ട്വൻറി 20 ലോകകപ്പ്: കുഞ്ഞന്മാർ ഇന്ന് കളത്തിൽ; ജയിച്ചുകയറാൻ ഒമാൻ
text_fieldsവി.കെ. ഷെഫീർ
മസ്കത്ത്: ഫുട്ബാളിന് മാത്രം വളക്കൂറുള്ള മണ്ണെന്ന് വിശേഷിപ്പിക്കുന്ന രാജ്യത്ത് ഇന്ന് ക്രിക്കറ്റിെൻറ മാമാങ്കം. മസ്കത്ത് അൽ അമേറാത്ത് ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ഉച്ചക്ക് രണ്ടിന് ആതിഥേയരായ ഒമാൻ പപ്വ ന്യൂഗിനിയുമായി ഏറ്റുമുട്ടും. വൈകീട്ട് ആറിന് ബംഗ്ലാദേശ് സ്കോട്ട്ലൻഡുമായും കൊമ്പുകോർക്കും. ഗ്രൂപ്പിൽ താരതമ്യേന ദുർബലരായ പപ്വവന്യൂഗിനിയക്കെതിരെ ജയിച്ച് കയറാനാകുമെന്നാണ് ടീമിെൻറ കണക്കുകൂട്ടൽ. സ്വന്തം കാണികൾക്ക് മുന്നിൽ കളിക്കുന്നു എന്ന ആനുകൂല്യം കൂടിയുണ്ട് ഒമാന്. മാത്രവുമല്ല, ഇന്ന് ജയിച്ചാൽ മുന്നോട്ടുള്ള പോക്ക് കൂടുതൽ സുഖകരമാകും. ബംഗ്ലാദേശും സ്കോർട്ട്ലൻഡുമായാണ് അടുത്ത മത്സരങ്ങൾ.
ബാറ്റിങ്ങിൽ ജിതേന്ദർ സിങ് തന്നെയായിരിക്കും ഒമാെൻറ പ്രധാന ആശ്രയം. പൂർണ പിന്തുണയുമായി ഒാൾ റൗണ്ടർമാരായ ആഖിബ് ഇല്യാസ്, ക്യാപ്റ്റൻ സീഷാൻ മസ്ഖൂദും ഉണ്ട്. ബിലാൽ ഖാൻ, ഖവാർ അലി, സൂരജ് കുമാർ, ഖലീമുള്ള, അയാൻ ഖാനും തുടങ്ങിയവർ തങ്ങളുടേതായ ദിവസങ്ങളിൽ ഫോമിലാകുന്നവർ ആണ്.
ടീമിൽ ആർക്കും പരിക്ക് ഇല്ല എന്നുള്ളത് ഏറെ ആശ്വാസമാണ്. സന്നാഹ മത്സരങ്ങളിൽ ടീം സമ്മിശ്ര പ്രകടനമാണ് കാഴ്ചവെച്ചത്. 4500 പേർക്ക് ഇരിക്കാവുന്ന ഗാലറി, വി.ഐ.പി ഗാലറി, വി.വി.ഐ.പി ഗാലറി, പരിശീലന ഗ്രൗണ്ടുകൾ, ക്യൂറേറ്റർമാർ, ബ്രോഡ് കാസ്റ്റിങ് മീഡിയ, നിരീക്ഷകർ തുടങ്ങി ലോകമാമാങ്കത്തെ വരവേൽക്കാനുള്ള എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയായതായി അധികൃതർ അറിയിച്ചു. കോവിഡ് വാക്സിെൻറ രണ്ടു ഡോസ് എടുത്തവർക്ക് ഗ്രൗണ്ടിൽ പ്രവേശനം അനുവദിക്കും. ഉദ്ഘാടന ചടങ്ങിൽ സാംസ്കാരിക, കായിക, യുവജന മന്ത്രി സയ്യിദ് തയാസിൻ ബിൻ ഹൈതം അൽ സെയ്ദ് മുഖ്യ രക്ഷാധികാരിയാകും.
ഗ്രൂപ്പിലെ പ്രാഥമിക റൗണ്ട് മത്സരങ്ങളിൽ ആറെണ്ണം ആണ് ഒമാനിൽ നടക്കുക. ഉച്ചക്ക് രണ്ടു മണിക്ക് സാമാന്യം നല്ല ചൂട് ഉണ്ടായിരിക്കും.
എന്നാൽ, ഒമാനിലെ കാലാവസ്ഥയുമായി പപ്വന്യൂഗിനിയ, സ്കോട്ലൻഡ് ടീമുകൾ പൂർണമായും ഇണങ്ങിക്കഴിഞ്ഞു. കുറച്ച് ആഴ്ചകളായി ഈ ടീമുകൾ ഒമാനിൽ ലോകകപ്പ് യോഗ്യത ലീഗ് മാച്ചുകളിൽ പങ്കെടുത്തുകൊണ്ടിരിക്കുകയാണ്. ജയത്തിൽ കുറഞ്ഞതൊന്നും ടീം ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ഒാൾ റൗണ്ടർ ആഖിബ് ഇല്യാസ് പറഞ്ഞു.
തുടർച്ചയായ രണ്ടാം തവണയാണ് ഒമാൻ ട്വൻറി 20 ലോകകപ്പിന് യോഗ്യതനേടുന്നത്. 2016ൽ ഇന്ത്യയിൽ നടന്ന ലോകകപ്പിൽ പ്രാഥമിക റൗണ്ടിൽ പുറത്തായെങ്കിലും ശക്തരായ അയർലൻഡിനെ തോൽപിച്ച് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരുന്നു. ഒമാെൻറ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയവും അതാണ്. അയർലൻഡിെൻറ മുന്നോട്ടുവെച്ച 155 എന്ന വിജയലക്ഷ്യം രണ്ട് പന്തുകൾ ബാക്കിനിൽക്കെ എത്തിപ്പിടിക്കുകയായിരുന്നു. അന്നത്തെ മത്സരത്തിൽ 17 ബോളിൽ 32 റൺസെടുത്ത ആമിർ അലിയുടെ പ്രകടനം ഒമാൻ ക്രിക്കറ്റ് പ്രേമികൾ ഇന്നും ആവേശത്തോടെ ഓർക്കുന്നു. 2019ൽ ഇതുപോലെ തന്നെ നിർണായകമായ മറ്റൊരു മത്സരത്തിൽ ഹോങ്കോങ്ങിനെ 12 റൺസിന് തോൽപിച്ചാണ് ഒമാൻ ഈ ലോകകപ്പിന് യോഗ്യത നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.