സഞ്ചാരികളേ, ഇതിലേ...ഇതിലേ...
text_fieldsമസ്കത്ത്: സഞ്ചാരികളെ ആകർഷിക്കുന്നതിനും തങ്ങളുടെ വിലായത്തിലെ വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുമായി പുതിയ റോഡ് നിർമിച്ച് ഒരുകൂട്ടം യുവാക്കൾ. തെക്കൻ ബാത്തിനയിലെ നഖ്ലിലെ ജബൽ അൽ ലുബാനിൽ റോഡ് നിർമിക്കുന്നതിനാണ് 150ഓളം യുവാക്കൾ കൈകോർത്തിരിക്കുന്നത്. 4.4 കിലോമീറ്ററുള്ള പർവത റോഡ് അൽ ഒഖൈബ പ്രദേശത്തെ ഐൻ അൽ തവാരയുമായി ബന്ധിപ്പിക്കുന്നതാണെന്ന് സംഘത്തോടൊപ്പം പ്രവർത്തിക്കുന്ന സുലൈമാൻ ഹമൂദ് അൽ നബി പറഞ്ഞു. ജനുവരിയിൽ തുടങ്ങിയ റോഡിന്റെ നിർമാണം ഇതുവരെ പൂർത്തിയായത് മൂന്ന് കിലോമീറ്ററാണ്. എല്ലാ വെള്ളിയാഴ്ചയും രാവിലെ ആറ് മുതൽ 10.30 വരെയാണ് റോഡ് നിർമാണത്തിനായി സംഘം ചെലവഴിക്കുന്നത്. ഒരു മാസത്തിനുള്ളിൽ പദ്ധതി പൂർതത്തിയാക്കാൻ കഴിയുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷയെന്ന് സുലൈമാൻ ഹമൂദ് അൽ നബി പറഞ്ഞു.
നഖ്ൽ കോട്ടക്കടുത്തുള്ള ഐൻ അൽ തവാര ഒമാനിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമാണെന്ന് ഹമൂദ് അൽ നബി പറഞ്ഞു. കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന ഈന്തപ്പനകൾക്കിടയിലൂടെയുള്ള വളഞ്ഞുപുളഞ്ഞ റോഡിലൂടെയാണ് ഈ പ്രദേശത്തേക്ക് എത്തേണ്ടത്. മനം കുളിർപ്പിക്കാനായി ചെറിയ കുളവും അവിടെയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കിങ് ട്രയൽ ഒരുക്കുക എന്ന ആശയത്തിൽനിന്നാണ് റോഡ് നിർമിക്കുന്നതിലേക്കെത്തിയത്. ആളുകളെ നടക്കാൻ പ്രേരിപ്പിക്കുക എന്ന ലക്ഷ്യവും റോഡ് നിർമാണത്തിലൂടെ ഉദ്ദേശിക്കുന്നുണ്ടെന്ന് യുവാക്കൾ പറഞ്ഞു. ശാരീരിക അധ്വാനം നിറഞ്ഞ ജോലിയായതിനാൽ വളരെ സാഹസപ്പെട്ടാണ് ഞങ്ങൾ പ്രവൃത്തിയിലേർപ്പെട്ടിരിക്കുന്നത്. വലിയ പാറകളും മറ്റും കൈകൾ കൊണ്ടും കൈതകളെയും ഉപയോഗിച്ചാണ് നീക്കം ചെയ്യുന്നതെന്ന് നബി പറഞ്ഞു. റോഡ് നിർമാണം പൂർത്തിയായാൽ രണ്ടാം ഘട്ടമായി സൗന്ദര്യവത്കരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.