തുർക്കിയ, സിറിയ ഭൂകമ്പം; കൈത്താങ്ങുമായി ഒമാൻ
text_fieldsമസ്കത്ത്: ഭൂകമ്പത്തിൽ നാശനഷ്ടമുണ്ടായ തുർക്കിയയിലെയും സിറിയയിലെയും പ്രദേശങ്ങളിലേക്ക് ദുരിതാശ്വാസവും വൈദ്യസഹായവും എത്തിക്കുന്നതിന് കൈത്താങ്ങുമായി ഒമാൻ.
തെക്കൻ തുർക്കിയയിൽ നടക്കുന്ന രക്ഷാപ്രവർത്തനങ്ങളിൽ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ നാഷനൽ സെർച്ച് ആൻഡ് റെസ്ക്യൂ ടീമിൽനിന്നുള്ള ഒരു സേന പങ്കെടുക്കുന്നുണ്ട്. രാജകീയ നിർദേശത്തെ തുടർന്നാണിത്. ഒമാൻ റോയൽ എയർഫോഴ്സ് വിമാനത്തിൽ കഴിഞ്ഞ ദിവസമാണ് സേന തുർക്കിയിലേക്കു പുറപ്പെട്ടത്.
തുർക്കിയയിൽ ഭൂകമ്പം നടന്ന ഉടൻതന്നെ, സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി ഐക്യരാഷ്ട്ര സഭയുടെ ഇന്റർനാഷനൽ സെർച്ച് ആൻഡ് റെസ്ക്യൂ അഡ്വൈസറി ഗ്രൂപ്പുമായി ആശയവിനിമയം നടത്തുകയും തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ സേന പൂർണ സജ്ജമാണെന്ന് അറിയിക്കുകയും ചെയ്തിരുന്നു. സഹായഹസ്തവുമായി ഒമാനടക്കം വിവിധ ലോകരാജ്യങ്ങളിൽനിന്നുള്ള കാൽലക്ഷത്തോളം ദൗത്യസേനാംഗങ്ങൾ ദുരന്തഭൂമിയിൽ കർമനിരതരായി തുടരുകയാണ്.
ദുരന്തമേഖലയുടെ വ്യാപ്തി പരിഗണിക്കുമ്പോൾ രക്ഷാപ്രവർത്തനം എല്ലായിടത്തുമെത്താത്ത അവസ്ഥയാണ്. സിറിയ, തുർക്കിയ, സൈപ്രസ് എന്നിവയുൾപ്പെടെ നിരവധി പ്രദേശങ്ങളെ ബാധിച്ച ഭൂകമ്പത്തിൽ ഒമാൻ ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തിട്ടുണ്ട്.
സിറിയൻ പ്രസിഡന്റ് ഡോ. ബശ്ശാർ അൽ അസദ്, തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ എന്നിവരുമായി ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് ഫോണിൽ സംസാരിക്കുകയും ചെയ്തിരുന്നു. ഒമാന്റെ ഐക്യദാർഢ്യം അറിയിച്ച സുൽത്താൻ, പ്രത്യാഘാതങ്ങൾ ലഘൂകരിക്കാനുള്ള എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്.
തുർക്കിയ, സിറിയ എന്നിവിടങ്ങളിലുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരിലും പരിക്കേറ്റവരിലും ഒമാനി പൗരന്മാർ ഉൾപ്പെട്ടിട്ടില്ലെന്ന് ഇരുരാജ്യങ്ങളിലെയും എംബസി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
തെക്കുകിഴക്കൻ തുർക്കി-സിറിയൻ അതിർത്തിയിൽ തിങ്കളാഴ്ച പുലർച്ചെ കരമൻമറാഷ് മേഖലയിലുണ്ടായ ശക്തമായ ഭൂകമ്പത്തിൽ ഇരുരാജ്യങ്ങളിലുമായി 5000ത്തിലേറെ പേരാണ് മരിച്ചത്. കൂടുതൽ നാശനഷ്ടമുണ്ടായത് തുർക്കിയയിലാണ്. റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്.
ദുരിതാശ്വാസ കാമ്പയിനുമായി തുർക്കിയ എംബസി
മസ്കത്ത്: തുർക്കിയയിലും സിറിയയിലുമുണ്ടായ ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കുന്നതിന് മസ്കത്തിലെ തുർക്കി എംബസി ദുരിതാശ്വാസ കാമ്പയിൻ തുടങ്ങി.
