യാത്രവിലക്ക്: മരുന്നുകൾ തീരുന്നു; പ്രവാസികളിൽ ആശങ്ക
text_fieldsസുഹാർ: സ്ഥിരമായി കഴിക്കുന്ന മരുന്നുകൾ തീരുന്നത് പ്രവാസികളെ ആശങ്കയിലാക്കുന്നു. വിമാന യാത്രവിലക്കുള്ളതിനാൽ സ്റ്റോക്ക് തീർന്നാൽ പെട്ടെന്ന് എത്തിക്കാൻ കഴിയില്ലെന്നതാണ് ആശങ്കക്ക് കാരണം.
തുടർ ചികിത്സക്ക് നിർദേശം കിട്ടിയവരും സ്ഥിരമായി മരുന്ന് കഴിക്കുന്ന രക്ത സമ്മർദം, ബ്ലഡ് ഷുഗർ, ആസ്ത്മ, ഹൃദ്രോഗികൾ തുടങ്ങിയവരൊക്കെ നാട്ടിൽ നിന്നാണ് മരുന്ന് കൊണ്ടുവരുന്നത്. മൂന്നോ നാലോ മാസത്തേക്കുള്ള മരുന്ന് സ്വന്തമായി കൊണ്ടുവരുകയും അത് തീരുേമ്പാൾ നാട്ടിൽനിന്നുവരുന്ന ബന്ധുക്കളോ കൂട്ടുകാരോ മറ്റു പരിചയക്കാർ വഴിയോ എത്തിക്കുകയാണ് പതിവ്. വിമാന യാത്ര വിലക്ക് നിലവിൽ വന്നത് മുതൽ മരുന്ന് വരവ് നിലച്ചിരിക്കുകയാണ്. സ്ഥിരമായി ഉപയോഗിക്കുന്ന മരുന്ന് കഴിക്കാതെ വരുന്നത് രോഗവർധിക്കാൻ കാരണമാകുമെന്ന് ഭയപ്പെടുന്നുണ്ട്.
എല്ലാ മരുന്നുകളും ഒമാനിൽ കിട്ടുമെങ്കിലും വിലക്കൂടുതൽ സാധാരണ പ്രവാസിക്ക് താങ്ങാൻ കഴിയില്ല. ഒരു ഗുളികയിൽ തന്നെ രണ്ടോ മൂന്നോ മരുന്നുകൾ ചേർത്ത് വരുന്ന രീതി ഇന്ത്യയിൽ ഉണ്ടെങ്കിലും ഒമാനിൽ അത് അനുവദനീയമല്ല. ഒരു മരുന്നിന് ഒരു ഗുളിക എന്നനിലയിലാണ് ഇവടത്തെ രീതി. ബ്ലഡ് ഷുഗറിെൻറ മെറ്റോഫോർമിൻ, ഗ്ലിംപ്രയ്ഡ് എന്നീ രണ്ടുമരുന്നുകൾ അടങ്ങിയ ഗുളിക ഇന്ത്യൻ മരുന്ന് കമ്പനികൾ വിപണിയിൽ ഇറക്കുന്നുണ്ട്. ഇതേ മരുന്ന് ഇവിടെ വാങ്ങിക്കണമെങ്കിൽ രണ്ടും രണ്ടായി വാങ്ങിക്കണം. അതിനാൽ തന്നെ ചെലവ് വളരെകൂടും. ഇതുപോലെ ഹൃദയ ഓപറേഷൻ കഴിഞ്ഞ രോഗിക്ക് നൽകുന്ന ക്ലോപിലെറ്റ്, അസ്പിരിൻ എന്നിവ. ഇത് രണ്ടായി മാത്രമേ ഇവിടെ ലഭിക്കുകയുള്ളൂ.
പ്രവാസികളിലെ പല രോഗബാധിതർക്കും തുടർ ചിക്കത്സക്ക് നാട്ടിൽ പോകേണ്ടതായിട്ടുമുണ്ട്. ഇന്നത്തെ സാഹചര്യത്തിൽ പോകാൻ പറ്റുമെങ്കിലും തിരിച്ചുവരാൻ പറ്റാത്ത അവസ്ഥ ആലോചിച്ചു പിടിച്ചു നിൽക്കുകയാണ് പലരും.
ഹൃദ്രോഗികൾ, മൂത്രാശയ കാൻസർ, കീമോ, അൾസർ, പക്ഷാഘാതം മുതലായ ഗുരുതര രോഗമുള്ളവരും ഈ കൂട്ടത്തിൽ പെടും. നാട്ടിൽ നിന്നും മരുന്നെത്തിക്കുന്ന കൊറിയർ കമ്പനികൾ ഉണ്ടെങ്കിലും അതൊരു ഫലപ്രദമായ സംവിധാനമല്ല എന്ന് മരുന്ന് എത്തിക്കാൻ ശ്രമിച്ചവർ സാക്ഷ്യപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.