ട്വന്റി 20 പ്രീമിയർ കപ്പ്: ഒമാനും യു.എ.ഇക്കും വിജയത്തുടക്കം
text_fieldsമസ്കത്ത്: പ്രീമിയർ കപ്പ് ട്വന്റി 20 ക്രിക്കറ്റ് ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ഒമാന് വിജയം. അമീറാത്തിലെ ഒമാൻ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ട് ടർഫ് ഒന്നിൽ നടന്ന മത്സരത്തിൽ ബഹ്റൈനെ മൂന്ന് റൺസിനാണ് ആതിഥേയർ തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഒമാൻ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 177 റൺസാണെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബഹ്റൈൻ എട്ട് വിക്കറ്റിന് 174 റൺസെടുക്കാനെ കഴിഞ്ഞുള്ളു.
അവസാന ഓവറിൽ ബഹ്റൈന് പത്ത് റൺസായിരുന്നു ആവശ്യമുണ്ടായിരുന്നത്. എന്നാൽ, ബിലാൽ ഖാൻ വെറും ഏഴ് റൺസ് മാത്രം വിട്ടുകൊടുത്ത് വിജയം സുൽത്താനേറ്റിന്റെ വരുതിയിലാക്കുകയായിരുന്നു. 53ബാളിൽ 62 റൺസെടുത്ത ആക്വിബ് ഇല്യാസ്, 25 ബാളിൽ 45 റൺസുമായി പുറത്താകാതെ നിന്ന സീഷാൻ മഖ്സുദ്, 30 പന്തിൽ 38 റൺസ് നേടിയ കശ്യപ് പ്രജാപതി എന്നിവരുടെ മികവിലാണ് ഒമാൻ മികച്ച സ്കോർ പടുത്തുയർത്തിയത്. ബഹ്റൈൻ നിരയിൽ ഓപണർമാർ പെട്ടെന്ന് മടങ്ങിയെങ്കിലും പിന്നീട് വന്ന ഇമ്രാൻ അലി ബട്ട് (50) മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഒടുവിൽ ആക്വിബ് ഇല്യാസ് ബട്ടിനെ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു.
ഹൈദർ ബട്ട് (47), അഹ്മർ ബിൻ നാസിർ (38) എന്നിവർ മാത്രമാണ് ബഹ്റൈൻ ബാറ്റിങ് നിരയിൽ തിളങ്ങിയത്. ഒമാനുവേണ്ടി ബിലാൽ ഖാൻ, ശക്കീൽ അഹമ്മദ്, ഫയാസ് ബട്ട്, ആക്വിബ് ഇല്യാസ് എന്നിവർ രണ്ടുവീതം വിക്കറ്റുകൾ നേടി. മറ്റ് മത്സരങ്ങളിൽ കുവൈത്തിനെ യു.എ.ഇ ഏഴ് വിക്കറ്റിനും ഹോങ്കോങ് 26 റൺസിന് ഖത്തറിനെയും നേപ്പാൾ അഞ്ച് വിക്കറ്റിന് മലേഷ്യയേയും പരാജയപ്പെടുത്തി.
ശനിയാഴ്ച രാവിലെ പത്ത് മണിക്ക് നടക്കുന്ന മത്സരങ്ങളിൽ കുവൈത്ത് കംബോഡിയയേയും ബഹ്റൈൻ യു.എ.ഇയെയും നേരിടും. ഉച്ചക്ക് രണ്ട് മണിക്കുള്ള മത്സരത്തിൽ നേപ്പാൾ ഖത്തറുമായും മലേഷ്യ സൗദി അറേബ്യയുമായും ഏറ്റുമുട്ടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.