ത്വാഖ ഖരീഫ് ഫെസ്റ്റിവൽ ആരംഭിച്ചു
text_fieldsമസ്കത്ത്: ദോഫാർ ഗവർണറുടെ ഓഫിസും ദോഫാർ മുനിസിപ്പാലിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന ത്വാഖ ഖരീഫ് ഫെസ്റ്റിവലിന് തുടക്കമായി. സെപ്റ്റംബർ രണ്ടിന് സമാപിക്കുന്ന പത്ത് ദിവസം നീണ്ടുനിൽക്കുന്ന പരിപാടിയിൽ ത്വാഖയുടെ പാരമ്പര്യങ്ങളും ആചാരങ്ങളും പ്രദർശിപ്പിക്കുന്ന ആഘോഷങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഉപകരണങ്ങളുടെയും കരകൗശല ഉൽപന്നങ്ങളുടെയും പ്രദർശനം ഉൾപ്പെടെ വിവിധ പരിപാടികളാണ് ഫെസ്റ്റിവലിനോട് അനുബന്ധിച്ചുള്ളത്. നാടോടി കലകളുടെയും നൃത്തങ്ങളുടെയും അവതരണം, കുട്ടികളുടെ ഗെയിമുകൾ, ബീച്ച് ഗെയിമുകൾ, വിനോദ മത്സരങ്ങൾ, പരിസ്ഥിതി, സമുദ്ര പ്രവർത്തനങ്ങൾ എന്നിവയും വിനോദസഞ്ചാരികളെ ലക്ഷ്യംവെച്ച് ഒരുക്കിയിട്ടുണ്ട്. ഖരീഫ് സീസണിൽ മത്സ്യബന്ധനത്തിന് എത്തുന്നവരുടെ ജനപ്രിയ സ്ഥലമാണ് ത്വാഖ.
ദോഫാർ ഗവർണറേറ്റിൽ ഖരീഫ് സീസണിൽ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഫെസ്റ്റിവൽ നടത്തുന്നത്. വാദി ദർബാത്ത് പ്രദേശത്തുനിന്ന് വളരെ അകലെയല്ലാത്തതിനാൽ ഒമാനിൽനിന്നും വിദേശത്തുനിന്നും എത്തുന്ന ധാരാളം സന്ദർശകരെ മേള ആകർഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രാദേശിക സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഫെസ്റ്റിവൽ സഹായിക്കുമെന്ന് ഗവർണറുടെ ഓഫിസ് വക്താവ് പ്രസ്താവനയിൽ പറഞ്ഞു. ഫെസ്റ്റിവലിന് എത്തുന്നവർക്ക് രാജ്യത്തെ പ്രധാന പൈതൃക അടയാളമായ ത്വാഖ കോട്ട, യുനസ്കോയുടെ ലോക പൈതൃക സൈറ്റായ സംഹാരം പുരാവസ്തു കേന്ദ്രവും സന്ദർശിക്കാം. ത്വാഖ കോട്ടക്ക് സമീപം ഒരു സ്വകാര്യ മ്യൂസിയവുമുണ്ട്. ദിവസവും വൈകീട്ട് നാലു മുതൽ രാത്രി 11 വരെയാണ് പരിപാടികൾ നടത്തപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.