ഒമാൻ റോയൽ നേവിയുമായി പരിശീലനം; ഇന്ത്യൻ നാവികസേന കപ്പലുകൾ മസ്കത്തിൽ
text_fieldsമസ്കത്ത്: പരിശീലനത്തിനായി ഇന്ത്യൻ നാവികസേനയുടെ കപ്പലുകൾ മസ്കത്തിലെത്തി. ഇന്ത്യൻ നാവികസേനയുടെ ഫസ്റ്റ് ട്രെയ്നിങ് സ്ക്വാഡ്രന്റെ (1ടി.എസ്) ഭാഗമായ ടിർ, ഷാർദുൽ, ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഷിപ്പ് വീര എന്നീ കപ്പലുകളാണ് കഴിഞ്ഞദിവസം മസ്കത്തിലെത്തിയത്. ബുധനാഴ്ചവരെ ഒമാനിലെ റോയൽ നേവിയുമായി വിവിധ പരിശീലന പ്രവർത്തനങ്ങളിലേർപ്പെടും.
കടൽ സുരക്ഷയുടെയും പരസ്പര പ്രവർത്തനക്ഷമതയുടെയും വിവിധ വശങ്ങൾ, തുറമുഖ ഇടപെടലുകളും സംയുക്ത അഭ്യാസങ്ങൾ, ഇരു നാവികസേനകളും തമ്മിലുള്ള പരിശീലന കൈമാറ്റങ്ങൾ, പ്രഫഷനൽ ഇടപെടലുകൾ, സൗഹൃദ കായിക മത്സരങ്ങൾ എന്നിവയും പരിശീലനത്തിന്റെ ഭാഗമായുണ്ടാകും.
പരിശീലനം ഇന്ത്യയും ഒമാനും തമ്മിലുള്ള സമുദ്രമേഖലയിൽ നിലവിലുള്ള പ്രതിരോധ ബന്ധത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതാണണെന്ന് ഇന്ത്യൻ നാവികസേന വാർത്താകുറപ്പിൽ അറയിച്ചു.
കഴിഞ്ഞ പത്ത് വർഷത്തിനിടെ മസ്കത്തിലേക്ക് 1ടി.എസ് നടത്തുന്ന മൂന്നാമത്തെ സന്ദർശനമാണിത്. നാവിക സഹകരണത്തിലെ നേട്ടങ്ങൾ ഏകീകരിക്കുന്നതിലും ഇരു നാവികസേനകൾക്കിടയിലും നിലവിലുള്ള പങ്കാളിത്തം നിലനിർത്തുന്നതിലും സന്ദർശനം പ്രധാന പങ്കാണ് വഹിക്കുന്നത്.
പരിശീലനത്തിന്റെ ഭാഗമായി, ദക്ഷിണ നേവൽ കമാൻഡിലെ ഫ്ലാഗ് ഓഫിസർ കമാൻഡിങ് ഇൻ ചീഫ് വൈസ് അഡ്മിറൽ വി. ശ്രീനിവാസ് സുൽത്താനേറ്റിൽ ഔദ്യോഗിക സന്ദർശനം നടത്തി.
സുൽത്താൻ ആംഡ്ഫോഴ്സ് ചീഫ് ഓഫ് സ്റ്റാഫ് വൈസ് അഡ്മിറൽ അബ്ദുല്ല ബിൻ ഖമീസ് ബിൻ അബ്ദുല്ല അൽ റൈസി, ഒമാൻ റോയൽ നേവി കമാൻഡർ റിയർ അഡ്മിറൽ സെയ്ഫ് ബിൻ നാസർ ബിൻ മുഹ്സിൻ അൽ റഹ്ബി എന്നിവരുമായി ഉഭയകക്ഷി ചർച്ചകൾ നടത്തും. ഒമാനിലെ പ്രധാന പ്രതിരോധ, പരിശീലന കേന്ദ്രങ്ങളും അദ്ദേഹം സന്ദർശിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.