ഭൂകമ്പത്തിനുശേഷം അനുശോചന സന്ദേശങ്ങളും പിന്തുണയും അയച്ച എല്ലാവർക്കും നന്ദി പറയുകയാണെന്ന് അധികൃതർ അറിയിച്ചു. 9, 12 തീയതികളിൽ രാവിലെ 10 മുതൽ ഉച്ചക്ക് ഒരുമണിവരെ എംബസിയിൽ അനുശോചനം രേഖപ്പെടുത്താൻ പുസ്തകം വെക്കുന്നതായിരിക്കും. എംബസിക്കു കീഴിൽ ‘എയ്ഡ്-ഇൻ-കൈൻഡ്’ കാമ്പയിനും ആരംഭിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
സഹായസാമഗ്രികൾ പെട്ടിയിലാക്കി സാധനങ്ങളുടെ ലിസ്റ്റ് സഹിതം മസ്കത്തിലെ തുർക്കി എംബസിയിൽ എത്തിക്കാം. സമാഹരിച്ച സംഭാവനകൾ തുർക്കി എയർലൈൻസ് വഴി ഭൂകമ്പ മേഖലകളിലേക്ക് എത്തിക്കും. മുതിർന്നവർക്കും കുട്ടികൾക്കുമുള്ള ശൈത്യകാല വസ്ത്രങ്ങൾ, ഓവർകോട്ട്, റെയിൻകോട്ട്, ബൂട്ട്, ട്രൗസർ, സ്വെറ്ററുകൾ, സ്കാർഫുകൾ, കൈയുറകൾ, സോക്സ്, അടിവസ്ത്രങ്ങൾ, പയർവർഗങ്ങൾ, അരി, ബൾഗർ, മൈദ, പാചക എണ്ണ, ഉപ്പ്, ടിന്നിലടച്ച ഭക്ഷണങ്ങൾ, ബേബി ഫോർമുല ഭക്ഷണം, ഡയപ്പറുകൾ, ക്ലീനിങ്, ശുചിത്വ ഉൽപന്നങ്ങൾ, സ്ത്രീകളുടെ ശുചിത്വ ഉൽപന്നങ്ങൾ, ടെന്റുകൾ, കിടക്കകൾ, മെത്തകൾ (കൂടാരത്തിന്), ബ്ലാങ്കറ്റുകൾ, സ്ലീപ്പിങ് ബാഗുകൾ, കാറ്റലറ്റിക് ഗ്യാസ് സ്റ്റൗ, ഹീറ്റർ, ഗ്യാസ് സിലിണ്ടറുകൾ, തെർമോ ബോട്ടിലുകൾ തുടങ്ങിയവയാണ് ആവശ്യമുള്ള വസ്തുക്കൾ.
ഒ.സി.ഒ സംഭാവനകൾ ക്ഷണിച്ചു
ഉടനടി 2,00,000 റിയാൽ ശേഖരിക്കാനാണ് ലക്ഷ്യം
മസ്കത്ത്: തുർക്കിയയിലും സിറിയയിലുമുണ്ടായ ഭൂകമ്പത്തിൽ നാശനഷ്ടം സംഭവിച്ചവർക്ക് ആശ്വാസം നൽകുന്നതിനായി ഒമാൻ ചാരിറ്റബിൾ ഓർഗനൈസേഷൻ (ഒ.സി.ഒ) സംഭാവനകൾ ക്ഷണിച്ചു.
താൽപര്യമുള്ള ആളുകൾ പേയ്മെന്റ് മെഷീനുകൾ, എസ്.എം.എസ്, ഇലക്ട്രോണിക് പോർട്ടൽ, ബാങ്ക് ട്രാൻസ്ഫർ എന്നിവ വഴി സംഭാവന ചെയ്യാവുന്നതാണെന്ന് ഒ.സി.ഒ അറിയിച്ചു.
എസ്.എം.എസ് വഴി ഓരോ റിയാൽ വീതം സംഭാവന ചെയ്യാൻ ആഗ്രഹിക്കുന്നവർ donate എന്ന് ടൈപ് ചെയ്ത് ഒമാൻടെൽ ഉപയോക്താക്കൾ 90022ലേക്കും ഉരീദു ഉപയോക്താക്കൾ 90909 എന്ന നമ്പറിലേക്കുമാണ് മെസേജ് അയക്കേണ്ടത്.
ഒനീക്ക് (ഒമാൻ നാഷനൽ എൻജിനീയറിങ് ആൻഡ് ഇൻവെസ്റ്റ്മെന്റ് കമ്പനി) ഓട്ടോമാറ്റിക് പേയ്മെന്റ് മെഷീനുകൾ, ചാരിറ്റബിൾ അസോസിയേഷനുകൾക്കും ഓർഗനൈസേഷനുകൾക്കുമുള്ള പോർട്ടലായ www.donate.om എന്നിവയിലൂടെയും സംഭാവന അയക്കാം.
ബാങ്ക് മസ്കത്ത്, നാഷനൽ ബാങ്ക് ഓഫ് ഒമാൻ, ബാങ്ക് ദോഫാർ എന്നിവയുടെ അക്കൗണ്ട് ഉടമകൾക്ക് ഓർഗനൈസേഷൻ നിർദേശിക്കുന്ന അക്കൗണ്ട് നമ്പറുകളിലേക്ക് പണം ട്രാൻസ്ഫർ ചെയ്യാവുന്നതാണെന്നും അധികൃതർ വ്യക്തമാക്കി.
ബാങ്ക് അക്കൗണ്ടുകൾ: ബാങ്ക് മസ്കത്ത് (സിറിയ): 0423010706280016, എൻ.ബി.ഒ (സിറിയ): 1049337798006, ബാങ്ക് മസ്കത്ത് (തുർക്കിയ): 0423010700010017, ബാങ്ക് ദോഫാർ (തുർക്കിയ): 01040060909. ഉടനടി 2,00,000 റിയാൽ ശേഖരിക്കുക എന്നതാണ് അധികൃതർ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.