ഹൂതി ആക്രമണത്തിൽ രണ്ട് ബഹ്‌റൈൻ സൈനികർക്ക് വീരമൃത്യു; അപലപിച്ച് രാഷ്ട്രങ്ങൾ
text_fieldsമനാമ: യെമൻ-സൗദി അതിർത്തിയിൽ അറബ് സഖ്യസേനയുടെ ഭാഗമായി പ്രവർത്തിക്കുന്നതിനിടെ ഡ്രോൺ ആക്രമണത്തിൽ രണ്ട് ബഹ്‌റൈൻ സൈനികർ കൊല്ലപ്പെട്ട സംഭവത്തിൽ വ്യാപക പ്രതിഷേധം. വിവിധ ലോക രാജ്യങ്ങൾ സംഭവത്തെ അപലപിക്കുകയും ബഹ്റൈന് ഐക്യദാർഡ്യം അറിയിക്കുകയും ചെയ്തു. തിങ്കളാഴ്ച പുലർച്ചെ നടന്ന ആക്രമണത്തിൽ ഒരു ഉദ്യോഗസ്ഥനും ഒരു സൈനികനുമാണ് കൊല്ലപ്പെട്ടത്.
നിരവധി സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. ആളില്ലാ യുദ്ധ വിമാനങ്ങൾ (യു.സി.എ.വി) ഉപയോഗിച്ചാണ് ഹൂതി സേന ആക്രമണം നടത്തിയതെന്ന് ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സ് (ബി.ഡി.എഫ്) അറിയിച്ചു. ജീവൻ ബലിയർപ്പിച്ച ധീരരായ സൈനികർക്ക് ആദരം അർപ്പിക്കുന്നതായും രക്തസാക്ഷികളുടെ കുടുംബങ്ങൾക്ക് ആത്മാർഥമായ അനുശോചനം അറിയിക്കുകയും ചെയ്യുന്നതായി ബി.ഡി.എഫ് പ്രസ്താവനയിൽ പറഞ്ഞു.
ഓപ്പറേഷൻ ഡിസിസീവ് സ്റ്റോമിലും ഓപ്പറേഷൻ റിസ്റ്റോറിങ് ഹോപ്പിലും പങ്കെടുത്ത അറബ് സഖ്യസേനയുടെ ഭാഗമായിരുന്ന സൈനികരാണ് കൊല്ലപ്പെട്ടത്. അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങളും പരിക്കേറ്റവരെയും എത്തിക്കാനായി മെഡിക്കൽ സംഘത്തെയടക്കം പ്രത്യേക വിമാനം ബഹ്‌റൈൻ അയച്ചു. വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങളോട് അഗാധമായ അനുശോചനം അറിയിക്കുന്നതായും അവരുടെ ക്ഷേമത്തിനായി ഉറച്ചുനിൽക്കുന്നതായും ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സിന്റെ ജനറൽ കമാൻഡ് പറഞ്ഞു.
ദാരുണമായ സംഭവത്തിൽ ശൂറ കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സായുധ സേനയുടെ പരമോന്നത കമാൻഡർ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവരെ അനുശോചനം അറിയിച്ചു. സൗദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യമായ ‘അൽ ഹസീമിൽ’ ചുമതല നിർവഹിക്കുന്നതിനിടെയാണ് ബഹ്‌റൈൻ സൈനികർ കൊല്ലപ്പെട്ടത്. ബഹ്റൈൻ സേനയെ ലക്ഷ്യമിട്ട് നടത്തിയ ഭീകരാക്രമണത്തെ മൊറോക്കോ ശക്തമായി അപലപിച്ചു.
സൗദി അറേബ്യയുടെ തെക്കൻ അതിർത്തിയിൽ നിലയുറപ്പിച്ച ബഹ്‌റൈൻ സേനയ്‌ക്കെതിരായ ഹീനമായ ആക്രമണത്തെ കുവൈറ്റ് അപലപിച്ചു. ബഹ്റൈൻ ടാസ്‌ക്ഫോഴ്സിനെ ലക്ഷ്യമിട്ടുള്ള ഭീകരാക്രമണത്തെ ജോർദാൻ വിദേശകാര്യ, പ്രവാസി മന്ത്രാലയം അപലപിച്ചു. ഹൂതികൾ നടത്തിയ ഭീകര ഡ്രോൺ ആക്രമണത്തെ യെമൻ റിപ്പബ്ലിക് അപലപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.