ഒമാനിലേക്ക് വരുന്നവർക്ക് രണ്ട് ഡോസ് വാക്സിൻ നിർബന്ധം
text_fieldsമസ്കത്ത്: വിദേശത്ത് നിന്ന് ഒമാനിലേക്ക് വരുന്ന 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് രണ്ട് ഡോസ് വാക്സിൻ നിർബന്ധമാക്കി. സെപ്റ്റംബർ ഒന്ന് മുതലാണ് തീരുമാനം പ്രാബല്ല്യത്തിൽ വരുക. കര, കടൽ, വ്യോമ അതിർത്തി വഴി ഒമാനിലേക്ക് വരുന്നവർക്കെല്ലാം ഇത് ബാധകമായിരിക്കും. വ്യാഴാഴ്ച നടന്ന കോവിഡ് സുപ്രീം കമ്മിറ്റി യോഗമാണ് ഈ തീരുമാനമെടുത്തത്.
ഒമാൻ അംഗീകരിച്ച വാക്സിൻ സ്വീകരിച്ചതിെൻറ സർട്ടിഫിക്കറ്റ് സെപ്റ്റംബർ ആദ്യം മുതൽ യാത്രക്കാരുടെ കൈവശം ഉണ്ടായിരിക്കണമെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു. വാക്സിനേഷന് പുറമെ പി.സി.ആർ പരിശോധന നിബന്ധനയും ഉണ്ടായിരിക്കും. പി.സി.ആർ പരിശോധനയിൽ പോസിറ്റീവ് ആകുന്ന പക്ഷം മാത്രം ഏഴ് ദിവസത്തെ ക്വാറൻറീൻ മതിയാകും. ഇവർ എട്ടാമത്തെ ദിവസം വീണ്ടും പി.സി.ആർ പരിശോധനക്ക് വിധേയമാകണം. രാത്രികാല ലോക്ഡൗൺ ശനിയാഴ്ച മുതൽ അവസാനിപ്പിക്കാനും ഷോപ്പിങ് മാളുകളിലും മറ്റും പ്രവേശിക്കാൻ വാക്സിനേഷൻ നിർബന്ധമാക്കാനും സുപ്രീം കമ്മിറ്റി തീരുമാനമെടുത്തിട്ടുണ്ട്.
ഓക്സ്ഫഡ് ആസ്ട്രാസെനക്ക, ഫൈസർ, സ്പുട്നിക്ക്, സിനോവാക്ക് വാക്സിനുകൾക്കാണ് ഒമാനിൽ അംഗീകാരമുള്ളത്. ഇതിൽ ആസ്ട്രാസെനക്കക്ക് തുല്ല്യമായ കോവിഷീൽഡും സ്പുട്നിക്കും മാത്രമാണ് ഇന്ത്യയിൽ ഉപയോഗിക്കുന്ന വാക്സിനുകൾ.
അതേസമയം ഇന്ത്യയും പാക്കിസ്ഥാനുമടക്കം രാഷ്ട്രങ്ങളിൽ നിന്നുള്ള യാത്രാവിലക്ക് സംബന്ധിച്ച് സുപ്രീം കമ്മിറ്റി യാതൊരു പ്രതികരണവും നടത്തിയിട്ടില്ല. യാത്രാവിലക്ക് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ തുടരുമെന്നാണ് സുപ്രീം കമ്മിറ്റി ജൂണിൽ അറിയിച്ചിരുന്നത്. അർമേനിയ, ഖത്തർ, ഉസ്ബെക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾ വഴിയാണ് മലയാളികൾ ഇപ്പോൾ ഒമാനിലേക്ക് മടങ്ങിയെത്തുന്നത്. ഒമാനിലെ രോഗബാധിതരുടെ എണ്ണത്തിലും മരണനിരക്കിലും വലിയ കുറവുണ്ടായിട്ടുള്ളതിനാൽ വൈകാതെ യാത്രാവിലക്ക് നീക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.