ഉഷ്ണമേഖല ന്യൂനമർദം; നേരിട്ടുള്ള ആഘാതം നാളെ മുതൽ ആരംഭിച്ചേക്കും
text_fieldsമസ്കത്ത്: അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഉഷ്ണണമേഖല ന്യൂനമർദമായി മാറിയതായി അധികൃതർ അറിയിച്ചു. നിലവിൽ ഇത് ഒമാൻ തീരത്തുനിന്ന് ഏകദേശം 1100 കിലോമീറ്റർ അകലെയാണ്.
മണിക്കൂറിൽ 37മുതൽ 50കി.മീറ്റർ വേഗത്തിലാണ് കാറ്റ് വീശിക്കൊണ്ടിരിക്കുന്നത്. ഇതുമായി രൂപപ്പെട്ട മഴ മേഘങ്ങൾ ദോഫാർ ഗവർണറേറ്റിലെ സദാ വിലായത്തിൽനിന്ന് 900 കിലോമീറ്റർ അകലെയാണുള്ളതെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഉഷ്ണമേഖല ന്യൂനമർദം പടിഞ്ഞാറ്-വടക്കു പടിഞ്ഞാറായി ഒമാനിലെ ദോഫാർ ഗവർണറേറ്റിന്റെയും യമനിന്റെയും തീരങ്ങളിലേക്ക് നീങ്ങുന്നത് തുടരുകയാണ്. അടുത്ത 24 മണിക്കൂറിനുള്ളിൽ തീവ്ര ഉഷ്ണമേഖലാ ന്യൂനമർദമായി മാറുമെന്നും അടുത്ത 48 മണിക്കൂറിനുള്ളിൽ കാറ്റഗറി ഒന്നിൽപെടുന്ന കൊടുങ്കാറ്റായി വികസിക്കും. തിങ്കളാഴ്ച അർധരാത്രിക്കും ചൊവ്വാഴ്ച രാവിലെക്കും ഇടയിൽ ദോഫാർ ഗവർണറേറ്റിനും യമനിലെ അൽ-മഹ്റ ഗവർണറേറ്റിനും ഇടയിൽ ഇത് കടന്നുപോകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. ഇതിന്റെ നേരിട്ടുള്ള ആഘാതം ഞായറാഴ്ച ദോഫാർ, അൽ വുസ്ത ഗവർണറേറ്റുകളിൽ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിവിധ ഇടങ്ങളിലായി 50മുതൽ 200 മി.മീറ്റർവരെ മഴ ലഭിച്ചേക്കുമെന്ന് സിവിൽ ഏവിയേഷന്റെ മുന്നറിയിപ്പിൽ പറയുന്നു. വാദികൾ നിറഞ്ഞൊഴുകും. മണിക്കൂറിൽ 50 മുതൽ 75 കി.മീറ്റർ വേഗത്തിലായിരിക്കും കാറ്റിന്റെ വേഗം. കടൽ പ്രക്ഷുബ്ധമാകും.
തിരമാലകൾ നാല് മുതൽ ഏഴ് മീറ്റർവരെ ഉയർന്നേകും. തിങ്കളാഴ്ച 68 മുതൽ 125 കി.മീറ്റർ വേഗത്തിലായിരിക്കും കാറ്റിന്റെ വേഗം. 200 മുതൽ 600 മി.മീറ്റർവരെ മഴ ലഭിച്ചേക്കും. വാദികൾ കവിഞ്ഞൊഴുകും. അറബിക്കടലിന്റെ തീരങ്ങളിൽ തിരമാലകൾ നാല് മുതൽ ഏഴ് മീറ്റർവരെ ഉയർന്നേക്കുമെന്നും സി.എ.എ മുന്നറിയിപ്പിൽ പറയുന്നു. അഞ്ച് വര്ഷം മുമ്പ് 2018 ഒക്ടോബര് 13ന് അടിച്ച ലുബാന് ചുഴലിക്കാറ്റ് സലാലയുടെ പടിഞ്ഞാറ് ഭാഗത്തും യമനിലും നാശം വിതച്ചിരുന്നു.
ദോഫാറിലും അൽവുസ്തയിലും അടിയന്തര സേവനങ്ങൾ സജീവമാക്കി
മസ്കത്ത്: അറബിക്കടലിൽ രൂപപ്പെടുന്ന ഉഷ്ണമേഖല ന്യൂനമർദത്തിന്റെ ആഘാതങ്ങൾ നേരിടുന്നതിനായി ദോഫാർ, അൽവുസ്ത ഗവർണറേറ്റുകളിൽ നാഷനൽ കമ്മിറ്റി ഫോർ എമർജൻസി മാനേജ്മെന്റ് (എൻ.സി.ഇ.എം) അടിയന്തര സേവനങ്ങൾ സജീവമാക്കി.
ബന്ധപ്പെട്ട ഉപസമിതികളുമായും മേഖലകളുമായും ഏകോപിപ്പിച്ച് പ്രത്യാഘാതങ്ങൾ കുറക്കുന്നതിനുള്ള തയാറെടുപ്പാണ് നടത്തിയിരിക്കുന്നത്. എമർജൻസി മാനേജ്മെന്റ് സെന്റർ ഒരുക്കിയിട്ടുണ്ടെന്നും സർക്കാർ, സൈന്യം, സിവിൽ ഏജൻസികൾ എന്നിവിടങ്ങളിലെ എല്ലാ പങ്കാളികളുമായും ഏകോപിപ്പിച്ച് കാര്യങ്ങൾ ചെയ്യുമെന്നും ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.