യാത്രക്കാരുടെ ‘ചൂടറിഞ്ഞ്’ ട്രാവൽ ഏജന്റുമാരും
text_fieldsസുഹാർ: എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ അപ്രതീക്ഷിത സമരം മൂലം യാത്ര മുടങ്ങിയവർ ടിക്കറ്റ് നൽകിയ ട്രാവൽ ഏജന്റുമാരുടെ സ്ഥാപനത്തിൽ ചെന്നും ടെലിഫോണിലൂടെയും ബഹളം വെച്ചു. അസുഖമുള്ളവർ, മരണാനന്തര ചടങ്ങിന് പോകുന്നവർ, വിസ മാറാൻ നാട്ടിലേക്ക് പോകുന്നവർ തുടങ്ങി വിവിധ ആവശ്യങ്ങൾക്കായി തിരിച്ചവരുടെ യാത്രയാണ് മുന്നറിയിപ്പില്ലാതെ മുടങ്ങിയത്. എയർ ഇന്ത്യ എക്സ്പ്രസ് യാത്ര മുടങ്ങുന്നത് ഇത് ആദ്യമല്ലെങ്കിലും എല്ലാ സർവിസുകളും മുടങ്ങിപ്പോകുന്നത് ആദ്യമാണെന്ന് സഹമിലെ അസ്ഫർ അൽസാദി ട്രാവൽസ് പ്രതിനിധി സിയാദ് പറഞ്ഞു.
യാത്ര മുടങ്ങുമെന്ന് മുൻകൂട്ടി അറിയിച്ചില്ല എന്ന കാരണമാണ് ട്രാവൽസ് ജീവനക്കാരോട് കയർക്കാൻ കാരണം. വെളുപ്പിന് മൂന്നര മണിയോടെയാണ് ട്രാവൽ പോർട്ടിൽ വിമാനം റദ്ദാക്കിയ വിവരം എത്തിയത്. ട്രാവൽസ് ജീവനക്കാർ ഇതറിഞ്ഞില്ല. ടിക്കറ്റ് എടുത്തവർക്ക് എസ്.എം.എസ് സന്ദേശം വന്നെങ്കിലും ഇത് അറിയാതെ എയർപോർട്ടിൽ എത്തിയവരാണ് ദുരിതത്തിലായത്.
അവരിൽ ചിലരാണ് എയർപോർട്ടിൽനിന്ന് തിരിച്ചുവരാനുള്ള ടാക്സി കൂലി ട്രാവൽസുകാരോട് ആവശ്യപ്പെട്ടതും ബഹളമുണ്ടാക്കിയതും. കൂടുതൽ കാശ് കൊടുത്തു മറ്റു വിമാന കമ്പനികളെ ആശ്രയിച്ചാണ് പലരും നാട് പിടിച്ചത്.
ടിക്കറ്റ് അടുത്ത ദിവസത്തേക്ക് മാറ്റി നൽകാൻ യാത്രക്കാർ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ, മാറ്റിനൽകാൻ ധൈര്യമില്ലെന്ന് സുഹാറിലെ നെക്ക്സസ് ട്രാവൽസ് ഉടമ അഷ്റഫ് പറഞ്ഞു. പ്രശ്നം ഉടനെ പരിഹരിച്ചില്ലെങ്കിൽ ട്രാവൽ ജീവനക്കാർക്ക് ഷോപ്പിൽ ഇരിക്കാൻ കഴിയാത്ത സ്ഥിതിയാകുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.