഴ പെയ്യുന്നതോടെ വെള്ളം കയറും. ഇത് പലപ്പോഴും നാശനഷ്ടങ്ങൾക്ക് കാരണമാവുകയും ചെയ്യും. ഇത്തരം സൂഖുകൾ പലതും മഴ പെയ്യുമ്പോൾ അടച്ചിടുകയാണ് പതിവ്.
ഒമാനിൽ മുൻകാലങ്ങളിൽ അപൂർവമായി മാത്രമാണ് മഴ പെയ്തിരുന്നത്. വർഷങ്ങളോളം മഴ പെയ്യാത്ത അവസ്ഥയും മുമ്പുണ്ടായിരുന്നു. അതിനാൽ ഒമാനിലെ പല കെട്ടിടങ്ങളും മഴയെ പരിഗണിക്കാതെയാണ് നിർമിച്ചിരിക്കുന്നത്. അതിനാൽ പല കെട്ടിടങ്ങൾക്കും മഴയെ ചെറുക്കാനുള്ള മുൻകരുതലുകളുമില്ല. മഴ പെയ്യുമ്പോൾ ജനലുകളും എ.സിയുടെ ദ്വാരങ്ങളും മറ്റുംവഴി വെള്ളം ഉള്ളിൽ കടക്കുന്നതും പതിവാണ്.
ഇന്ന് മുതൽ കനത്ത മഴക്ക് സാധ്യത
മസ്കത്ത്: ന്യൂനമർദത്തിന്റെ ഭാഗമായി ചൊവ്വാഴ്ച മുതൽ ശനിയാഴ്ചവരെ വിവിധ ഗവർണറേറ്റുകളിൽ കാറ്റുംഇടിയും കൂടിയ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മുസന്ദം, വടക്ക്-തെക്ക് ബാത്തിന, ബുറൈമി, ദാഹിറ, ദാഖിലിയ, മസ്കത്ത് ഗവർണറേറ്റുകളിലായിരിക്കും ഒറ്റപ്പെട്ട മഴ പെയ്യുക. തെക്ക്-വടക്ക് ശർഖിയ, അൽവുസ്ത, ദോഫാർ ഗവർണറേറ്റുകളിലേക്കും മേഘങ്ങൾ ക്രമേണ വ്യാപിക്കുമെന്നാണ് കരുതുന്നത്. ബുധൻ, വ്യാഴം ദിവസങ്ങളിലായിരിക്കും ന്യൂനമർദത്തിന്റെ ഏറ്റവും വലിയ ആഘാതമുണ്ടാകുകയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ പറയുന്നു. വിവിധ ഇടങ്ങളിൽ പത്തുമുതൽ 60 മി.മീറ്റർവരെ മഴ ലഭിച്ചേക്കും. വാദികൾ നിറഞ്ഞൊഴുകാനും സാധ്യതയുണ്ട്. മണിക്കൂറിൽ 28 മുതൽ 74 കി.മീ. വേഗത്തിലായിരിക്കും കാറ്റ്. ഒമാൻ കടലിന്റെ തീരപ്രദേശങ്ങളിൽ കടൽ പ്രക്ഷുബ്ധമായേക്കും. തിരമാലകൾ രണ്ട് മുതൽ മൂന്ന് മീറ്റർവരെ ഉയർന്നേക്കും. പര്‍വതശിഖരങ്ങളില്‍ മഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയോടൊപ്പം മിക്ക ഗവർണറേറ്റുകളിലും താപനിലയില്‍ പ്രകടമായ കുറവും വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.