ഇന്ത്യയിൽനിന്നുള്ള യാത്രവിലക്ക്: പ്രവാസികളുടെ കാത്തിരിപ്പ് നീളും
text_fieldsമസ്കത്ത്: ഒമാനിലേക്കുള്ള യാത്രവിലക്ക് നീങ്ങുന്നതിനായുള്ള മലയാളികളടക്കം പ്രവാസികളുടെ കാത്തിരിപ്പ് നീളും. ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ് അടക്കം രാജ്യങ്ങളിൽനിന്നുള്ള യാത്രവിലക്ക് ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ സുപ്രീം കമ്മിറ്റി നീട്ടി.
സുഡാൻ, ബ്രസീൽ, നൈജീരിയ, താൻസനിയ, സിയാറലിയോൺ, ഇത്യേപ്യ, തായ്ലൻഡ്, മലേഷ്യ, വിയറ്റ്നാം എന്നിവയും വിലക്കുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നുണ്ട്. ഈജിപ്തിനെ ഒഴിവാക്കിയതിന് ഒപ്പം സിംഗപ്പൂർ, ഇന്തോനേഷ്യ, ഇറാഖ്, ഇറാൻ, തുനീഷ്യ, ലിബിയ, അർജൻറീന, ബ്രൂണെ ദാറുസ്സലാം എന്നിവയെ യാത്രാവിലക്കുള്ള രാജ്യങ്ങളുടെ പട്ടികയിൽ പുതുതായി ഉൾപ്പെടുത്തിയിട്ടുമുണ്ട്. ജൂലൈ ഒമ്പത് മുതലാണ് സിംഗപ്പൂർ അടക്കം എട്ട് പുതിയ രാജ്യങ്ങളിൽനിന്നുള്ള യാത്രവിലക്ക് പ്രാബല്യത്തിൽ വരുക.
മലയാളികളടക്കം ആയിരക്കണക്കിന് പ്രവാസികളാണ് യാത്രവിലക്ക് നീങ്ങുന്നതും കാത്തിരിക്കുന്നത്. കഴിഞ്ഞ ഏപ്രിൽ 24നാണ് ഇന്ത്യയടക്കം രാജ്യങ്ങളിൽനിന്നുള്ളവർക്ക് യാത്രവിലക്ക് നിലവിൽവന്നത്.
തുടക്കത്തിൽ വൈകാതെ യാത്രവിലക്ക് നീക്കുമെന്ന പ്രതീക്ഷയിലായിരുന്നെങ്കിലും ഒമാനിലെ ഉയരുന്ന കോവിഡ് വ്യാപനവും വർധിക്കുന്ന മരണസംഖ്യയുമെല്ലാം പ്രതീക്ഷകൾ തകിടംമറിക്കുകയായിരുന്നു. കോവിഡ് വകഭേദങ്ങളുടെ വ്യാപനം റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാൽ യാത്രവിലക്ക് ഇനിയും നീളുമെന്നുതന്നെയാണ് ആരോഗ്യമേഖലയിലുള്ളവർ വിലയിരുത്തുന്നത്. വ്യാഴാഴ്ച നടക്കുന്ന സുപ്രീം കമ്മിറ്റി വാർത്തസമ്മേളനത്തിൽ വിഷയത്തിൽ വ്യക്തത ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. യാത്രവിലക്കിന് ഒരുമാസം മുമ്പും മറ്റും നാട്ടിൽ വന്നവരാണ് വലിയ ആശങ്കയിൽ കഴിയുന്നത്. പലരുടെയും വിസ കാലാവധി കഴിയാറായിട്ടുണ്ട്. ജോലി നഷ്ടപ്പെടുമെന്നഭീതിയിൽ കഴിയുന്നവരുമുണ്ട്.
നാട്ടിലായതിനാൽ ബിസിനസ് സ്ഥാപനങ്ങളുടെ നടത്തിപ്പ് അവതാളത്തിലായവരുമുണ്ട്. കുടുംബത്തെ ഒമാനിലാക്കി ചെറിയ അവധിക്ക് നാട്ടിൽ പോയി കുടുങ്ങിയവരുമുണ്ട്. യാത്രവിലക്ക് അനിശ്ചിതമായി നീളുന്നതിനാൽ അർമേനിയ വഴിയും മറ്റും ഒമാനിലെത്താൻ ശ്രമിക്കുന്നവരുണ്ട്. കുറഞ്ഞ വരുമാനക്കാരായവർക്ക് ഇതിെൻറ ചെലവ് താങ്ങാനാകാത്തതാണ്.
ഇന്ത്യയിൽനിന്ന് മറ്റ് രാജ്യങ്ങളിലെത്തി 14 ദിവസം അവിടെ ക്വാറൻറീൻ ഇരുന്നശേഷം ഒമാനിലേക്ക് വരാൻ കഴിയും. ഈ 14 ദിവസ കാലയളവിനുള്ളിൽ ഒമാൻ ആ രാജ്യങ്ങളിൽനിന്നുള്ളവർക്ക് യാത്രവിലക്ക് ഏർപ്പെടുത്തുന്നപക്ഷം ഈ പണം നഷ്ടമാകുന്ന അവസ്ഥയുണ്ടാകും. രണ്ട് ഡോസ് വാക്സിൻ എടുത്തവർക്കെങ്കിലും യാത്രാനുമതി ലഭിക്കാൻ കേന്ദ്രസർക്കാർതലത്തിൽ ഇടപെടൽ വേണമെന്നാണ് പ്രവാസികളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.