ചതുര്‍രാഷ്ട്ര ട്വന്‍റി 20: ഒമാന് വീണ്ടും തോൽവി
text_fieldsമസ്കത്ത്: അമിറാത്ത് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന ചതുര്‍രാഷ്ട്ര 'ട്വന്‍റി 20' ഡെസേര്‍ട്ട് കപ്പ് ടൂർണമെന്‍റിൽ ഒമാന് വീണ്ടും തോൽവി. കാനഡ ഒരു റൺസിനാണ് ആതിഥേയരെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത കാനഡ, ഓപണര്‍ ആരോണ്‍ ജോണ്‍സന്‍റെ സെഞ്ച്വറി മികവിൽ (69 പന്തില്‍ 109 റണ്‍സ്) രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സാണെടുത്തത്. ശ്രീമന്ത വിജരത്‌നയുടെ അര്‍ധ സെഞ്ച്വറിയും 13 പന്തില്‍ 23 റണ്‍സ് നേടിയ രവീന്ദ്രപാല്‍ സിങ്ങിന്‍റെ പ്രകടനവും കാനഡക്ക് മികച്ച സ്കോർ നേടുന്നതിന് സഹായകമായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒമാന് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 190 റൺസെടുക്കാനേ സാധിച്ചുള്ളൂ. അവസാന പന്തില്‍ മൂന്ന് റണ്‍സ് വേണ്ടിയിരുന്നുവെങ്കിലും വിജയ റൺ നേടാൻ ഒമാന് കഴിഞ്ഞില്ല. കാനഡക്കുവേണ്ടി അമ്മാര്‍ ഖാലിദ്, പര്‍ഗത്ത് സിങ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.
ഒമാൻ ക്യാപ്റ്റന്‍ സീഷാന്‍ മഖ്‌സൂദ്, ബിലാല്‍ ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും എടുത്തു. ടൂര്‍ണമെന്റിലെ ഒമാന്‍റെ രണ്ടാം തോല്‍വിയാണിത്. ബഹ്റൈനോട് ആറ് വിക്കറ്റിനായിരുന്നു ആദ്യ തോൽവി. ആദ്യപാദ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ കാനഡ മൂന്ന് വിജയത്തോടെ ആറ് പോയന്റുമായി ഒന്നാം സ്ഥാനത്താണ്. നാല് പോയന്റുള്ള ബഹ്‌റൈന്‍ രണ്ടാം സ്ഥാനത്തും രണ്ട് പോയിന്റ് നേടിയ ഒമാന്‍ മൂന്നാമതുമാണ്. കൂടുതൽ പോയന്‍റ് നേടുന്ന രണ്ട് ടീമുകൾ കലാശക്കളിയിൽ ഏറ്റുമുട്ടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.