വാദി ദർബാത്ത് വിളിക്കുന്നു; ഹരിതാഭയിലലിയാൻ
text_fieldsസലാല: ഖരീഫ് മഴയിൽ പച്ചപുതച്ച് വാദി ദർബാത്ത്. സലാല സന്ദർശിക്കുന്ന ഏതൊരു വ്യക്തിയും നിർബന്ധമായും കണ്ടിരിക്കേണ്ട പ്രകൃതി സുന്ദര താഴ്വരയാണ് വാദി ദർബാത്ത്. മൈലുകളോളം നീളത്തിൽ ഇരുവശവും മലകളാൽ അതിരിട്ട് നിൽക്കുന്ന വിശാലമായ സമതലവും കുന്നിൻചരിവുകളുമുള്ള പ്രദേശം. പച്ച കതിരണിഞ്ഞ മരങ്ങളാലും വിവിധതരം സസ്യലതാദികളാലും ഹരിതസുന്ദരമായ ഇേങ്ങാട്ട് ഖരീഫ് സഞ്ചാരികളുടെ ഒഴുക്കാണ്. വാദിയുടെ അങ്ങേതലക്കൽ നീണ്ടുനിവർന്നുകിടക്കുന്ന ജലസമൃദ്ധമായ അരുവി കേരളീയർക്ക് ഗൃഹാതുരത്വമുണർത്തുന്ന കാഴ്ചയാണ്.
അരുവിയിലൊന്ന് ചുറ്റിക്കറങ്ങണമെന്ന് ആഗ്രഹിക്കുന്നവർക്കായി ബോട്ട് സർവിസും കുട്ടികൾക്ക് കളിക്കുവാനായി ചെറു കളിബോട്ടുകൾ സജ്ജീകരിച്ചിട്ടുള്ള പ്രത്യേക ഇടവും ഇവിടെയുണ്ട്. ഖരീഫ് മഴ കനത്തതോടെയാണ് ഇവിടത്തെ മനോഹാരിത ഏറിയത്. ഒഴിവുദിനങ്ങളിൽ തിരക്കുകാരണം വാദിയുടെ അങ്ങേതലക്കൽ എത്തിമടങ്ങൽ ഏറെ ശ്രമകരമാണ്. വിശാലമായ പുൽതകിടിയിൽ കുടുംബസമേതമെത്തി ഇറച്ചി ചുട്ടും കഹ്വ കുടിച്ചും അവധിസമയങ്ങൾ ഉല്ലാസകരമാക്കുന്ന സ്വദേശികളും വിദേശികളുമായ സന്ദർശകരുടെ തിരക്കിലാണ് ഇവിടമിപ്പോൾ. ഖരീഫ് മഴ തിമിർത്തു പെയ്താൽ നയനമനോഹരമായ ചെറുതും വലുതുമായ അനേകം വെള്ളച്ചാട്ടങ്ങൾ ഇവിടെ രൂപം കൊള്ളാറുണ്ട്. പണ്ടുകാലത്ത് ആട്ടിടയൻമാരും മറ്റും ഉപയോഗിച്ചിരുന്ന ചെറുതും വലുതുമായ അനേകം ഗുഹകളും ഇവിടത്തെ കാഴ്ചയാണ്. താഖ-മിർബാത്ത് റോഡിൽനിന്നും ഇരുപത് കിലോമീറ്റർ മാറിയാണ് വാദിദർബാത്ത് സ്ഥിതിചെയ്യുന്നത്. ഇവിടേക്ക് യാത്ര തിരിക്കുന്നവർ ഖരീഫ് കാലത്ത് ശല്യക്കാരായി എത്തുന്ന ചെറുപ്രാണികളെ അകറ്റി നിർത്താനുള്ള ബോഡി ലോഷനുകൾ കരുതുന്നത് ഗുണംചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.