ഗതാഗത നിയമലംഘനം: 'ഖിദ്മ'യിലൂടെ പിഴ അടക്കാം
text_fieldsമസ്കത്ത്: ഒമാൻ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഫിനാൻസ് കമ്പനിയുടെ (ഒ.ഐ.എഫ്.സി) 'ഖിദ്മ'യിലൂടെ ട്രാഫിക് നിയമലംഘന പിഴ അടക്കുന്നതിനും മുൽക്കിയയുടെ പ്രിന്റിങ് സേവനത്തിനും സൗകര്യമൊരുക്കി റോയൽ ഒമാൻ പൊലീസ്. ഇതിന്റെ ഭാഗമായി ഒ.ഐ.എഫ്.സിയുമയി ആർ.ഒ.പി കരാർ ഒപ്പിട്ടു. ആർ.ഒ.പി പൊലീസ് ആൻഡ് കസ്റ്റംസിലെ അസിസ്റ്റന്റ് ഇൻസ്പെക്ടർ ജനറൽ ഓഫ് അഡ്മിനിസ്ട്രേറ്റിവ് ആൻഡ് ഫിനാൻഷ്യൽ അഫയേഴ്സ് മേജർ ജനറൽ ഖലീഫ ബിൻ അലി അൽ സിയാബി ഒ.ഐ.എഫ്.സി സി.ഇ.ഒ സെയ്ദ് ബിൻ അഹമ്മദ് സഫ്രാർ എന്നിവരാണ് കരാറിൽ ഒപ്പുവെച്ചത്.
കരാർ പ്രകാരം ഒമാനിലുടനീളമുള്ള ഖിദ്മയുടെ 68 ശാഖകൾ, ബിൽ പേമെന്റ് മെഷീനുകൾ, ഖിദ്മ ആപ്, കമ്പനിയുടെ വെബ്സൈറ്റ് തുടങ്ങിയ ചാനലുകളിലൂടെ ഘട്ടം ഘട്ടമായി ഈ സൗകര്യങ്ങൾ ലഭ്യമാക്കും.
പൗരന്മാർക്കും താമസക്കാർക്കും കൂടുതൽ ഫലപ്രദമായി സേവനം നൽകുന്നതിനും പൊതു-സ്വകാര്യ മേഖല സ്ഥാപനങ്ങൾ തമ്മിലുള്ള പങ്കാളിത്തം വർധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ആർ.ഒ.പി കരാറിലെത്തിയിരിക്കുന്നത്.
ഖിദ്മയുടെ ഓേരാ ചാനലുകളിലൂടെയും ലഭിക്കുന്ന സേവനങ്ങളെ കുറിച്ച് വരുംദിവസങ്ങളിലേ അറിയാൻ കഴിയുകയുള്ളു. അതേസമയം, തുടക്കത്തിൽ എല്ലാ ശാഖകളിലും ട്രാഫിക് പിഴയടക്കാനുള്ള സൗകര്യം ലഭ്യമാക്കും.
തിരഞ്ഞെടുത്ത ഖിദ്മ ശാഖകളിലും ഷോപ്പിങ് മാളുകളിലെ കിയോസ്കുകളിലും സ്ഥാപിച്ച മെഷീനുകളിലൂടെ മുൽക്കിയ പ്രിന്റ് എടുക്കാനുള്ള സൗകര്യവും ഒരുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.